ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കോടികൾ ചെലവഴിച്ചതിന്റെ തെളിവുകൾ പുറത്ത്..

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കോടികൾ ചെലവഴിച്ചതിന്റെ തെളിവുകൾ പുറത്ത്. സംഗമത്തിൽ പങ്കെടുത്ത പ്രതിനിധികൾ തങ്ങിയത് ആഡംബര റിസോർട്ടുകളിലാണെന്നും മുറിവാടക ഇനത്തിൽ ലക്ഷക്കണക്കിന് രൂപ ദേവസ്വം ബോർഡ് ചെലവഴിച്ചതായും പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു.

സ്പോൺസർമാർ ആണ് സംഗമത്തിന് പണം നൽകിയതെന്ന വാദം ഇതോടെ പൊളിയുകയാണ്. ആഗോള അയ്യപ്പ സംഗമത്തിന് പണം അനുവദിച്ചത് ദേവസ്വം ഫണ്ടിൽ നിന്നാണെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ദേവസ്വം ബോർഡ് അംഗം എ. അജികുമാർ ഈ തുക 'റിലീജിയസ് കൺവെൻഷൻ ആൻഡ് ഡിസ്കോഴ്സ്' എന്ന ഹെഡിൽ നിന്നാണ് അനുവദിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഗമം നടക്കുന്നതിന് അഞ്ച് ദിവസം മുൻപാണ് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ദേവസ്വം കമ്മീഷണർ ഇറക്കിയത്. ഇതിന് പിന്നാലെ സെപ്റ്റംബർ 17-ന്, പ്രതിനിധികൾക്ക് താമസസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകളും പുറത്തിറങ്ങി.
പമ്പയിലാണ് അയ്യപ്പ സംഗമം നടന്നതെങ്കിലും, അതിൽ പങ്കെടുത്ത പ്രതിനിധികളെ താമസിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തത് കുമരകത്തെ ഹോട്ടലുകളും റിസോർട്ടുകളുമാണ്. താമസസൗകര്യത്തിനായി ലക്ഷങ്ങളാണ് അഡ്വാൻസ് തുകയായി ദേവസ്വം ഫണ്ടിൽ നിന്ന് നൽകിയത്. പമ്പയിൽ സംഗമം നടക്കുകയും കുമരകത്ത് വലിയ തുക ചെലവഴിച്ച് താമസം ഒരുക്കുകയും ചെയ്തതിൽ വലിയ ധൂർത്ത് നടന്നിട്ടുണ്ടെന്നാണ് ആരോപണം. പ്രധാനമായും നാല് റിസോർട്ടുകളിലാണ് താമസസൗകര്യം ഒരുക്കിയത്. കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിന് 8,31,600 രൂപയും താജ് കുമരകം റിസോർട്ടിന് 3,39,840 രൂപയും പാർക്ക് റിസോർട്ടിന് 80,000 രൂപയും കെടിഡിസി ഗേറ്റ്വേ റിസോർട്ടിന് 25,000 രൂപയും അഡ്വാൻസായി അനുവദിച്ചിരുന്നു. ഈ തുകകൾ അഡ്വാൻസ് മാത്രമാണ് എന്നും, ബാക്കിയുണ്ടെങ്കിൽ അത് അക്കൗണ്ടിൽ നിന്ന് പേ ചെയ്യുമെന്നും ഉത്തരവിൽ ദേവസ്വം കമ്മിഷണർ വ്യക്തമാക്കിയിരുന്നു. അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും ഈ സൗകര്യങ്ങൾ നൽകിയിട്ടില്ലെങ്കിലും, ഒരു വിഭാഗം വിഐപി പ്രതിനിധികൾ ഉണ്ടായിരുന്നു എന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിൽ യാതൊരു വേർതിരിവുമില്ലെന്നും വിഐപികൾ ഇല്ലെന്നും സർക്കാരും ദേവസ്വം ബോർഡും പറഞ്ഞിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള കണക്കുകൾ പുറത്തുവരുന്നത്. 4500 ഓളം പ്രതിനിധികൾ പങ്കെടുത്തു എന്ന് ദേവസ്വം ബോർഡ് അവകാശപ്പെടുമ്പോൾ, കുമരകത്തെ നക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിച്ച വിഐപി പ്രതിനിധികൾ ആരായിരുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്

