ഗുവാഹാട്ടി: ഗായകന് സുബീന്‍ ഗാര്‍ഗിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മയും ഇവന്റ് മാനേജര്‍ ശ്യാംകനു മഹന്തയും അറസ്റ്റിലായി. ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ ഇരുവരേയും ഗുവാഹാട്ടിയിലേക്ക് കൊണ്ടുവരുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശ്യാംകനു മെഹന്ത സിംഗപ്പൂരില്‍ ഒളിവിലായിരുന്നുവെന്നും ഒക്ടോബര്‍ ആറിന് മുമ്പ് ഗുവാഹാട്ടിയിലെ സിഐഡി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇരുവര്‍ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍വെച്ചാണ് ശ്യാംകനു മെഹന്തയെ അറസ്റ്റ് ചെയ്തത്. ഗുഡ്ഗാവിലെ ഒരു അപാര്ട്മെന്റില് വെച്ചാണ് സിദ്ധാര്‍ഥ് ശര്‍മ അറസ്റ്റിലായത്.
സുബീന്റെ ഡ്രമ്മര്‍ ശേഖര്‍ ജ്യോതി ഗോസ്വാമിയെ ഗുവാഹാട്ടി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിംഗപ്പൂരില്‍ സുബീന്‍ കയറിയെ യാത്രാബോട്ടില്‍ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് ജ്യോതി. സുബീന്റെ സഹോദരനും പോലീസ് ഓഫീസറുമായ സന്ദ്യപൊന്‍ ഗാര്‍ഗ്, നടി നിഷിത ഗോസ്വാമി, അമൃതപ്രഭ, ലോക്കല്‍ ടിവി ചാനല്‍ ഉടമസ്ഥന് സഞ്ജീവ് നരെയ്ന് എന്നിവരെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.
സുബീന്‍ മരിക്കുന്ന സമയത്ത് ഇവരെല്ലാവരും സിംഗപ്പൂരിലുണ്ടായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ ഒരു ടീം ഡല്‍ഹിയിലുണ്ടെന്നും മറ്റൊരു ടീം സിംഗപ്പൂരിലേക്ക് പോകുമെന്നും ജനങ്ങള്‍ പോലീസില്‍ വിശ്വസിക്കണമെന്നു അസം ഡിജിപി ഹര്‍മീത് സിങ്ങ് വ്യക്തമാക്കി. അറസ്റ്റിലായ ഇവന്റ് മാനേജര്‍ ശ്യാംകനു മുന്‍ ഡിജിപി ഭാസ്കര്‍ ജ്യോതി മഹന്തയുടെ ഇളയ സഹോദരനാണ്.
നിലവില്‍ അസമിലെ മുഖ്യ വിവരാവകാശ കമ്മിഷണറാണ് ഭാസ്കര്‍. ഗുവാഹാട്ടി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായ നാനി ഗോപാല്‍ മഹന്തയാണ് മറ്റൊരു സഹോദരന്. മുമ്പ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വിദ്യാഭ്യാസ ഉപദേഷ്ടാവായിരുന്നു നാനി. ശ്യാംകനുവിനെതിരെ അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കല്‍, സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യല്‍ എന്നീ കേസുകളും നിലവിലുണ്ട്.
സെപ്റ്റംബര്‍ 19-ന് സിംഗപ്പൂരില്വെച്ചുണ്ടായ ഒരു സ്കൂബ ഡൈവിങ് അപകടത്തിലാണ് സുബീന്‍ മരിച്ചത് എന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, ലാസറസ് ദ്വീപില്‍ നീന്തുന്നതിനിടെ ഗായകന് അപസ്മാരം സംഭവിച്ചുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗരിമ സൈകിയ ഗാര്‍ഗ് വെളിപ്പെടുത്തുകയും സ്കൂബ ഡൈവിങ്ങുമായി ബന്ധപ്പെട്ട വാദങ്ങള്‍ തള്ളിക്കളയുകയും ചെയ്തിരുന്നു.
ഡ്രമ്മര്‍ ശേഖര്‍ ജ്യോതി ഗോസ്വാമി, മാനേജര്‍ സിദ്ധാര്‍ത്ഥ ശര്‍മ്മ എന്നിവരുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആദ്യമായി നീന്തുമ്പോള്‍ സുബീന്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു. തീരത്തേക്ക് മടങ്ങിയെത്തിയ ശേഷം, സുബീന്‍ രണ്ടാമതും നീന്താന്‍ പോയി. അതിനിടെ അദ്ദേഹത്തിന് അപസ്മാരം സംഭവിക്കുകയും പിന്നീട് ഉച്ചയ്ക്ക് 2.30 ന് സിംഗപ്പൂര്‍ ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് മരണം സ്ഥിരീകരിക്കുകയും ചെയ്തു. മേഘാലയയില്‍ ജനിച്ച സുബീന്‍, 1990-കളുടെ തുടക്കത്തിലാണ് അസമിന്റെ സംഗീതലോകത്തേക്ക് കടന്നുവന്നത്. ഇമ്രാന് ഹാഷ്മി അഭിനയിച്ച ഗ്യാങ്സ്റ്റര്‍ (2006) എന്ന സിനിമയിലെ സുബീന്‍ പാടിയ 'യാ അലി' എന്ന ഗാനം യുവാക്കള്‍ക്കിടയില്‍ വന്‍ ഹിറ്റായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.