ഗാസ സിറ്റി: ഗാസയിലേക്ക് സഹായങ്ങളുമായി പോയ ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില ബോട്ടുകള്‍ പിടിച്ചെടുത്ത ഇസ്രയേലിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ഫ്ളോട്ടില ആക്ടിവിസ്റ്റുകളെ തടവിലാക്കിയ ഇസ്രയേല്‍ നടപടി നിയമവിരുദ്ധമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. ഇസ്രയേല്‍ വംശഹത്യ നടത്തുകയാണെന്നും ആനസ്റ്റി വിമർശിച്ചു
ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില ബോട്ടുകള്‍ തടഞ്ഞതും ഗാസന്‍ തീരത്ത് നിന്ന് അംഗങ്ങളെ തടവിലാക്കിയതും സമാധാനപൂര്‍വമായ മാനുഷിക ദൗത്യത്തിന് നേരെയുള്ള ലജ്ജാകരമായ ആക്രമണമാണ്. ഫ്ളോട്ടിലയ്ക്കും അതിലെ അംഗങ്ങള്‍ക്കുമെതിരായ ആഴ്ചകള്‍ നീണ്ട ഭീഷണികള്‍ക്ക് ശേഷമാണ് ഇന്നത്തെ നടപടി', ആംനസ്റ്റി സെക്രട്ടറി ജനറല്‍ ആഗ്നസ് കള്ളാമാര്‍ഡ് കുറിച്ചു.അന്താരാഷ്ട്ര സമുദ്രത്തില്‍ നിന്നും സഹായവുമായെത്തിയ ബോട്ടുകള്‍ പിടിച്ചെടുത്തത് നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്ര സഭയും പ്രതികരിച്ചു. 'അധിനിവേശ ശക്തിയെന്ന നിലയില്‍ ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നുകളും ഇസ്രയേല്‍ ഉറപ്പാക്കണം. അല്ലെങ്കില്‍ മാനുഷിക ദുരിതാശ്വാസ പദ്ധതികളെ അംഗീകരിക്കുകയും അവയുടെ വിതരണം തടസമില്ലാതെ സുഗമമാക്കാന്‍ അനുവദിക്കുകയും ചെയ്യുക.
ഐക്യരാഷ്ട്ര സഭ വക്താവ് തമീന് അല്‍ ഖീദന്‍ പറഞ്ഞു. ഫ്ളോട്ടില പിടിച്ചെടുത്തതിന് ബെല്‍ജിയം ഇസ്രയേല്‍ അംബാസഡറെ വിളിച്ചുവരുത്തി. നടപടി അസ്വീകാര്യമാണെന്ന് ബെല്‍ജിയം വിദേശകാര്യ മന്ത്രി മാക്സിം പ്രിവോറ്റ് പറഞ്ഞു. ഫ്ളോട്ടിലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ ഇറ്റലിയില്‍ ഇറ്റാലിയന്‍ യൂണിയനുകള്‍ പൊതു പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം 40 ഫ്ളോട്ടില ബോട്ടുകള്‍ തടഞ്ഞെന്നും ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ള പ്രവര്‍ത്തകരെയാണ് ഇസ്രയേല്‍ സൈന്യം കസ്റ്റഡിയില്‍ എടുത്തത്. സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഗാസയ്ക്ക് സഹായവുമായി ഗ്രെറ്റയും സംഘവും ബാഴ്സലോണയില്‍ നിന്ന് യാത്ര ആരംഭിച്ചത്.
ഗ്രെറ്റയ്ക്ക് പുറമേ നെല്സന് മണ്ടേലയുടെ പേരക്കുട്ടി മണ്ട്ല മണ്ടേല, ബാര്‍സലോണ മുന്‍ മേയര്‍ അഡ കോളോ, ചരിത്രകാരന് ക്ലിയോനികി അലക്സോപൗലോ, മനുഷ്യാവകാശ പ്രവര്ത്തകന് യാസ്മിന് അസര്‍, പരിസ്ഥിതി പ്രവര്ത്തകന് തിയാഗോ ആവില, അഭിഭാഷക മെലാനി ഷൈസര്‍, ശാസ്ത്രജ്ഞന് കാരന് മൊയ്നിഹാന്‍ തുടങ്ങി അഞ്ഞൂറോളം വരുന്ന പ്രവര്‍ത്തകരാണ് 45 ബോട്ടുകളിലായി യാത്ര ചെയ്തത്.ഇസ്രയേല്‍ അധിനിവേശം തുടരുന്ന ഗാസയില്‍ ഭക്ഷണം, വെള്ളം, മരുന്ന് അടക്കം അവശ്യവസ്തുക്കള്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. നേരത്തേ രണ്ട് തവണ ബോട്ടുകള്‍ക്ക് നേരെ ആക്രമണം നടന്നുവെന്ന് വ്യക്തമാക്കി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു
.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.