കോഴിക്കോട്; പേരാമ്പ്ര സംഭവത്തിൽ റൂറൽ എസ്പി കെ.ഇ. ബൈജുവിനെതിരെ രൂക്ഷപ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
സംഘർഷത്തിൽ പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു രാഹുൽ.‘‘ഐപിഎസ് കൺഫർ ചെയ്തു കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല. സർക്കാർ എത്ര ശ്രമിച്ചാലും ശബരിമല തട്ടിപ്പിൽ സത്യം പുറത്തു വരുംവരെ പ്രക്ഷോഭം നടത്തും. സിപിഎമ്മിനു വേണ്ടി ബൈജു പണിയെടുക്കേണ്ട.ബൈജു റൂറൽ എസ്പിയുടെ പണി ചെയ്താൽ മതി. റൂറൽ എസ്പി ബൈജു ക്രിമിനലാണ്. സിപിഎമ്മിനു വേണ്ടിയാണ് ഷാഫിയെ മർദിച്ചത്.കൊല്ലാനും മടിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. ശബരിമലയിൽ പൊന്നുകട്ട വിഷയം മറയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്ന ആസൂത്രിത നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഷാഫി പറമ്പിലിനെ പോലെ ഒരു എംപിയെ പോലും ഇത്തരത്തിൽ തെരുവിൽ ക്രൂരമായി കൈകാര്യം ചെയ്യുന്നത്.ഡിസിസി അധ്യക്ഷനും മുൻ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനും മർദനമേറ്റു. അതിനുശേഷം ഷാഫിയെ പൊലീസ് മർദിച്ചിട്ടില്ലെന്ന് ഇവിടുത്തെ റൂറൽ എസ്പി ബൈജു പറയുകയാണ്. കോഴിക്കോട് നഗരത്തിൽ തന്നെ ജോയൽ എന്ന ചെറുപ്പക്കാരനെ കഴുത്തു ഞരിച്ച് ശ്വാസം മുട്ടിച്ചത് അടക്കം പശ്ചാത്തലമുള്ള നൊട്ടോറിയസ് ആയ ഒരു ക്രിമിനൽ ആണ് ബൈജു. ഷാഫി പറമ്പിലിനെ തിരഞ്ഞു പിടിച്ച് പൊലീസ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടല്ലോ. അപ്പോൾ ബൈജു കള്ളം പറഞ്ഞത് ആർക്കു വേണ്ടിയിട്ടാണ്.
ബൈജു റൂറൽ എസ്പിയുടെ പണി ചെയ്താൽ മതി. അതല്ല ബൈജു സിപിഎം ജില്ലാ സെക്രട്ടറിയെ പോലെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റുകൾ നടത്താനാണു തീരുമാനിക്കുന്നതെങ്കിൽ സിപിഎം നേതാക്കന്മാരെ കൈകാര്യം ചെയ്ത പോലെ രാഷ്ട്രീയമായി കൈകാര്യം ചെയ്യാൻ ഞങ്ങൾക്കറിയാം. നിങ്ങൾ കേരളത്തിലെ മുഴുവൻ ജനപ്രതിനിധികളെയും കോൺഗ്രസ് നേതാക്കന്മാരെയും യുഡിഎഫ് നേതാക്കന്മാരെയും ചോരയിൽ മുക്കി കുളിപ്പിച്ചാലും ഞങ്ങൾ ഒറ്റ ചോദ്യം തന്നെ ആവർത്തിക്കും. അയ്യപ്പന്റെ പൊന്നിൽ പൊതിഞ്ഞ പാളികൾ എവിടെയാണ്, അത് ആർക്കാണ് ഇവർ വിറ്റത്, എത്ര കോടിക്കാണു വിറ്റത്, അയ്യപ്പന്റെ പൊന്നു കട്ടവന്മാരെ വെറുതെ വിടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.
പൊലീസ് അതിക്രമങ്ങളെ സിപിഎം ന്യായീകരിക്കുമ്പോൾ സഹതാപം മാത്രമാണ്. ജീവിച്ച കാലഘട്ടം മുഴുവൻ സഖാവ് പുഷ്പനു വേണ്ടി വാതോരാതെ സംസാരിച്ചവർ ഇപ്പോൾ പരിക്കു പറ്റുന്നതും ചോര വരുന്നതിനെ ഒക്കെ പരിഹസിക്കുമ്പോൾ പൊതുസമൂഹം തിരിച്ചു ചോദിച്ചാൽ ഇവർ എന്തു മറുപടി പറയും. പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കുന്നത് അയ്യപ്പന്റെ പൊന്നു കട്ടത് മറയ്ക്കാൻ വേണ്ടിയിട്ടാണെങ്കിൽ ഷാഫി പറമ്പിൽ പറഞ്ഞത് തന്നെയാണ് ഞങ്ങൾക്ക് പറയാനുള്ളത്. അയ്യന്റെ പൊന്നു കട്ടത് ചോദ്യം ചെയ്തുകൊണ്ടേയിരിക്കും’’ – രാഹുൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.