ഭോപാൽ (മധ്യപ്രദേശ്): പൊതുഇടങ്ങളിലെ മാലിന്യ സംസ്കരണത്തിൽ കടുത്ത നിലപാട് സ്വീകരിച്ച് ഛത്തർപൂർ മുനിസിപ്പൽ കൗൺസിൽ ചീഫ് മുനിസിപ്പൽ ഓഫീസർ (സിഎംഒ) ശൈലേന്ദ്ര സിംഗ്. ബിജെപി നേതാവിന്റെ വീടിന് പുറത്ത് തള്ളിയ മാലിന്യം ശേഖരിച്ച് വീട്ടുമുറ്റത്ത് നിക്ഷേപിക്കാൻ സിഎംഒ ശുചീകരണ തൊഴിലാളികൾക്ക് നിർദ്ദേശം നൽകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ബിജെപി നേതാവ് മഹേഷ് റായിയുടെ വസതിക്ക് പുറത്ത് മാലിന്യം ചിതറിക്കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് സിഎംഒയുടെ അപ്രതീക്ഷിത നടപടി. ഛത്തർപൂരിലെ ഹർപാൽപൂരിലെ റോഡരികിൽ റായിയുടെ കുടുംബം ഒഴിഞ്ഞ മധുരപലഹാരപ്പെട്ടികൾ, ഡിറ്റർജന്റ് പാക്കറ്റുകൾ, കടലാസുകൾ എന്നിവ അടങ്ങിയ മാലിന്യം തള്ളിയതായിട്ടാണ് പരാതി ലഭിച്ചത്.
പരിശോധനയ്‌ക്കെത്തിയ സിഎംഒ ശൈലേന്ദ്ര സിംഗ് മാലിന്യം ശ്രദ്ധയിൽപ്പെടുകയും, അത് റോഡിൽ നിന്ന് പെറുക്കി മഹേഷ് റായിയുടെ വീടിന്റെ മുറ്റത്ത് നിക്ഷേപിക്കാൻ ശുചീകരണ ജീവനക്കാരോട് നിർദേശിക്കുകയും ചെയ്തു.
"ഡാലോ, ഇൻകാ കച്ചരാ ഘർ കെ ആന്ദർ ഡാലോ. പൂരാ കച്ചരാ ആന്ദർ ഡാലോ (ഇവന്റെ വീട്ടിലെ മാലിന്യങ്ങളെല്ലാം എടുത്ത് അകത്തേക്ക് ഇടൂ. എല്ലാ മാലിന്യങ്ങളും അകത്തിടൂ)," എന്ന് സിഎംഒ ജീവനക്കാർക്ക് നിർദ്ദേശം നൽകുന്നത് വൈറലായ വീഡിയോയിൽ വ്യക്തമായി കേൾക്കാം.
ഇതിന് മറുപടിയായി, "നിങ്ങൾ മാലിന്യ സംസ്കരണത്തിന് ശരിയായ ക്രമീകരണങ്ങൾ ചെയ്യുന്നതിൽ പരാജയപ്പെട്ടു, അതിനാൽ മുന്നോട്ട് പോയി അത് ഞങ്ങളുടെ വീട്ടിൽ നിക്ഷേപിക്കുക," എന്ന് ബിജെപി നേതാവ് പറയുന്നതും വീഡിയോയിലുണ്ട്.
നെറ്റിസൺസിന്റെ പ്രശംസ; നേതാവിന്റെ പരാതി
സിഎംഒ ശൈലേന്ദ്ര സിംഗിന്റെ ധീരമായ ഈ നടപടിക്ക് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രശംസയാണ് ലഭിക്കുന്നത്. ശുചിത്വം ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ അദ്ദേഹത്തെ പിന്തുണച്ചു.
"ഒരു രാഷ്ട്രീയക്കാരനായതുകൊണ്ട് അദ്ദേഹത്തിന് മാലിന്യം റോഡിൽ നിക്ഷേപിക്കാൻ കഴിയില്ല," എന്നും "സിഎംഒയ്ക്ക് ആദരവ്" എന്നും നെറ്റിസൺസ് കമന്റ് ചെയ്തു.
അതേസമയം, തന്റെ വീട്ടുമുറ്റത്ത് മാലിന്യം നിക്ഷേപിക്കാൻ നിർദ്ദേശിച്ച സിഎംഒയ്ക്കെതിരെ ബിജെപി നേതാവ് മഹേഷ് റായ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തെളിവായി ഹാജരാക്കിയ അദ്ദേഹം, സിഎംഒ ശൈലേന്ദ്ര സിംഗിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.