കോഴിക്കോട്: പേരാമ്പ്രയിൽ പൊലീസ് മർദനമേറ്റ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും വടകര എം.പിയുമായ ഷാഫി പറമ്പിൽ അടക്കമുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്.ഐ.ആർ. കോൺഗ്രസ്, എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ 692 പേർക്കെതിരെയാണ് കേസ്.
കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് പ്രവീൺ കുമാറും പ്രതിപ്പട്ടികയിലുണ്ട്. അന്യായമായി സംഘം ചേർന്നു, വഴി തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. അതിനിടെ, പൊലീസ് നടപടിയിൽ മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എസ്.എഫ് പ്രവർത്തകർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്നലെ യു.ഡി.എഫ് നടത്തിയ പ്രകടനത്തിനു നേരെ പൊലീസ് നടത്തിയ ലാത്തിചാർജിലാണ് ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റത്.പ്രതിഷേധക്കാരെ മുഖാമുഖം നിന്ന് നേരിട്ട പൊലീസ് ലാത്തികൊണ്ട് ഷാഫിയുടെ തലക്കും മുഖത്തും മർദിക്കുകയായിരുന്നു. യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്നലെ പേരാമ്പ്രയിൽ യു.ഡി.എഫ് ഹർത്താലായിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസ് അടപ്പിക്കാൻ ശ്രമിച്ച യു.ഡി.എഫ് പ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ വി.കെ. പ്രമോദും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വ്യാഴാഴ്ച പ്രവർത്തകർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫും വി.കെ. പ്രമോദിനെതിരെയുള്ള കൈയേറ്റ ശ്രമത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മും പേരാമ്പ്രയിൽ പ്രകടനം നടത്തി.
ആദ്യം നടന്ന സി.പി.എം പ്രകടനം മാർക്കറ്റ് പരിസരത്തുനിന്ന് ആരംഭിച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ചു. പിന്നീട് വന്ന യു.ഡി.എഫ് പ്രകടനം ബസ് സ്റ്റാൻഡിൽ എത്തുന്നതിനു മുമ്പ് പൊലീസ് തടഞ്ഞു. സ്റ്റാൻഡിൽ നിലയുറപ്പിച്ച സി.പി.എം പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ സംഘർഷമില്ലാതിരിക്കാനാണ് പൊലീസ് തടഞ്ഞത്. എന്നാൽ, പിരിഞ്ഞു പോകാൻ യു.ഡി.എഫ് പ്രവർത്തകർ തയാറായില്ല. തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.
ഗ്രനേഡ് കൈയില്‍നിന്ന് പൊട്ടി വടകര ഡിവൈ.എസ്.പി സി. ഹരിപ്രസാദിന് പരിക്കേറ്റു. ഇദ്ദേഹത്തെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയമാണ് ഷാഫി പറമ്പിലും കെ. പ്രവീൺ കുമാറും കെ.എം. അഭിജിത്തും എത്തുന്നത്. പിന്നീട് തുടർച്ചയായി പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിചാർജ് നടത്തുകയുംചെയ്തു. എം.പിയെ കൂടാതെ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്, കെ.പി.സി.സി മെംബര്‍ സത്യന്‍ കടിയങ്ങാട്, ഡി.സി.സി സെക്രട്ടറി പി.കെ. രാഗേഷ്, കെ.കെ. വിനോദന്‍, കുറുക്കന്‍ കുന്നുമ്മല്‍ അഷ്‌റഫ്, ഫിനാന്‍ മാക്കത്ത്, സജീര്‍ പന്നിമുക്ക്, നിയാസ് തുളുനടത്തില്‍, ഷാജി ആനാലി എന്നിവര്‍ക്കും പരിക്കേറ്റു. ഇവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി.
ഷാഫി പറമ്പില്‍ എം.പിക്ക് നേരെയുണ്ടായത് സി.പി.എമ്മും പൊലീസും ചേര്‍ന്ന് കരുതിക്കൂട്ടി നടത്തിയ അക്രമമാണെന്നും അതിനെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍എ പറഞ്ഞു. ഷാഫി പറമ്പിലിനും പ്രവര്‍ത്തകര്‍ക്കും എതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ബ്ലോക്ക് തലത്തില്‍ പ്രതിഷേധ പ്രകടനം നടത്തും.സ്വര്‍ണപ്പാളി മോഷണത്തില്‍ പ്രതിക്കൂട്ടിലായ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ചേര്‍ന്ന് ജനശ്രദ്ധ തിരിക്കാനാണ് ആക്രമണം ആസുത്രണം ചെയ്തത്. പോലീസ് അത് നടപ്പാക്കുകയായിരുന്നു. സിപിഎമ്മിന്റെ ക്വട്ടേഷന്‍ പണിയാണ് ഇപ്പോള്‍ കേരള പോലീസിന്. ജനാധിപത്യ രീതിയില്‍ ഷാഫി പറമ്പിലിനെ പരാജയപ്പെടുത്താന്‍ കഴിയാത്തതിന്റെ പേരിലാണ് അക്രമിച്ച് ഇല്ലാതാക്കാമെന്ന് സിപിഎം കരുതുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞുഷാഫി പറമ്പില്‍ എം.പിക്കെതിരെ നടന്നത് കൊടിയ അക്രമമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. സി.പി.എമ്മും പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഷാഫിക്കെതിരായ ആക്രമണം. കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ ആക്രമിക്കുകയെന്ന ജനാധിപത്യ വിരുദ്ധതക്ക് സി.പി.എം നേതൃത്വം നല്‍കുമ്പോള്‍, സംസ്ഥാന സര്‍ക്കാരിന്റെ സകല സംവിധാനങ്ങളും അതിന് കുട പിടിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിനെതിരെ ഇന്ന് വൈകിട്ട് മൂന്നുമണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധസംഗമം നടത്തും. കെസി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി വൈകിയും പല സ്ഥലത്തും പ്രതിഷേധം തുടർന്നു. പലയിടത്തും ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ നീക്കിയത്. വിവിധ ജില്ലകളിൽ നടന്ന കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. പലയിടത്തും ദേശീയ പാത ഉപരോധിച്ച പ്രവർത്തകർ ഏറെ നേരത്തിന് ശേഷമാണ് പിന്തിരിഞ്ഞത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.