പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍...' കുറച്ചുകാലം മുമ്പ് ഹിറ്റായ പരസ്യവാചകത്തെ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ കാര്യത്തില്‍ ഇങ്ങനെ മാറ്റിയെഴുതാം... 'ഒഴിവാക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങൾ.
ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ ഓപ്പണറായിറങ്ങി മൂന്ന് സെഞ്ചുറി നേടി നില്ക്കുമ്പോള്, നീ നല്ലൊരു മിഡില്‍ ഓര്‍ഡര്‍ ബാറ്ററാണെന്നുപറഞ്ഞ് അഞ്ചാമനാക്കി. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ മൂന്നാമനായിറങ്ങി സെഞ്ചുറി നേടിയശേഷം ടീമില്‍നിന്ന് പുറത്തായി. ഇപ്പോഴിതാ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താത്തതിനുള്ള കാരണമായി ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറയുന്നു... സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണ്, ഏകദിന ടീമില്‍ ടോപ് ഓര്‍ഡറില്‍ ഒഴിവില്ല... ടി 20-യില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്...' എന്താണ് ഉദ്ദേശിച്ചതെന്ന് അഗാര്ക്കറിനേ അറിയൂ.സഞ്ജു ആകെ 16 ഏകദിനങ്ങളേ കളിച്ചിട്ടുള്ളൂ. അതില്‍ 12 എണ്ണത്തിലും ഇറങ്ങിയത് മധ്യനിരയില്‍. കൂടുതലും അഞ്ചാമനായും ആറാമനായും. ആകെ നേടിയ 510 റണ്‍സില്‍ 347-ഉം അടിച്ചതും മധ്യനിരയിലിറങ്ങിയപ്പോള്. അഗാര്‍ക്കര്‍ പറഞ്ഞതില്‍ ഒരു സത്യമുണ്ട്... മൂന്നാമനായി ഇറങ്ങിയപ്പോഴാണ് സഞ്ജു ഏകദിനത്തിലെ ആദ്യ സെഞ്ചുറി നേടിയത്. 2023-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആ മത്സരത്തില്‍ ഓപ്പണര്‍മാര്‍ പരാജയപ്പെട്ടതോടെ, സഞ്ജുവിനെ മൂന്നാമനായി ഇറക്കി. 114 പന്തില്‍ 108 റണ്‍സ് നേടിയെങ്കിലും അത് സഞ്ജുവിന്റെ അവസാന ഏകദിനമായി മാറി
ഇന്ത്യക്കുവേണ്ടി കളിച്ച 49 ട്വന്റി 20യില്‍ അടിച്ച 993 റണ്‍സില്‍ മൂന്ന് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയുമുണ്ട്. എല്ലാം ഓപ്പണറായി. എന്നിട്ടും ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ സഞ്ജുവിന്റെ സ്ഥാനം മിക്കപ്പോഴും മധ്യനിരയിലും വാലറ്റത്തുമായി. ടീമില്‍ എന്നും അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ടവനായി സഞ്ജു. ഓസ്ട്രേലിയന്‍ പരമ്പരയ്ക്കുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന് പറയുന്ന ന്യായീകരണങ്ങളൊന്നും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ല.ഇതുവരെ ഏകദിനം കളിച്ചിട്ടില്ലാത്ത ധ്രുവ് ജുറെല്‍ എങ്ങനെയാണ് സഞ്ജുവിന് പകരമാവുക? സഞ്ജുവിന് അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ ഏതാണ്...? ഏതു ഫോര്‍മാറ്റിലാണെങ്കിലും അത് ഓപ്പണിങ്ങാണ്. അല്ലെങ്കില്‍ വണ്‍ഡൗണ്‍. ടോപ് ഓര്‍ഡര്‍ ബാറ്റര്‍ക്ക് ചേര്ന്നശൈലിയാണ് സഞ്ജുവിന്റേത്. ഏകദിനത്തില്‍ ഏതാണ്ട് അതേ ശൈലിയില്‍ കളിക്കുന്നവരാണ് വിരാട് കോലിയും ശുഭ്മന്‍ ഗില്ലും. അതുകൊണ്ടുതന്നെ ടോപ് ഓര്‍ഡറില്‍ ഒഴിവില്ലെന്നത് ശരിയുമാണ്.
ഓപ്പണിങ്ങില്‍ രോഹിതും ഗില്ലും മൂന്നാമനായി വിരാടും ഇറങ്ങിയാല്‍ നാലാമനാകാന്‍ ശ്രേയസ് അയ്യരുണ്ട്. അഞ്ചാം സ്ഥാനം അപ്പോഴും ഒഴിവുണ്ട്. അവിടേക്ക് കെ.എല്‍. രാഹുലിനെയാണ് പരിഗണിക്കുന്നത്. ഒരു ബാറ്ററുടെ കരിയര്‍ മികവിലേക്കുയരുന്നത് എപ്പോഴും ഒരേ പൊസിഷനില്‍ കളിക്കുമ്പോഴാണ്.അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വീരേന്ദര്‍ സെവാഗ്... മധ്യനിരയില്‍ കളിച്ചിരുന്ന സേവാഗിനെ ഓപ്പണറാക്കിയത് സൗരവ് ഗാംഗുലി എന്ന ക്യാപ്റ്റനാണ്. പരാജയപ്പെട്ടാല്‍ ടീമില്‍നിന്ന് പുറത്താകുമെന്ന് ഭയന്ന് ഓപ്പണറായി ഇറങ്ങാന്‍ മടിച്ച സേവാഗിനോട് ഗാംഗുലി പറഞ്ഞു... 'നീ എത്ര പരാജയപ്പെട്ടാലും ഞാന്‍ നായകനായിരിക്കുന്നിടത്തോളം ടീമിലുണ്ടാകും...'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.