ആലിപ്പറമ്പ്: തൂതപ്പുഴയുടെ ഒഴുക്കില്‍പ്പെട്ട പതിനേഴുകാരിയുടെ ജീവന് രക്ഷിച്ച് തൂത അമ്പലക്കുന്നിലെ ഇരുപത്തിരണ്ടുകാരി ശ്രേയ.30-ന് വൈകീട്ട് നാലോടെയാണ് സംഭവം.
മാതാവിന്റെയും ബന്ധുക്കളുടെയുംകൂടെ തൂതപ്പുഴയിലെ അമ്പലക്കുന്ന് കടവില്‍ കുളിക്കുന്നതിനിടെയാണ് നാജിയ ഒഴുക്കില്‍പ്പെട്ടത്. നാജിയ ഒഴുക്കില്പ്പെട്ടതറിഞ്ഞതോടെ ഒപ്പമുണ്ടായിരുന്നവര്‍ ബഹളംവെക്കുകയായിരുന്നു. പുഴക്കടവിനു സമീപത്തുള്ള ബന്ധുവീട്ടിലേക്ക് വന്ന ശ്രേയ പുഴയിലെ നിലവിളി കേട്ട് കടവിലേക്ക് ഓടിച്ചെല്ലുകയായിരുന്നു.കുട്ടി വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ പുഴയിലേക്ക് ചാടി. ഒഴുക്കില്‍പ്പെട്ട നാജിയ ശ്രേയയെ കെട്ടിപ്പിടിക്കുകയായിരുന്നു. പുഴയുടെ അടിത്തട്ടില്‍ ചവിട്ടി മുകളിലേക്ക് കുതിക്കാന്‍ ശ്രമിച്ചെങ്കിലും അടിത്തട്ടിലെ ചതുപ്പ് കാരണം ശ്രമം ഉപേക്ഷിച്ച് വെള്ളത്തിന്റെ അടിയിലൂടെ നാജിയയെ വഹിച്ച് നീന്തി.
നീന്തുന്നതിനിടെ കല്ലില്‍ ചവിട്ട് കിട്ടിയതോടെ നാജിയയെ ചേര്‍ത്തുപിടിച്ച് കല്ലില്‍ നില്ക്കാന് സാധിച്ചു. പിന്നീട് കരയിലുണ്ടായിരുന്ന നാജിയയുടെ മാതാവ് ഷാള്‍ എറിഞ്ഞുകൊടുത്ത് നാജിയയെ കരയിലേക്കു കയറ്റി. 'ആ ഉമ്മയുടെ അവസ്ഥ ആലോചിച്ചപ്പോള്‍ വേറൊന്നും ആലോചിച്ചില്ല. കൃഷ്ണാന്നും വിളിച്ച് പുഴയിലേക്ക് എടുത്തുചാടി ആ കുട്ടിയെ വാരിപ്പിടിച്ചു'- സംഭവത്തെക്കുറിച്ച് ശ്രേയ പറഞ്ഞു.ജീവന് രക്ഷിക്കാനായതില്‍ വളരെ സന്തോഷമുണ്ട്. കുന്നംകുളം കോലോത്തുപറമ്പില്‍ അബു താഹിറിന്റെയും ഹസീനയുടെയും മകളാണ് നാജിയ. ഹസീനയുടെ സഹോദരന് തൂത തെക്കേപ്പുറത്തെ കോരാമ്പിക്കാട് കണ്ടപ്പാടി അബ്ദുറഹ്മാന്റെ വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു നാജിയ. തൂത അമ്പലക്കുന്നിലെ കൃഷ്ണനുണ്ണിയുടെയും ശ്രീലതയുടെയും മകളാണ് ശ്രേയ. ജെബി ഫാര്‍മയുടെ മെഡിക്കല്‍ റെപ്രസന്റേറ്റീവാണ്.
ശ്രീകാന്ത്, ശ്രീഷ്മ എന്നിവര്‍ സഹോദരങ്ങളാണ്. നജീബ് കാന്തപുരം എംഎല്‍എ, തൂത യൂത്ത് വിങ് ക്ലബ്, തെക്കേപ്പുറം പ്രദേശവാസികള്‍, സിപിഎം, ഡിവൈഎഫ്ഐ കമ്മിറ്റികള്‍ എന്നിവര്‍ ശ്രേയയെ അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.