കോഴിക്കോട്: ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ ചുവടുവയ്ക്കുന്ന വിദ്യാരംഭം ഇന്ന്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ആരാധനാലയങ്ങൾക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകൾ ആഘോഷിക്കുന്നു.
തിരൂർ തുഞ്ചൻ പറമ്പിൽ വിദ്യാരംഭ ചടങ്ങുകൾക്കുളള ഒരുക്കങ്ങൾ നേരത്തേ പൂർത്തിയായി. അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ ജാതി, മതഭേദമെന്യേ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആയിരങ്ങളെത്തുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനുമായിരുന്ന എം.ടി. വാസുദേവൻ നായർ വിടപറഞ്ഞതിനു ശേഷമുള്ള തുഞ്ചൻ സ്മാരകത്തിലെ ആദ്യത്തെ വിദ്യാരംഭ ചടങ്ങാണിത്.കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാന്മാരായ വഴുതക്കാട് മുരളീധരൻ, പി.സി. സത്യനാരായണൻ, പ്രഭേഷ് പണിക്കർ എന്നിവരും സരസ്വതീ മണ്ഡപത്തിൽ മലയാളത്തിലെ പ്രമുഖരായ 40 എഴുത്തുകാരും അരിയിട്ട വെള്ളിത്തളികയിലും നാവിൻതുമ്പിലും കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കും. തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നു.
തിരൂർ തുഞ്ചൻ പറമ്പിൽനിന്നുള്ള മണൽ ഉപയോഗിച്ചാണ് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നത്. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന എറണാകുളം പറവൂർ മൂകാംബിക ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും രാവിലെ മുതൽ ചടങ്ങുകൾ ആരംഭിച്ചു.
എറണാകുളം ചോറ്റാനിക്കര ക്ഷേത്രം, തൃശ്ശൂരിലെ ചേർപ്പ് തിരുവുള്ളക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭത്തോട് അനുബന്ധിച്ച് ഒട്ടേറെ പേർ പങ്കെടുക്കാറുണ്ട്. വാദ്യ-നൃത്ത-സംഗീത കലകൾക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്. ദുർഗാഷ്ടമി നാളിൽ പൂജവച്ച് ആരാധിച്ച പുസ്തകങ്ങളും പണിയായുധങ്ങളും വിജയദശമി നാളിൽ പൂജയ്ക്ക് ശേഷം ഉപയോഗിച്ചു തുടങ്ങുന്നു. വിജയദശമി അഥവാ ദസറയുമായി ബന്ധപ്പെട്ട് വിവിധ കഥകളാണ് ഇന്ത്യയുടെ വിവിധയിടങ്ങളിൽ പറഞ്ഞു കേൾക്കുന്നത്
ചിലതിന് രാമായണമായും മഹാഭാരതവുമായും ബന്ധമുണ്ട്. മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേൽ ദുർഗാദേവി വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി എന്നും ഐതിഹ്യമുണ്ട്. ദുർഗ്ഗാദേവി മഹിഷാസുരനുമായി ഒൻപത് ദിവസം യുദ്ധം ചെയ്ത് വധിച്ച് ഭൂമിയിൽ സമാധാനം തിരികെ കൊണ്ടുവെന്നാണ് ഐതിഹ്യം.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.