ന്യൂഡൽഹി: ശതകോടികളുടെ സമ്പാദ്യവുമായി ലോകത്തെ ഏറ്റവും സമ്പന്നരായ സിനിമ താരങ്ങളുടെ നിരയിൽ ഇടം പിടിച്ചിരിക്കുകയാണ് ബോളിവുഡിന്റെ ബാദ്ഷാ ഷാറൂഖ് ഖാൻ. 1.4 ബില്യൺ ഡോളർ (ഏകദേശം 12,400 കോടി രൂപ) സമ്പാദ്യവുമായി ഷാറൂഖ് ബോളിവുഡിലെ പണക്കാരിൽ മുന്നിലാണിപ്പോൾ അദ്ദേഹം.
എന്നാൽ, ഷാറൂഖിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി. ഇത്രയേറെ കോടികളുടെ സ്വത്തുണ്ടായിട്ടും ജന സഹസ്രങ്ങളുടെ ആരോഗ്യം കവർന്നെടുക്കുന്ന പാൻ മസാലയുടെ പരസ്യത്തിൽ ഷാറൂഖ് അഭിനയിക്കുന്നതിന്റെ ധാർമികതയെയാണ് ധ്രുവ് ചോദ്യം ചെയ്യുന്നത്. ‘ഷാറൂഖ് ഖാനോടുള്ള എന്റെ ചോദ്യം’ എന്ന കാപ്ഷനിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന തന്റെ പുതിയ വിഡിയോയിലാണ് ധ്രുവ് റാഠി ബോളിവുഡിലെ താരചക്രവർത്തിക്കെതിരെ പൊള്ളുന്ന ചോദ്യമെറിഞ്ഞത്. ഇത്ര കാശുണ്ടായിട്ടും നിങ്ങൾക്ക് മതിയായില്ലേ? എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്.‘ഷാറൂഖ് ഖാൻ ഇപ്പോൾ ശതകോടീശ്വരനായിരിക്കുന്നു. വാർത്താ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ മൊത്തം ആസ്തി 1.4 ബില്യൺ ഡോളർ (ഏകദേശം 12,400 കോടി രൂപ) ആണ്. അത് എത്രമാത്രം തുകയുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഊഹിക്കുന്നതിനും അപ്പുറത്താണത്’ -‘എക്സി’ൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ റാഠി പറയുന്നു.
ഇത്രയും സ്വത്തിന്റെ പലിശ തന്നെ എത്ര രൂപയുണ്ടാകും! പരസ്യങ്ങളിൽനിന്നുൾപ്പെടെ വരുമാനം കുന്നുകൂടുന്നു. അങ്ങനെയുള്ള ഘട്ടത്തിൽ എനിക്ക് ഷാറൂഖ് ഖാനോട് ചോദിക്കാനുള്ളത് ഇതാണ്. നിങ്ങൾക്ക് ഇത്രയും കാശൊക്കെ പോരേ? അങ്ങനെയാണെങ്കിൽ, നിങ്ങൾ എന്തിനാണ് ഹാനികരമായിട്ടുള്ള പാൻ മസാലയുടെ പരസ്യങ്ങളിൽ കാശിനുവേണ്ടി അഭിനയിക്കുന്നത്?
ഏറിവന്നാൽ, ഈ പരസ്യത്തിൽനിന്ന് നിങ്ങൾക്ക് 100-200 കോടി രൂപ കിട്ടുമായിരിക്കും. എന്നാൽ, അതുണ്ടാക്കുന്ന സാമൂഹിക ആഘാതത്തിന്റെ വ്യാപ്തി നിങ്ങൾ കണക്കിലെടുക്കുന്നില്ലേ? ശരിക്കും നിങ്ങൾക്ക് ഈ 100-200 കോടി രൂപ ആവശ്യമുണ്ടോ? നിങ്ങളുടെ മനസ്സാക്ഷിയോട് സത്യസന്ധമായി ചോദിക്കൂ. സമ്പത്തിന്റെ ഈ മഹാശേഖരം കൊണ്ട് നിങ്ങൾ എന്തുചെയ്യാനാണ്? മറ്റൊരു വീക്ഷണകോണിലൂടെ ചിന്തിച്ചുനോക്കൂ..രാജ്യത്തെ ഏറ്റവും പ്രമുഖനായ നടൻ ഇത്തരത്തിൽ ഹാനികരമായ വസ്തുക്കളുടെ പ്രചാരകനാകാതെ മാറിനിൽക്കുന്നുവെന്ന് കരുതുക. എങ്കിൽ അത് ഈ നാട്ടിലുണ്ടാക്കുന്ന പ്രതിഫലനത്തെക്കുറിച്ച് ആലോചിച്ചുനോക്കിക്കൂടേ..’ -ധ്രുവ് ചോദിക്കുന്നു.തന്റെ സന്ദേശം ഷാറൂഖിന്റെ മുമ്പാകെ എത്തുന്നതുവരെ പ്രചരിപ്പിക്കണമെന്നാണ് വിഡിയോയിൽ ധ്രുവ് റാഠി അദ്ദേഹത്തിന്റെ ആരാധകലക്ഷങ്ങളോട് ആവശ്യപ്പെടുന്നത്. സിദ്ധാർഥ് ആനന്ദിന്റെ ‘കിങ്’ എന്ന സിനിമയിൽ അഭിനയിക്കുന്ന തിരക്കിലാണിപ്പോൾ ഷാറൂഖ്. മകൾ സുഹാന ഖാൻ, ദീപിക പദുകോൺ, അഭിഷേക് ബച്ചൻ, അർഷദ് വാർസി എന്നിവർ ഉൾപ്പെടെ വൻതാരനിരയാണ് ചിത്രത്തിൽ ഷാറൂഖിന് ഒപ്പമുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.