ന്യൂഡൽഹി • അഫ്ഗാൻ എംബസിയുടെ നിയന്ത്രണം താലിബാന്റെ കൈകളിലേക്കു കൈമാറണമെന്ന ആവശ്യവുമായി താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി മുന്നോട്ടുവന്നു. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുക്കുന്നതിനു മുൻപുള്ള ഭരണകൂട ഉദ്യോഗസ്ഥരാണ് ഇപ്പോഴും ഇന്ത്യയിലെ അഫ്ഗാൻ എംബസിയിൽ പ്രവർത്തിക്കുന്നത്. നിലവിൽ ഇന്ത്യ അംഗീകരിച്ചിരിക്കുന്നത് താലിബാന്റെ മുൻഗാമിയായ പഴയ ഭരണകൂടത്തെയാണ്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മുത്തഖി ഈ ആവശ്യം ഉന്നയിച്ചത്. അഫ്ഗാൻ എംബസിയുടെ മുന്നിൽ ഇപ്പോഴും “Islamic Republic of Afghanistan” എന്ന പേരാണ് നിലനിൽക്കുന്നത്, എന്നാൽ താലിബാൻ അധികാരത്തിലെത്തിയ ശേഷം അത് “Emirate of Afghanistan” എന്ന് മാറ്റിയിരുന്നു. പഴയ ഭരണകൂടത്തിന്റെ പതാകയും ഇപ്പോഴും എംബസിയിൽ നിലനിൽക്കുന്നു.
താലിബാൻ അധികാരത്തിലെത്തിയതിനെ തുടർന്ന് എംബസിയിലെ പല ഉദ്യോഗസ്ഥരും വിദേശത്തേക്ക് അഭയം തേടിയിരുന്നു. ഇന്നലെ മുത്തഖി എംബസിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഈ ഉദ്യോഗസ്ഥർ പങ്കെടുക്കാതിരുന്നതായി റിപ്പോർട്ടുണ്ട്. ഇന്ത്യ ഇതുവരെ എംബസിയുടെ നിയന്ത്രണം താലിബാനു കൈമാറിയിട്ടില്ല. എങ്കിലും, ഇരുരാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെട്ടതിനെ തുടർന്ന് ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനം എടുക്കുമെന്നാണ് സൂചന.
അതേസമയം, അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ മിഷനെ ഔദ്യോഗിക എംബസിയായി ഉയർത്താൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഈ തീരുമാനം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്നലെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ സഹായത്തോടെ അഫ്ഗാനിൽ നടപ്പിലാക്കിയിരുന്ന വികസന പദ്ധതികൾ പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിനു ശേഷം അഫ്ഗാനിസ്ഥാൻ നൽകിയ പിന്തുണയെ ജയശങ്കർ തന്റെ പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഇന്ത്യയും അഫ്ഗാനും ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ താൽപര്യങ്ങൾക്കെതിരെ അഫ്ഗാന്റെ ഭൂമി ആരെയും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അമീർ ഖാൻ മുത്തഖി ഉറപ്പു നൽകി. ഇന്ത്യയുമായും പാക്കിസ്ഥാനുമായും നല്ല ബന്ധം സ്ഥാപിക്കാനാണ് താലിബാൻ ആഗ്രഹിക്കുന്നതെന്നും, എന്നാൽ ബന്ധം ഏകപക്ഷീയമാകാൻ താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാബൂളിലെ വ്യോമാക്രമണത്തിന് പാക്കിസ്ഥാന്റെ പങ്കുണ്ടെന്ന ആരോപണത്തിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും മുത്തഖി പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.