പത്തനംതിട്ട/കോട്ടയം: ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളികൾ 2019-ൽ മറിച്ചുവിറ്റു എന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലൻസ് എത്തിയതായി സൂചന. വിശ്വാസത്തിന് കോടികളുടെ വിലയിട്ട് നടത്തിയ കച്ചവടമാണെന്നാണ് വിവരം. ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഉണ്ണികൃഷ്ണൻപോറ്റിയാണ് തിരിമറിക്കു പിന്നിലെന്ന ആരോപണവുമായി ദേവസ്വം ബോർഡ് സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയേക്കും.
സ്വർണപ്പാളികൾ കേരളത്തിനു വെളിയിൽ ആർക്കോ നൽകിയെന്നാണ് സൂചന. പാളിയുടെയോ സ്വർണത്തിന്റെയോ വിപണിവിലയല്ല ഇതിൽ പ്രധാനം. ശബരിമല ശ്രീകോവിലിന്റെ ഭിത്തിയിലെ ശില്പങ്ങളുടെ പാളി എന്ന നിലയിൽ അമൂല്യമായ ഒരു വസ്തുവാണിത്. ഇത്തരം വസ്തുക്കൾ എന്തുവിലനൽകിയും വാങ്ങി വീട്ടിൽ സൂക്ഷിക്കുന്ന ചിലരുണ്ട്. അവരിൽനിന്ന് വൻതുകവാങ്ങി ഉണ്ണികൃഷ്ണൻപോറ്റി കൈമാറിയിരിക്കാമെന്നാണ് നിഗമനം.ക്ഷേത്ര ശ്രീകോവിലിൽ വർഷങ്ങളോളം ഇരുന്ന സ്വർണരൂപം, ശനിദോഷമകറ്റാനും ഐശ്വര്യവർധനയ്ക്കും ഉപകരിക്കുമെന്ന പ്രചാരണം നടത്തി വിറ്റെന്നാണ് വിലയിരുത്തൽ. പാളി പുതുതായി സ്വർണം പൂശണമെങ്കിൽത്തന്നെ അത് സന്നിധാനത്തുവെച്ച് ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ എന്ന് ശബരിമലയിലെ വിഗ്രഹം നിർമിച്ച ശില്പികുടുംബാംഗമായ തട്ടാവിള മഹേഷ് പണിക്കർ പറയുന്നു. പുറത്തുകൊണ്ടുപോയത്, കടത്തിക്കൊണ്ടുപോകൽ തന്നെയായിരുന്നെന്ന് ഇതിൽനിന്ന് വ്യക്തം
ചെന്നൈയിലെ നവീകരണം കഴിഞ്ഞ ഒക്ടോബർ 17-ന് ദ്വാരപാലകശില്പങ്ങളിൽ ചേർക്കാൻ സന്നിധാനത്തെ ലോക്കർ റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണപ്പാളികളിൽ ദേവസ്വം വിജിലൻസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. 2019-ന് മുൻപുള്ള ചിത്രങ്ങളും ഇപ്പോഴത്തെ പാളികളും വിശദമായി വിശകലനംചെയ്തിട്ടുണ്ട്. ഈ പരിശോധനയും പാളികൾ മാറ്റിയെന്ന നിഗമനത്തിലേക്കെത്തിക്കുന്നു. പുതിയ പാളികൾക്ക് പഴയതുമായി ചില അളവുവ്യത്യാസങ്ങൾ ഉണ്ടെന്ന സൂചനയും കിട്ടിയിട്ടുണ്ട്. സ്വർണപ്പാളി ചെമ്പായ വഴി1. 2019 ജൂലായ് 20: സ്വർണംപൊതിഞ്ഞ പാളികൾ സ്വർണംപൂശാനായി സന്നിധാനത്തുനിന്ന് അഴിച്ചെടുക്കുന്നു. 14 ഭാഗങ്ങളാണ് അന്നുണ്ടായിരുന്നത്
2. ഈ പാളികൾ ചെന്നൈയിൽ ചില വീടുകളിലേക്കും പിന്നീട് ഹൈദരാബാദിലേക്കും കൊണ്ടുപോയെന്നാണ് സൂചന. വിശ്വാസമൂല്യം മുതലെടുത്ത് അവിടെവെച്ച് വൻതുകയ്ക്ക് വിറ്റെന്നാണ് കരുതുന്നത്. മൊത്തമായി കച്ചവടംചെയ്യാനുള്ള സാധ്യത കുറവാണ്. പ്രത്യേകം മാറ്റി എടുക്കാവുന്ന രീതിയിലായതിനാൽ അങ്ങനെത്തന്നെ ‘വീതംവെപ്പ്’ നടന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ3. സന്നിധാനത്തിൽനിന്ന് അഴിച്ചെടുത്തതെന്ന മട്ടിൽ 39 ദിവസം കഴിഞ്ഞാണ് സ്വർണംപൂശാനായി പാളി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കുന്നത്. ചെന്നൈയിലെത്തിയത് പൂർണമായും ചെമ്പായിരുന്നെന്ന് സ്മാർട്ട് ക്രിയേഷൻസിന്റെ എംഡിയും അഭിഭാഷകനും പറഞ്ഞത് പാളി മാറ്റിയെന്നതിനെ സാധൂകരിക്കുന്നു. ഇവിടെയെത്തിക്കാൻ എന്തുകൊണ്ടാണ് ഇത്രയും കാലതാമസം ഉണ്ടായതെന്ന ചോദ്യത്തിന് ഉണ്ണികൃഷ്ണൻപോറ്റിക്കോ അന്നത്തെ ദേവസ്വം അധികാരികൾക്കോ ഉത്തരം നൽകാനായിട്ടില്ല
4. 39 ദിവസത്തിനിടെ എവിടെവെച്ചെങ്കിലും പുതിയ പാളിയുണ്ടാക്കിയിരിക്കാനാണ് സാധ്യത. പഴയപാളിയുടെ പകർപ്പിൽ മൂശ തയ്യാറാക്കി അതേപോലെ പുതിയ ചെമ്പുപാളിയുണ്ടാക്കി സ്വർണംപൂശിയെന്നാണ് നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.