ടെൽ അവീവ്: മനുഷ്യരാശിയുടെയാകെ ഉള്ളുപൊള്ളിച്ച, 21-ാം നൂറ്റാണ്ടുകണ്ട മാരക യുദ്ധങ്ങളിലൊന്നായ ഗാസയിലെ ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് ചൊവ്വാഴ്ച രണ്ടാണ്ട് തികയവേ പശ്ചിമേഷ്യയിൽ സമാധാനപ്പുലരി വിരിയുമെന്ന പ്രതീക്ഷയിൽ ലോകം. വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ഹമാസിനുമേൽ സമ്മർദമുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാനപദ്ധതിയിലാണ് ലോകത്തിന്റെ കണ്ണ്. സമാധാനനിർദേശം പൂർണമായും അംഗീകരിക്കാൻ ഹമാസ് തയ്യാറായിട്ടില്ല. സമാധാനപദ്ധതി കാലതാമസംകൂടാതെ അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹമാസിന് വീണ്ടും മുന്നറിയിപ്പ് നൽകി. കരാർ അംഗീകരിക്കാൻ ട്രംപ് ഹമാസിന് നൽകിയ സമയപരിധി അമേരിക്കൻ സമയം ഞായറാഴ്ച വൈകീട്ട് ആറിന് (ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 3.30) അവസാനിക്കാനിരിക്കേയാണിത്.കരാറിൽ തീരുമാനം വൈകിക്കുന്നത് പൊറുക്കാനാകില്ലെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങുന്നതിനുള്ള അതിർത്തിരേഖ ഇസ്രയേൽ അംഗീകരിച്ചതായും ഇനി പന്ത് ഹമാസിന്റെ കോർട്ടിലാണെന്നും ട്രംപ് പറഞ്ഞു. അവരംഗീകരിച്ചാൽ ഉടൻ വെടിനിർത്തൽ പ്രാബല്യത്തിൽവരുമെന്നും വ്യക്തമാക്കി. അതിനിടെ ഇസ്രയേലും ഹമാസും തമ്മിലുള്ള അനൗദ്യോഗിക വെടിനിർത്തൽ ചർച്ചകൾ ഈജിപ്തിന്റെ മധ്യസ്ഥതയിൽ തിങ്കളാഴ്ച കയ്‌റോയിൽ തുടങ്ങും
67,074 പലസ്തീൻകാർക്ക് ജീവൻ നഷ്ടമായി (70 ശതമാനവും സ്ത്രീകളും കുട്ടികളും) 1.62 ലക്ഷം പേർക്ക് ഗുരുതര പരിക്കേറ്റു. 1195 പേർ യുദ്ധത്തിന് കാരണമായ ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടു ഗാസയിലെ 92 ശതമാനം വീടുകളും 72 ശതമാനം കെട്ടിടങ്ങളും തകർന്നു 67 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള തീരദേശമേഖലയായ അൽ മുവാസി മാത്രമാണ് വാസയോഗ്യമായ മേഖല യുദ്ധം തുടങ്ങിയശേഷം ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ ഇസ്രയേലിന്റെ പ്രധാന സഖ്യകക്ഷികൾ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിച്ചുഹമാസിന്റെ പക്കൽ ശേഷിക്കുന്ന ബന്ദികളെ വരുംദിവസങ്ങളിൽ മോചിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. എളുപ്പമോ കഠിനമോ ആകട്ടെ, ഏതുമാർഗമുപയോഗിച്ചും ഹമാസിന്റെ നിരായുധീകരണം നടപ്പാക്കും. ഗാസയെ സൈനികമുക്തമാക്കുമെന്നും നെതന്യാഹു പറഞ്ഞു. ബന്ദി മോചനം ഉടൻ -നെതന്യാഹു ഹമാസിന്റെ പക്കൽ ശേഷിക്കുന്ന ബന്ദികളെ വരുംദിവസങ്ങളിൽ മോചിപ്പിക്കാനാകുമെന്ന പ്രതീക്ഷ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കുവെച്ചു. ട്രംപിന്റെ സമാധാനപദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ് പ്രസ്താവനയിറക്കിയതിനുപിന്നാലെയാണ് പ്രതികരണം.
നയതന്ത്രമോ സൈനികമോ ആയ മാർഗങ്ങളിലൂടെ ബന്ദികളെ മടക്കിക്കൊണ്ടുവരുമെന്നും ഏതുമാർഗമുപയോഗിച്ചും ഹമാസിന്റെ നിരായുധീകരണമെന്ന യുദ്ധലക്ഷ്യം നടപ്പാക്കുമെന്നും നെതന്യാഹു പറഞ്ഞു. ഹമാസിന്റെ നിരായുധീകരണം ട്രംപിന്റെ പദ്ധതി പിന്തുടർന്നോ അതല്ലെങ്കിൽ സൈനികമായോ നടപ്പാക്കുമെന്നും വ്യക്തമാക്കി. അതിനിടെ, തന്റെ നിർദേശപ്രകാരം ഗാസയിൽ ബോംബിടുന്നത് ഇസ്രയേൽ താത്കാലികമായി നിർത്തിവെച്ചെന്ന് പറഞ്ഞ് അവരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു.
