അനങ്ങനടി: ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ കാണാതായ സംഭവം സർക്കാർ വിജിലൻസ് അന്വേഷണം നടത്തി കണ്ടുപിടിക്കുമെന്ന് സി.പി.ഐ.എം. കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ പ്രസ്താവിച്ചു. ഈ വിഷയം പുറത്തുകൊണ്ടുവന്നവർ തന്നെയാണ് ഇതിന് പിന്നിലെന്നും അവർ ആരോപിച്ചു. സി.പി.ഐ.എം. അനങ്ങനടി ലോക്കൽ കമ്മിറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ. ശൈലജ.
സ്വർണക്കവചത്തിന്റെ 'കാണാ'ക്കാഴ്ചകൾ; പുറത്തുവന്നത് നിർണായക ദൃശ്യങ്ങൾ
ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൂശിയ കവചമാണ് 2019-ൽ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് ഉണ്ടായിരുന്നത് എന്നതിന് തെളിവായി ദൃശ്യങ്ങൾ പുറത്തുവന്നു. 2019 ഏപ്രിൽ മാസത്തിലെ ദൃശ്യങ്ങളാണ് റിപ്പോർട്ടറിന് ലഭിച്ചത്.
2019 ജൂലായ് മാസത്തിലാണ് ശിൽപ്പങ്ങൾ സ്വർണം പൂശുന്നതിനായി കൊണ്ടുപോയത്. എന്നാൽ, ഇതിന് മൂന്ന് മാസം മുൻപുള്ള ഏപ്രിൽ മാസത്തിലെ ദൃശ്യങ്ങളിൽ കവചം സ്വർണ്ണത്തിൽ തന്നെയായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
ശ്രീകോവിലിന്റെ വാതിലുകൾ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിലെ ആളുകൾ വാതിൽ തിരികെ ഘടിപ്പിക്കുന്ന സമയത്തെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സ്വർണം പൂശാനായി ദേവസ്വം ബോർഡ് തനിക്ക് നൽകിയത് ചെമ്പുപാളികളാണ് എന്ന് സ്വർണം പൂശൽ കരാർ ഏറ്റെടുത്ത ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ ആരോപിച്ചിരുന്നു. എങ്കിൽ, ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള ഈ മൂന്ന് മാസത്തെ സമയത്തിനുള്ളിൽ എന്തോ അട്ടിമറി നടന്നിട്ടുണ്ട് എന്ന സൂചനയാണ് പുറത്തുവന്ന ദൃശ്യങ്ങൾ നൽകുന്നത്.
സ്വർണത്തിൽ തുടങ്ങിയ വിവാദം
1998-ൽ വ്യവസായി വിജയ് മല്യയാണ് ശബരിമല ശ്രീകോവിലിലും ദ്വാരപാലക ശിൽപ്പങ്ങളിലും പീഠങ്ങളിലുമെല്ലാം സ്വർണം പൊതിഞ്ഞ് നൽകിയത്. 2019-ൽ ഇതിന് മങ്ങലേറ്റതോടെ സ്വർണം വീണ്ടും പൂശി നൽകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിയെ സമീപിക്കുകയായിരുന്നു.
2019 ജൂലൈ മാസത്തിൽ തിരുവാഭരണ കമ്മീഷണർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, തന്ത്രി എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണം പൊതിഞ്ഞ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചു. എന്നാൽ, ഇത് പിന്നീട് തൂക്കിനോക്കിയപ്പോൾ നാല് കിലോയുടെ കുറവ് അനുഭവപ്പെട്ടു. തുടർന്ന് തിരുവാഭരണ കമ്മീഷന്റെ സാന്നിധ്യത്തിൽ സ്വർണം പൂശുകയും തിരികെ സന്നിധാനത്ത് എത്തിക്കുകയും ചെയ്തു.
ഇതിന് ശേഷവും സ്വർണപ്പാളികൾക്ക് മങ്ങലേറ്റപ്പോൾ വീണ്ടും അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയി. ഇത് തന്റെ അറിവോടെയായിരുന്നില്ല എന്ന് കാണിച്ച് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പീഠ വിവാദം ഉയർന്നത്. 2019-ൽ സ്വർണം പൂശി നൽകിയപ്പോൾ ദ്വാരപാലക ശിൽപ്പങ്ങൾക്ക് സ്വർണം പൂശിയ രണ്ട് താങ്ങുപീഠങ്ങൾ കൂടി അധികമായി നൽകിയെന്നും ഇത് ദേവസ്വത്തിന്റെ കൈവശമുണ്ടെന്നുമായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം.
ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഉയർന്ന ഈ ആരോപണം വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. ഒടുവിൽ, ഈ പീഠങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഈ സംഭവങ്ങൾക്കൊടുവിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ പലതരം ആരോപണങ്ങളാണ് ഉയർന്നുവരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.