തിരുവനന്തപുരം∙ ശബരിമല ശ്രീകോവിലിൽ പൂശിയ സ്വർണത്തിന്റെ തൂക്കത്തിൽ ഇതുവരെയുണ്ടായ കുറവിനെക്കുറിച്ചും സ്പോൺസർ എന്ന പേരിൽ ശബരിമലയെ ദുരുപയോഗം ചെയ്ത വ്യക്തികളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്.
സ്വർണപ്പാളികളുടെ വാറന്റി 2019ലെ സ്പോൺസറുടെ പേരിലായതു കൊണ്ടാണ് 2025ലും അറ്റകുറ്റപ്പണികൾക്ക് ഈ സ്പോൺസറോട് ആവശ്യപ്പെട്ടത്. ശബരിമല ക്ഷേത്രത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കാനോ കളങ്കം വരാനോ പാടില്ലെന്നും അതുകൊണ്ടാണ് വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുന്നതെന്നും ബോർഡ് പ്രസിഡൻറ് അഡ്വ. പി.എസ് പ്രശാന്ത് അംഗങ്ങളായ അഡ്വ . എ. അജികുമാർ അഡ്വ. പി.ഡി. സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.ഏത് അന്വേഷണമാണ് ഇക്കാര്യത്തിൽ വേണ്ടത് എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. 2025ൽ സ്വർണം പൂശിയ പാളികൾ അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്കു കൊണ്ടുപോയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടാണെന്ന് ബോർഡ് അവകാശപ്പെട്ടു. തിരുവാഭരണം കമ്മിഷണറുടെ നേതൃത്വത്തിൽ ദേവസ്വം വിജിലൻസ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റ് ഓഫീസർ, ദേവസ്വം സ്മിത്ത് എന്നിവരുടെ സാന്നിധ്യത്തിൽ മഹസർ തയ്യാറാക്കി സീൽ ചെയ്ത് നടപടിക്രമങ്ങളുടെ വീഡിയോ ചിത്രീകരണം നടത്തിയാണ് സുരക്ഷിത വാഹനത്തിൽ പാളികൾ ചെന്നൈയിലേക്കു കൊണ്ടുപോയത്.സ്പോൺസറുടെ കൈവശം കൊടുത്തുവിടുകയല്ല ചെയ്തത്. 14 പാളികളാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ 397 ഗ്രാം സ്വർണമാണ്. കേടുപാടുകൾ ഇല്ലാത്ത രണ്ട് പാളികൾ ചെന്നൈയിലേക്കു കൊണ്ടുപോയില്ല. കൊണ്ടുപോയ 12 പാളികളുടെ ആകെ ഭാരം 22 കിലോ ആണ്. അതിൽ 281 ഗ്രാം ആയിരുന്നു സ്വർണം. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ നടന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി 10 ഗ്രാം സ്വർണമാണ് പുതുതായി പൂശിയത്. ശേഷം സന്നിധാനത്ത് തിരികെ എത്തിച്ചപ്പോൾ 12 പാളികളിലെ സ്വർണത്തിന്റെ ഭാരം 291 ഗ്രാമായി വർധിച്ചു.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൂശിയ 14 പാളികളുടെ ആകെ ഭാരം 38 കിലോയാണ്. ഇതിൽ സ്വർണത്തിന്റെ ഭാരം 397 ഗ്രാമിൽ നിന്ന് ഇപ്പോൾ 407 ഗ്രാമായും വർധിച്ചു. സന്നിധാനത്ത് തിരികെ എത്തിച്ച പാളികൾ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കയാണ്. ഇത് പുനഃസ്ഥാപിക്കാനുള്ള അനുമതി ഹൈക്കോടതിയിൽ നിന്നു ലഭ്യമായ സാഹചര്യത്തിൽ തുലാമാസ പൂജയ്ക്കായി നടതുറക്കുന്ന ഒക്ടോബർ 17ന് പാളികൾ പുനഃസ്ഥാപിക്കും2019ലെ അറ്റകുറ്റപ്പണികൾക്ക് ശേഷം 40 വർഷത്തെ വാറന്റി ഈ പാളികൾക്ക് ഉണ്ടെന്നാണ് സ്മാർട്ട് ക്രിയേഷൻസും സ്പോൺസറും അറിയിച്ചിരുന്നത്. വറന്റി അന്നത്തെ സ്പോൺസറുടെ പേരിലായതുകൊണ്ട് മാത്രമാണ് 2025ൽ പാളികളുടെ അറ്റകുറ്റപ്പണികൾക്ക് ദേവസ്വം ബോർഡ് ഈ സ്പോൺസറോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഒളിക്കാനോ മറയ്ക്കാനോ യാതൊന്നുമില്ല. അതുകൊണ്ടാണ് വിഷയത്തിൽ സമഗ്ര അന്വേഷണത്തിന് കോടതിയോട് ആവശ്യപ്പെടുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.