ബോംബാക്രമണം ഇസ്രയേൽ നിർത്തിയതായി ട്രംപ് അവകാശപ്പെട്ടെങ്കിലും ശനിയാഴ്ച മാത്രം മേഖലയിൽ 70 പേർ മരിച്ചെന്ന് ഗാസ സിവിൽ ഡിഫൻസ് ഏജൻസി പറഞ്ഞു. ഗാസയിൽനിന്നുള്ള പ്രാരംഭ സൈനികപിന്മാറ്റത്തിനുള്ള അതിർത്തിരേഖ ഇസ്രയേൽ അംഗീകരിച്ചെന്നും അത് ഹമാസ് അംഗീകരിച്ചാൽ ഉടൻ ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും കൈമാറ്റം സാധ്യമാകുമെന്നും ട്രംപ് പറഞ്ഞു. "അതുസംഭവിച്ചാൽ അടുത്തഘട്ട സൈനികപിന്മാറ്റത്തിനുള്ള വഴി ഞങ്ങൾ ഒരുക്കും. അത് 3000 വർഷമായി നിലനിൽക്കുന്ന ദുരന്തത്തിന് അറുതികൊണ്ടുവരും."-ട്രംപ് പറഞ്ഞു.
"ഹമാസ് വേഗത്തിൽ നടപടികൾ കെെക്കൊള്ളണം. കാലതാമസവും ഗാസ വീണ്ടും സുരക്ഷാഭീഷണിയിലാകുന്ന ഒരു സാഹചര്യവും ഞാൻ അനുവദിക്കില്ല. നമുക്ക് കരാർ വേഗം നടപ്പാക്കാം. എല്ലാവരെയും നീതിപൂർവം പരിഗണിക്കും. ”- ട്രംപ് പറഞ്ഞു. ട്രംപിന്റെ പദ്ധതി വെള്ളിയാഴ്ചയാണ് ഹമാസ് ഭാഗികമായി അംഗീകരിച്ചത്. അതിലെ വ്യവസ്ഥപ്രകാരം ബന്ദികളെ കൈമാറാമെന്നും ഗാസയുടെ ഭരണത്തിൽനിന്ന് പിന്മാറാമെന്നുമാണ് സമ്മതിച്ചിരിക്കുന്നത്.
വെടിനിർത്തൽ പ്രാബല്യത്തിലായാൽ ഗാസയിൽ ശേഷിക്കുന്ന 48 ബന്ദികളിൽ ജീവനോടെയുള്ള 20 പേരെയും മറ്റുള്ളവരുടെ മൃതദേങ്ങളും ഹമാസ് മൂന്നുദിവസത്തിനകം വിട്ടുനൽകണം. 2023 ഒക്ടോബർ ഏഴിന് ഇസ്രയേൽ ആക്രമിച്ച് 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. അതിൽ മറ്റുള്ളവരെ 2023 നവംബറിലും 2024 ജനുവരിയിലും നിലവിൽവന്ന വെടിനിർത്തൽ ഇടവേളയ്ക്കിടെ മോചിപ്പിച്ചിരുന്നു. ഗ്രെറ്റയും സംഘവും ഇസ്രയേൽ കസ്റ്റഡിയിൽ പീഡനം നേരിട്ടെന്ന് റിപ്പോർട്ട് ഇസ്രയേലിന്റെ സമുദ്ര ഉപരോധം ലംഘിച്ച് ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായ സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ ത്യുൻബെയും സംഘവും ഇസ്രയേൽ കസ്റ്റഡിയിൽ പീഡനം നേരിട്ടെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.ശനിയാഴ്ചയാണ് ഗ്രേറ്റയുൾപ്പെടെ 137 അന്താരാഷ്ട്രസന്നദ്ധപ്രവർത്തകരെ ഇസ്രയേൽ തുർക്കിയിലേക്ക് നാടുകടത്തിയത്. ഇസ്രയേൽ സൈന്യം തങ്ങളെ കൈവിലങ്ങണിയിച്ചെന്നും മർദിച്ചെന്നും വെള്ളവും മരുന്നും നിഷേധിച്ച് ജയിലിൽ അടച്ചെന്നും തുർക്കിയിലെത്തിയ പ്രവർത്തകർ പറഞ്ഞു. ഗ്രെറ്റ ത്യുൻബെയെ തള്ളിമാറ്റുകയും ഇസ്രയേലി പതാകയേന്താൻ നിർബന്ധിക്കുകയും നിലത്തുകൂടി വലിച്ചിഴയ്ക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
മൃഗങ്ങളെപ്പോലെയാണ് തങ്ങളോട് പെരുമാറിയതെന്ന് മലേഷ്യൻ ഗായികയായ ഹസ്‍വാനി ഹെൽമി പറഞ്ഞു. തലതാഴ്ത്തി മുട്ടുകുത്തി നിർത്തിച്ചെന്നും അനങ്ങിയാൽ അവർ അടിക്കുമായിരുന്നെന്നും അധിക്ഷേപങ്ങൾ ചൊരിഞ്ഞെന്നും മറ്റുചിലർ പറഞ്ഞു. ഇസ്രയേൽ ഉപരോധം ലംഘിച്ച് ഗാസയിൽ സഹായമെത്തിക്കാൻ ശ്രമിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഫ്രീഡം ഫ്ലോട്ടിലയുടെ ‘ഗ്ലോബൽ സുമുദ് ഫ്ലോട്ടില’ ദൗത്യത്തിന്റെ ഭാഗമായ കപ്പലുകളെ അന്താരാഷ്ട്രസമുദ്രാതിർത്തിയിൽവെച്ചാണ് ഇസ്രയേൽ സൈന്യം തടഞ്ഞത്. പ്രവർത്തകരെ രണ്ടുദിവസം കസ്റ്റഡിയിൽവെച്ചശേഷമാണ് തുർക്കിയിലേക്കയച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.