ഭരിക്കാൻ ഏൽപ്പിച്ചവർ ഭരിക്കട്ടെയെന്നും കണക്കുകൾ ഹൈക്കോടതിയിൽ കൊടുക്കുമെന്നും വിഷയത്തിൽ സിപിഎം നേതാവ് കെ. അനിൽ കുമാർ പറഞ്ഞു. ശബരിമലയിലെ അയ്യപ്പ സംഗമം, ക്ഷേത്ര വികസനം സംബന്ധിച്ച് വളരെ ഗുണകരമായ ഒരു 'തീം' ജനങ്ങളിലേക്ക് എത്തിച്ചുവെന്നും, ഇതിന്റെ മൂല്യം ഇപ്പോൾ കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞ ഒരു പ്രവർത്തനമാണെന്നും, തമിഴ്‌നാട്, മറ്റ് സംസ്ഥാനങ്ങൾ, വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വന്നവർ ഈ ക്ഷേത്രത്തിന്റെ അംബാസഡർമാരെപ്പോലെ പ്രവർത്തിക്കും. ക്ഷേത്ര പുരോഗതിക്ക് വേണ്ടി നാളെ നേരിട്ട് ക്ഷേത്രത്തിലേക്ക് സഹായം എത്തിക്കാൻ കഴിയുന്ന ബന്ധങ്ങളാണ് ദേവസ്വം ബോർഡ് സ്ഥാപിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു

ആഗോള അയ്യപ്പ സംഗമത്തിന് പണം ചെലവഴിച്ചത് ദേവസ്വത്തിന്റെ പക്കൽ നിന്നാണെന്ന് ബോർഡ് അംഗം എ അജികുമാർ തന്നെ തുറന്ന് സമ്മതിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പ് ചെലവിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഫണ്ട് ഉപയോഗിച്ചുവെന്ന് അജികുമാർ  പറഞ്ഞു. ദേവസ്വം ഫണ്ട് എടുക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്ന സാഹചര്യത്തിൽ, ഈ വെളിപ്പെടുത്തൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച വിഷയമാവുകയും കോടതി അലക്ഷ്യമായി കണക്കാക്കപ്പെടുകയും ചെയ്തേക്കാം. മൂന്ന് കോടി രൂപ അനുവദിച്ചത് റിലീജിയസ് കൺവെൻഷൻ ഡിസ്കോഴ്സ് എന്ന ഹെഡിൽ നിന്നാണെന്ന് അജികുമാർ സമ്മതിച്ചു. ദേവസ്വം ബോർഡിന്റെ ബഡ്ജറ്റിൽ ഈ ഹെഡിന് കീഴിൽ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ തുക ദേവസ്വം ഫണ്ടിൽ ഉൾപ്പെടുന്നതാണ്. അജികുമാറിന്റെ വിശദീകരണം അനുസരിച്ച്, ഒട്ടേറെ സ്പോൺസർമാർ സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും, അക്കൗണ്ടിലേക്ക് പണം വരാൻ ചെറിയ കാലതാമസം വരും. അതുകൊണ്ട്, താൽക്കാലിക എക്സ്പെൻസ് (ചെലവുകൾ) നിറവേറ്റാൻ വേണ്ടി ഈ ഹെഡിൽ നിന്ന് അഡ്വാൻസ് രൂപത്തിൽ താൽക്കാലിക ക്രമീകരണം എന്ന നിലയിലാണ് മൂന്ന് കോടി രൂപ ഉപയോഗപ്പെടുത്തിയതെന്നാണ്. സ്പോൺസർമാരുടെ ഫണ്ട് അക്കൗണ്ടിലേക്ക് വരുമ്പോൾ ഈ തുക ദേവസ്വം ഫണ്ടിലേക്ക് തിരിച്ചടയ്ക്കുമെന്നും, അധികമായി ഫണ്ട് വരുകയാണെങ്കിൽ ദേവസ്വം ബോർഡിന്റെ അക്കൗണ്ടിലേക്ക് മാറ്റുമെന്നുമാണ് ബോർഡ് അംഗം വെളിപ്പെടുത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !