ചെന്നൈ: ഏഷ്യയിലെതന്നെ ഏറ്റവും വലിയ മൃഗശാലകളില്‍ ഒന്നായ ചെന്നൈ, വണ്ടല്ലൂര്‍ മൃഗശാലയില്‍ സിംഹത്തെ കാണാതായത് സമീപപ്രദേശങ്ങളില്‍ പരിഭ്രാന്തി പരത്തി. മൃഗശാലയുടെ സഫാരി മേഖലയില്‍ ഡ്രോണുകളും തെര്‍മല്‍ ഇമേജിങ് ക്യാമറകളും ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 15 കിലോമീറ്ററും താംബരത്തുനിന്ന് ആറു കിലോമീറ്ററും ദൂരെയുള്ള അരിജ്ഞര്‍ അണ്ണാ മൃഗശാലയിലെ സഫാരി മേഖലയിലേക്ക് തുറന്നുവിട്ട ആറു വയസ്സുള്ള സിംഹത്തിനെയാണ് നാലു ദിവസമായി തിരയുന്നത്. ബെംഗളൂരുവിലെ ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍നിന്ന് മൂന്നുവര്‍ഷം മുന്‍പ് വണ്ടല്ലൂരിലെത്തിച്ച ഷേരു എന്ന സിംഹത്തെ വ്യാഴാഴ്ചയാണ് ആദ്യമായി തുറന്നുവിട്ടത്. രാത്രി ഭക്ഷണംകഴിക്കുന്ന സമയമാകുമ്പോള്‍ തിരികെ കൂട്ടിലെത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇതുവരെ അതിനെ കണ്ടെത്താനായിട്ടില്ല.മൃഗശാലയ്ക്കുള്ളില്‍ 20 ഹെക്ടര്‍ വരുന്ന സ്വാഭാവിക വനഭൂമിയാണ് സഫാരിക്കായി ഉപയോഗിക്കുന്നത്. ഇവിടേക്ക് തുറന്നുവിടുന്ന മൃഗങ്ങളെ സന്ദര്‍ശകര്‍ക്ക് വാഹനത്തില്‍ പോയി അടുത്തുകാണാം. രണ്ടു സിംഹങ്ങളാണ് ഒരുസമയം ഇവിടെയുണ്ടാവുക. നേരത്തേ സഫാരിക്ക് ഉപയോഗിച്ചിരുന്ന സിംഹത്തിന് പ്രായമായതുകൊണ്ടാണ് പകരം ഷേരുവിനെ തുറന്നുവിടാന്‍ തീരുമാനിച്ചത്. പുതിയ സ്ഥലവുമായി പരിചയമാകാത്തതുകൊണ്ടാണ് അത് തിരികെവരാത്തത് എന്നാണ് മൃഗശാലാ അധികൃതര്‍ പറയുന്നത്. കുറ്റിക്കാടുകള്‍ നിറഞ്ഞ സ്ഥലത്ത് ഒളിച്ചാല്‍ കണ്ടെത്താന്‍ എളുപ്പമല്ല.
മൃഗശാലയിലെ സഫാരി പ്രദേശം 15 അടി ഉയരമുള്ള ഇരുമ്പു കമ്പിവേലി കൊണ്ട് സുരക്ഷിതമാക്കിയതാണെന്ന് അധികൃതര്‍ പറയുന്നു. അതുകൊണ്ടുതന്നെ സിംഹത്തിന് പുറത്തേക്ക് രക്ഷപ്പെടാന്‍ കഴിയില്ല. എങ്കിലും മൃഗശാലയോടു ചേര്‍ന്നുള്ള കോലപ്പാക്കം, നെടുങ്കുണ്ട്രം, ആലപ്പാക്കം, സദാനന്ദപുരം. ഒട്ടേരി, കീലമ്പാക്കം പ്രദേശങ്ങളില്‍ പരിഭ്രാന്തി പരന്നിട്ടുണ്ട്.602 ഹെക്ടറാണ് 1,855-ല്‍ തുടങ്ങിയ വണ്ടല്ലൂര്‍ മൃഗശാലയുടെ വിസ്തീര്‍ണം. 172 സ്പീഷീസില്‍പ്പെട്ട 2,375 മൃഗങ്ങള്‍ ഇവിടെയുണ്ട്. സിംഹത്തെ കാണാതായതിനെത്തുടര്‍ന്ന് വണ്ടല്ലൂരിലെ സഫാരി മേഖല അടച്ചു. എന്നാല്‍, മൃഗശാലയുടെ മറ്റു ഭാഗങ്ങളില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.