ചാവക്കാട്: ഏതാനും ദിവസങ്ങളായി വള്ളക്കാർ കടലിൽനിന്ന് കോരിയെടുക്കുന്നത് ടൺ കണക്കിന് ചെറുമത്തി. എട്ട് സെന്റിമീറ്റർപോലും വലുപ്പില്ലാത്ത ചെറുമത്തി പിടിക്കാൻ ചെറുതും വലുതുമായ നൂറുകണക്കിന് വള്ളങ്ങളാണ് നിയമം ലംഘിച്ച് ദിവസവും കടലിൽ ഇറങ്ങുന്നത്.
ഈ വള്ളങ്ങൾ ഒരാഴ്ചയായി പിടിക്കുന്നത് ദിവസവും 500 കിലോ മുതൽ 5,000 കിലോ വരെ ചെറുമത്തിയാണ്. ജില്ലയിലെ വള്ളക്കാർക്കു പുറമേ, മലപ്പുറം, എറണാകുളം ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിൽനിന്നുള്ള വള്ളക്കാരും മത്സരിച്ച് മീൻപിടിത്തം നടത്തുന്നുണ്ട്.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം 10 സെന്റിമീറ്ററിൽത്താഴെ നീളമുള്ള മത്തി പിടിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. പൂർണ വളർച്ചയെത്തിയ മത്തിക്ക് വിപണിയിൽ കിലോക്ക് 200 രൂപയ്ക്ക് മുകളിൽ വില ലഭിക്കുമെന്നിരിക്കെയാണ് കിലോക്ക് വെറും പത്തോ ഇരുപതോ രൂപ നിരക്കിൽ ചെറുമത്തി വള്ളക്കാരിൽനിന്ന് കച്ചവടക്കാർ എടുക്കുന്നത്. ചെറുകിട കച്ചവടക്കാർക്കു പുറമേ, വളത്തിനും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കുമായി പൊടിക്കാൻ കമ്പനിക്കാരും ചെറുമത്തി എടുക്കുന്നുണ്ട്.
ഫിഷറീസ്, തീരദേശ പൊലീസ് മറൈൻ എൻഫോഴ്സ്‌മെന്റ് എന്നിവരുടെ സംയുക്തസംഘം അനധികൃത മീൻപിടിത്തക്കാരെ പിടികൂടാൻ കടലിൽ പട്രോളിങ് നടത്തുന്നുണ്ടെങ്കിലും പിടിക്കപ്പെടുന്നതിന്റെയും പിഴയീടാക്കുന്നതിന്റെയും എണ്ണം കുറവാണ്. അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥസംഘം ജില്ലയുടെ വടക്കൻ മേഖലയായ ചാവക്കാട് മേഖലയിലേക്ക് എത്തുംമുൻപേ അനധികൃതമായി മീൻപിടിക്കുന്നവർക്ക് വിവരം ചോർത്തിക്കിട്ടുകയും രക്ഷപ്പെടുകയുമാണ്. കഴിഞ്ഞയാഴ്ച എറിയാട്ടുനിന്ന് ഒരു വള്ളത്തിൽനിന്ന് മാത്രം 2,000 കിലോ ചെറുമത്തി പിടികൂടിയിരുന്നു.
വിൽപ്പനക്കാരുടെ പേരിലും നടപടിയെടുക്കാനാകണം- ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ചെറുമീൻ പിടിക്കുന്ന വള്ളങ്ങളുടെ പേരിൽ നടപടിയെടുക്കാൻ കഴിയുന്നപോലെ വിൽപ്പനക്കാരുടെ പേരിലും നടപടിയെടുക്കാൻ കഴിയുന്ന തരത്തിൽ നിയമം മാറിയാലേ ഇതു പൂർണതോതിൽ തടയാൻ കഴിയൂവെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ മജീദ് പോത്തന്നൂരാൻ പറഞ്ഞു. ചെറുമീൻ വാങ്ങാൻ ആവശ്യക്കാരുള്ളതുകൊണ്ടാണ് വള്ളക്കാർ പൊടിമീനുകളെപ്പോലും പിടിക്കുന്നത്. എത്രയൊക്കെ ബോധവത്കരണം നടത്തിയിട്ടും ഇക്കാര്യത്തിൽ ഫലമില്ല. പട്രോളിങ് ഊർജിതമാക്കി നടപടി ശക്തമാക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.