കോഴിക്കോട്: ഷാഫി പറമ്പിൽ എം.പിക്കെതിരെ ഭീഷണി പ്രസംഗവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളുവെന്നും കൈയൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ വന്ന വഴിക്ക് പോകില്ലെന്നും ജയരാജൻ പറഞ്ഞു. പേരാമ്പ്രയിലെ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘എന്ത് അടിസ്ഥാനത്തിലാണ് പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കാൻ പുറപ്പെട്ടത്. ഞങ്ങൾ ഇതങ്ങനെ നോക്കി നിൽക്കുമോ. മാർക്സിസ്റ്റുകാർ നല്ല ക്ഷമാലുക്കളാണ്. പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചു. നെഞ്ചൂക്ക് കാണിച്ചു കളയാം എന്ന് ധരിച്ചിട്ടല്ലേ പഞ്ചായത്ത് ഓഫിസിൽ പോയത്. നമ്മൾ ഏതെങ്കിലും നല്ല കൈയൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ ഈ വന്നയാൾ തിരിച്ചു പോകുമോ. പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു, അവർ പോയ്ക്കോട്ടെ. അദ്ദേഹത്തിന്റേത് നല്ലൊരു മനസ്സ്. ചെറുപ്പക്കാരനാണ്. ചെറുപ്പത്തേക്കാൾ പക്വത കാണിച്ചു. അതുകൊണ്ട് വന്ന വഴിക്ക് അവർ പോയിക്കോട്ടെ. നമ്മൾ അതിലൊന്നും ഇടപെടേണ്ട. അതാണ് സിപിഎമ്മിന്റെ നയം. അവിടെ ഞങ്ങൾ ഭീരുക്കളാണെന്നു ധരിച്ചേക്കരുത്. അതുകണ്ട് മെക്കിട്ട് കയറാൻ പുറപ്പെടേണ്ട. മെക്കിട്ട് കയറാൻ പുറപ്പെട്ടാൽ അനുഭവിക്കും. അത് മനസ്സിലാക്കിക്കൊള്ളൂ’ -ഇ.പി. ജയരാജൻ പറഞ്ഞു.പേരാമ്പ്രയുടെ സൗഹാർദ അന്തരീക്ഷം തകർക്കാൻ ആസൂത്രിതമായി ശ്രമമുണ്ടായി. പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കാൻ ശ്രമിച്ചെന്നും ജയരാജൻ കൂട്ടിച്ചേർത്തു. പൊലീസിന്റെ തൊപ്പി കാണുമ്പോൾ ഓടുന്നവരാണ് മൂക്കിന്റെ പാലം പൊട്ടിയവൻ ഉൾപ്പെടെയെന്നും ഇ.പി പരിഹസിച്ചു. കോൺഗ്രസിലെ നിലവാരമില്ലാത്ത ഒരുത്തന്റെ വാക്കുകേട്ട് ഇറങ്ങിവന്ന് നാണം കെടരുതെന്നായിരുന്നു മുസ്‍ലിം ലീഗിനുള്ള അദ്ദേഹത്തിന്റെ ഉപദേശം. ഷാഫി എം.പിയായത് നാടിന്‍റെ കഷ്ടകാലമാണ്. ബോംബ് എറിഞ്ഞിട്ടും സമാധാനപരമായ നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, പേരാമ്പ്രയിലെ പൊലീസ് നടപടിയെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണനും രംഗത്തുവന്നിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്. പ്രശ്നമുണ്ടാക്കിയത് ഷാഫി പറമ്പിൽ എം.പിയാണെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. പൊലീസ് നടപടി മനസ്സിലാക്കണം. സംഘർഷ സ്ഥലത്ത് എത്തിയാൽ ജനപ്രതിനിധികൾ പൊലീസിനോട് സംസാരിക്കണം, അതുണ്ടായില്ല. ഷാഫി അക്രമികൾക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ ഷാഫിയെ പരിഹസിക്കുകയും ചെയ്തു
മൂക്കിന് ഓപ്പറേഷൻ നടന്നു എന്നാണ് പറയുന്നത്. മൂക്കിന് പരിക്കേറ്റയാൾക്ക് എങ്ങനെയാണ് സംസാരിക്കാൻ പറ്റുക. മൂക്കിന് പരിക്ക് പറ്റിയ ഷാഫി എങ്ങനെയാണ് സംസാരിക്കാൻ കഴിഞ്ഞതെന്നും ടി.പി രാമകൃഷ്ണൻ ചോദിച്ചു. അതേസമയം, പേരാമ്പ്രയിലുണ്ടായ സംഘർഷത്തിൽ പൊലീസിനുനേരെ സ്ഫോടകവസ്തു എറിഞ്ഞുവെന്ന കേസിൽ അറസ്റ്റിലായ അഞ്ച് യു.ഡി.എഫ് പ്രവർത്തകരെ കൊയിലാണ്ടി കോടതി റിമാൻഡ് ചെയ്തു. വി.പി. നസീര്‍ വെള്ളിയൂർ, കെ. റഷീദ് വാല്യക്കോട്, സി. സജീര്‍ ചെറുവണ്ണൂർ, കെ.എം. മിഥ്‍ലാജ്, മുസ്തഫ എന്നിവരാണ് റിമാൻഡിലായത്. ബുധനാഴ്ച പുലർച്ച വീട്ടിൽനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്.പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെ ആക്രമിക്കുക, കൃത്യനിർവഹണം തടസ്സപ്പെടുത്തുക, സ്‌ഫോടക വസ്തു എറിയുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. പേരാമ്പ്ര സി.കെ.ജി കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ചില സീറ്റുകളിൽ വിജയിച്ച യു.ഡി.എസ്.എഫിന്റെ ആഹ്ലാദ പ്രകടനത്തെ പൊലീസ് തടഞ്ഞതിൽ പ്രതിഷേധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി. യു.ഡി.എഫ് പ്രവർത്തകരും പൊലീസും വാക്കേറ്റവും ഉന്തുംതള്ളും നടന്നു. ഇതിനിടെ ഷാഫി പറമ്പിൽ എം.പിക്ക് ലാത്തിയടിയിൽ പരിക്കേറ്റ് മൂക്കിന്റെ എല്ലുപൊട്ടി. രണ്ടു ദിവസം കഴിഞ്ഞ്, പൊലീസിനെതിരെ സ്ഫോടകവസ്തു എറിഞ്ഞെന്ന ആരോപണമുണ്ടായി
തുടർന്ന് പൊലീസ് എടുത്ത വിഡിയോ പരിശോധിച്ച് സ്ഫോടകവസ്തു എറിഞ്ഞതായി സ്ഥിരീകരിക്കുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തിയാണ് അഞ്ചുപേരെ അറസ്റ്റുചെയ്തത്. അതേസമയം, നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്തതാണെന്നും സി.പി.എമ്മിന്റെ തിരക്കഥക്കനുസരിച്ച് പൊലീസ് ആടുകയാണെന്നും യു.ഡി.എഫ് നേതാക്കളായ വി.പി. ദുല്‍ഖിഫില്‍, ഡി.സി.സി വൈസ് പ്രസിഡന്റ് നിജേഷ് അരവിന്ദ് എന്നിവര്‍ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.