കോഴിക്കോട്: ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിൻ്റെ ഞെട്ടലിലാണ് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്‌ടർ കെ ഗോപാലകൃഷ്‌ണൻ. ആശുപത്രിയിലുണ്ടായ സംഭവം വിറയലോടെ അദ്ദേഹം പങ്കുവച്ചത്. തന്നെയാണ് പ്രതി ലക്ഷ്യം വച്ചിരുന്നതെന്നും യോഗത്തില്‍ പങ്കെടുക്കാൻ പോയതിനാല്‍ തലനാരിഴക്ക് രക്ഷപ്പെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു.
ആശുപത്രിയുടെ മുകളിലത്തെ നിലയിലെ കോൺഫറൻസ് ഹാളിൽ മാസംതോറുമുള്ള യോഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു. രണ്ടു മണിയായപ്പോൾ ഏകദേശം യോഗ നടപടികൾ പൂർത്തിയായിരുന്നു. അപ്പോഴാണ് അത്യാഹിത വിഭാഗത്തിൽ നെഞ്ചുവേദനയെ തുടർന്ന് ഒരാളെ എത്തിച്ചത്. അദ്ദേഹത്തിന് കാർഡിക് അറസ്റ്റോ മറ്റോ ഉണ്ടോ എന്നറിയാൻ ഒരു ടെസ്റ്റ് നടത്തേണ്ടിയിരുന്നു. അതിനായി കാർഡ് ചെക്ക് ചെയ്‌ത സമയത്ത് അത് തീർന്നിരുന്നു. ഇതോടെ കൂടെ വന്ന ആളുകൾ ബഹളമുണ്ടാക്കി.പണം തിരികെ നൽകാമെന്നും ഉടനെ അടുത്ത ആശുപത്രിയിൽ എത്തിച്ച് ചെക്ക് ചെയ്യണമെന്നും ആശുപത്രിയിൽ അധികൃതർ പറഞ്ഞെങ്കിലും ബഹളം നിലച്ചില്ല. ഈ സമയത്ത് താൻ മുകളിലത്തെ നിലയിൽ യോഗത്തിൻ്റെ റിപ്പോർട്ട് പരിശോധിക്കുകയായിരുന്നു. ഇതേസമയം സെക്കൻഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്‌ടര്‍ തൻ്റെ റൂമിലേക്ക് വന്നു. രോഗിയുടെ കൂടെ വന്ന ആളുകളുമായി വിഷയം ചർച്ച ചെയ്യുകയായിരുന്നു. ഒപ്പം രണ്ട് ലാബ് ടെക്‌നീഷ്യന്മാരും ഉണ്ടായിരുന്നു. ഈ സമയത്താണ് പുറത്ത് തന്നെ കാത്തിരുന്ന സനൂപ് മുറിയിലേക്ക് കയറി വരികയും ബാഗിൽ നിന്ന് കൊടുവാളെടുത്ത് ഡോക്‌ടര്‍ വിപിനിൻ്റെ തലയ്ക്ക് വെട്ടുകയും ചെയ്‌തതെന്ന് അദ്ദേഹം വ്യക്തമാക്കി.ഇതിനിടയിൽ ലാബ് ടെക്‌നീഷ്യന്മാർ ഇയാളെ ബലപ്രയോഗത്തിലൂടെ പിടിച്ചു മാറ്റി. അല്ലെങ്കിൽ തുരുതുരാ അയാൾ ഡോക്‌ടറെ വെട്ടുമായിരുന്നു. താൻ ഓടി വന്നു നോക്കുന്ന സമയത്ത് മുറിയിൽ രക്തം ചിതറി കിടക്കുന്നു. ഉടൻതന്നെ പൊലീസ് എത്തി സനൂപിനെ കൊണ്ടുപോയി. പിന്നാലെ ആംബുലൻസ് വിളിച്ച് താനും കൂടെ ഉണ്ടായിരുന്ന ഡോക്ടർമാരും കോഴിക്കോട് നഗരത്തിലേക്ക് കുതിച്ചു. ഇപ്പോൾ സനൂപ് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ ആണുള്ളത്.വെട്ട് സാരമുള്ളതാണെങ്കിലും ആഴത്തിലേക്ക് പ്രവേശിച്ചില്ല. തലച്ചോറിനെ വലിയ രീതിയിൽ ബാധിച്ചില്ല എന്നാണ് പ്രാഥമിക വിവരം. രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും ഇന്നത്തെ വിഷയത്തിൽ തനിക്ക് ഏൽക്കേണ്ട വെട്ടാണ് ഡോക്‌ടർ വിപിന് എറ്റു വാങ്ങേണ്ടി വന്നതെന്ന് വിറയലോടെ ഗോപാലകൃഷ്‌ണൻ പറയുന്നു. രണ്ട് വർഷമായി തനിക്കൊപ്പം ജോലി ചെയ്‌തു വരികയായിരുന്നു.
അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച പെൺകുട്ടി അന്ന് രാവിലെ ഒ.പിയിലാണ് എത്തിയത്. പരിശോധനകൾ പൂർത്തിയാക്കുന്നതിനിടെ കുട്ടിക്ക് അപസ്‌മാരം വന്നു. പരിശോധനകൾ പൂർത്തിയാക്കി 3 മണിയോടെ മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്യുകയായിരുന്നു. ഒരു പകൽ മാത്രമാണ് ആ പെൺകുട്ടി ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ മരണ സംഭവിച്ച ശേഷം പിതാവ് സനൂപ് തന്നെ കാണാൻ വന്നിരുന്നുഒരു മൂന്നാഴ്‌ചയ്ക്ക് മുമ്പ്. ഡത്ത് സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും മരണകാരണം വ്യക്തമല്ലെന്നും പറഞ്ഞായിരുന്നു സമീപിച്ചത്. എന്നാൽ ഞങ്ങളല്ല ഡെത്ത് സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച സംഭവമായതുകൊണ്ട് കോർപ്പറേഷൻ ആണ് സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നും അയാളെ പറഞ്ഞു മനസിലാക്കി. ഡിഎംഒ തലം വരെ വിഷയങ്ങൾ ധരിപ്പിച്ചു. മറ്റുള്ള അനുബന്ധ ഉദ്യോഗസ്ഥരെയും ഈ വിവരം അറിയിച്ചു. എന്നാൽ തെറ്റിദ്ധാരണ മൂലമാണ് പെൺകുട്ടിയുടെ അച്ഛൻ തങ്ങളെ തേടി ആക്രമിക്കാൻ വന്നത്. ഇത് തീർത്തും നിർഭാഗ്യകരമായ സംഭവമാണെന്നും പങ്കുവച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.