ദോഹ: ചൊവ്വാഴ്ച രാത്രിയിൽ ദോഹ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ഗാലറിക്കു മുമ്പാകെ അയൽക്കാരായ യു.എ.ഇയെ തോൽപിച്ച് ഖത്തർ 2026 ലോകകപ്പിന് യോഗ്യനേടിയ നിമിഷം. ഗാലറി മുതൽ സൂഖ് വാഖിഫ് വരെ തിരയടിച്ച ആഘോഷങ്ങൾക്കൊപ്പം ലോകകപ്പ് യോഗ്യതാ പ്രഖ്യാപനവുമായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ
53 താരങ്ങളുടെ ചിത്രങ്ങളുമായി പുറത്തിറക്കിയ ദേശീയ ടീമിന്റെ പോസ്റ്റർ മലയാളത്തിനും അഭിമാനിക്കാൻ ഏറെ വകയുള്ളതായിരുന്നു. അക്രം അഫീഫും ഹസൻ അൽ ഹൈദോസും അൽ മുഈസ് അലിയും മുതൽ ലോകകപ്പ് യോഗ്യതാ യാത്രയിൽ ഖത്തറിനു വേണ്ടി ബൂട്ടണിഞ്ഞ താരങ്ങളെയെല്ലാം ഒന്നിച്ചൊരു ഫ്രെയിമിൽ ചിത്രീകരിച്ചപ്പോൾ, അതിൽ ഇന്ത്യൻ ഫുട്ബാളിന്റെ നക്ഷത്രതിളക്കമായി കണ്ണൂർ വളപട്ടണം സ്വദേശി 19കാരനായ തഹ്സിൻ മുഹമ്മദും ഇടം പിടിച്ചു.ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ ഖത്തർ യു.എ.ഇയെ നേരിടുമ്പോൾ കോച്ച് ലോപെറ്റ് ഗുയെടെ സ്ക്വാഡിൽ തഹ്സിനുണ്ടായിരുന്നു. പകരക്കാരുടെ ബെഞ്ചിൽ സഹതാരങ്ങൾക്ക് പ്രോത്സാഹനവും, വിജയത്തിൽ ആഘോഷവുമായി അവൻ നിറഞ്ഞു നിന്നു. യു.എ.ഇയെ 2-1ന് തരിപ്പണമാക്കിയ മത്സരത്തിൽ തഹ്സിന് കളത്തിലിറങ്ങാൻ കഴിഞ്ഞില്ലെങ്കിലും താരസമ്പന്നമായ ബെഞ്ചിലെ സാന്നിധ്യവും സന്തോഷിക്കാൻ ഏറെ വകയുള്ളതാണ്.
ലോകകപ്പ് യോഗ്യതക്കു പിന്നാലെ ക്യൂ.എഫ്.എ പുറത്തിറക്കിയ പോസ്റ്റർ2026 അമേരിക്ക, മെക്സികോ, കാനഡ ലോകകപ്പിലേക്ക് ഖത്തർ യോഗ്യതാ റൗണ്ട് കടന്ന് നേരിട്ട് യോഗ്യത നേടിയതോടെ ഇനി വിശ്വമേളയുടെ തിരുമുറ്റത്ത് ഒരു മലയാളി ഇറങ്ങുന്നത് ആരാധകർക്കും സ്വപ്നം കാണാം. ഇന്ത്യയുടെ ലോകകപ്പ് യോഗ്യത ഇന്നും വിദൂര സ്വപ്നമായി തുടരുമ്പോഴാണ് ഖത്തറിൽ കളി പഠിച്ച് യൂത്ത് ടീമുകളിലും, സീനിയർ ക്ലബുകളിലും ശ്രദ്ധേയനായി തഹ്സിൻ ലോകകപ്പിന് യോഗ്യത നേടിയ സംഘത്തിന്റെയും ഭാഗമാവുന്നത്.
ഖത്തർ കോച്ച് ലോപെറ്റ്ഗുയെയുടെ മാച്ച് പ്ലാനിൽ ഇപ്പോൾ തഹ്സിനുമുണ്ട്. ലോകകപ്പ് യോഗ്യത ഉറപ്പിച്ചതോടെ, അന്നാബികളുടെ അടുത്ത ലക്ഷ്യം അമേരിക്കയിൽ മികച്ച പ്രകടനമാവും. 2022ൽ സ്വന്തം മണ്ണിലെ ലോകകപ്പിൽ ഒരു ജയം പോലുമില്ലെന്നതിന്റെ നിരാശ മാറ്റാൻ, മികച്ച ടീമിനെ ഒരുക്കുമ്പോൾ വിങ്ങിൽ മിന്നൽ വേഗവുമായി കുതിക്കുന്ന തഹ്സിനും ഗെയിം പ്ലാനിൽ പ്രധാനമാണ്. വിശ്വമേളയിലേക്ക് എട്ടു മാസം ബാക്കിനിൽക്കെ കളിമികവിനെ തേച്ചു മിനുക്കിയെടുക്കാനുള്ള സമയമാണ് തഹ്സിനിത്. ഫിറ്റ്നസും ഫോമും നിലനിർത്തിയാൽ 2026 ജൂണിൽ അമേരിക്ക-കാനഡ-മെക്സികോ മണ്ണിൽ ഖത്തറിനൊപ്പം പിറക്കുന്നത് കേരള ഫുട്ബാളിന്റെയും ചരിത്രമാവും.
ഒരു ഇന്ത്യൻ താരം ആദ്യമായി ലോകകപ്പ് വേദിയിലെന്ന സ്വപ്നതുല്ല്യമായ ചരിത്രം. വളപട്ടണത്തു നിന്നും ദോഹ വഴി ലോകകപ്പിലേക്ക് ഖത്തറിന്റെ കളി നഴ്സറിയായ ആസ്പയറിൽ നിന്നും പന്ത് തട്ടി പഠിച്ചു തുടങ്ങിയ തഹ്സിന്റെ ജൈത്രയാത്ര ഫുട്ബാൾ ആരാധകരുടെ കൺ മുന്നിലൂടെയായിരുന്നു. മുൻ കേരള ഫുട്ബാളറായി, ദേശീയ ക്യാമ്പ് വരെയെത്തിയ പിതാവ് ജംഷിദിന്റെ പാരമ്പര്യവുമായി കാൽപന്തിനെ പ്രണയിച്ചവൻ, യൂത്ത് ടീമിലൂടെയാണ് വളർന്നത്.
ഖത്തർ ലോകകപ്പ് ഫുട്ബാളിനായി ഒരുങ്ങുന്നതിനിടെ 2021ൽ ദേശീയ അണ്ടർ 16 ടീമിൽ ഇടം പിടിച്ചാണ് ആസ്പയർ താരം ശ്രദ്ധേയനാവുന്നത്. പിന്നീടുള്ള വർഷങ്ങളിൽ അണ്ടർ 17, 19 ടീമുകളിലും ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ ദുഹൈലിന്റെ സീനിയർ ടീമിലും ഇടംനേടി. 2024 മാർച്ചിലായിരുന്നു താരസമ്പന്നമായ അൽ ദുഹൈലിനായി അരങ്ങേറിയത്. 2024 ജൂണിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനെതിരായ മത്സരത്തിലൂടെയായിരുന്നു തഹ്സിന്റെ ദേശീയ ടീമിലെ അരങ്ങേറ്റം. തുടർന്നുള്ള വിവിധ മത്സരങ്ങളിൽ ടീമിന്റെ ഭാഗമായിരുന്നു. ഇതിനിടെ, ഈ വർഷം ഫെബ്രുവരിയിൽ ചൈനയിൽ നടന്ന അണ്ടർ 20 ഏഷ്യൻ കപ്പിൽ ഖത്തറിനായി മൂന്നു മത്സരങ്ങളിലും ബൂട്ടണിഞ്ഞ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ക്യൂ.എസ്.എല്ലിൽ അൽ ദുഹൈലിനായി വിവിധ മത്സരങ്ങളിൽ കളിച്ച താരം, കഴിഞ്ഞ ആഗസ്റ്റിൽ ലെബനാനെതിരായ സൗഹൃദ മത്സരത്തിൽ സീനിയർ ടീമിനായി ഒരു മണിക്കൂറോളം കളിച്ചു.
വിങ്ങുകൾ മാറിമാറി ചാട്ടുളിവേഗത്തിൽ തഹ്സിൻ പന്തുമായി കുതിക്കുമ്പോൾ, ആ ബൂട്ടുകളിൽ ഇന്ത്യൻ യൂത്ത് ടീം ക്യാമ്പ് വരെയെത്തിയ മുൻ ഫുട്ബാളറുടെ പാരമ്പര്യം തിരിച്ചറിയുകയാണ് ആരാധർ. 1992ൽ അഖിലേന്ത്യ കിരീടം ചൂടിയ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം അംഗവും ജോപോൾ അഞ്ചേരിക്കൊപ്പം കേരള യൂത്ത് ടീമിൽ കളിച്ച് ഇന്ത്യൻ ക്യാമ്പ് വരെയുമെത്തിയിരുന്നു പിതാവ് കണ്ണൂർ തലശ്ശേരിക്കാരനായ ജംഷിദ്
ഫുട്ബാളിനെ നെഞ്ചേറ്റിയ പിതാവിന്റെ പാരമ്പര്യം തന്നെയാണ് തഹ്സിന്റെയും കരുത്ത്. 1985ൽ കേരളത്തിന്റെ സബ്ജൂനിയർ ടീമിലും ശേഷം ജൂനിയർ-യൂത്ത് ടീമുകളിലും കളിച്ചും നാലു വർഷം കാലിക്കറ്റ് സർവകലാശാല ടീമിന്റെ താരമായും തിളങ്ങിയ ജംഷിദിനെ പരിക്കാണ് കളത്തിൽനിന്ന് അകറ്റിയത്. ഒപ്പം കളിച്ച ജോപോൾ ഉൾപ്പെടെയുള്ളവർ രാജ്യാന്തര മികവിലേക്ക് പറന്നുയർന്നപ്പോൾ ജംഷിദിന് പരിക്ക് റെഡ്കാർഡ് വിളിച്ചു. തുടർന്ന്, 23ാം വയസ്സിൽ പ്രവാസം വരിച്ച് ഖത്തറിലെത്തിയെങ്കിലും ഫുട്ബാളിലെ പ്രിയം വിട്ടില്ല. അൽ ഫൈസൽ ഹോൾഡിങ്ങിൽ ജീവനക്കാരനായിരിക്കെ ഒഴിവുദിനങ്ങളിൽ കളിക്കളത്തിലേക്കുള്ള യാത്രയിൽ മക്കളായ മിഷാലിനെയും തഹ്സിനെയും ഒപ്പം കൂട്ടുമായിരുന്നു. ആ ആവേശമാണ് ഇളയ മകൻ തഹ്സിനെ ദേശീയ ടീം വരെ എത്തിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.