തിരുവനന്തപുരം :പിഎം ശ്രീ വിഷയത്തില്‍ അനുനയ ചര്‍ച്ചകള്‍ സജീവമാക്കുന്നതിനൊപ്പം തന്ത്രപരമായ നീക്കങ്ങളുമായി സിപിഎം.
കേന്ദ്രത്തില്‍നിന്നു പണം വാങ്ങിയെടുക്കുന്നതിനൊപ്പം സിപിഐയെ പിണക്കാതെ മുന്നോട്ടുകൊണ്ടുപോകാനുമുള്ള സാധ്യതകളാണ് പാര്‍ട്ടി ആലോചിക്കുന്നത്.കരാര്‍ ഒപ്പുവച്ച സാഹചര്യത്തില്‍ ഫണ്ട് ലഭിച്ചു തുടങ്ങും. എന്നാല്‍ പദ്ധതി നടത്തിപ്പ് വൈകിപ്പിച്ച് ആ സമയം കൊണ്ട് എല്‍ഡിഎഫില്‍ വിഷയം ചര്‍ച്ച ചെയ്ത് സിപിഐയെ അനുനയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. എന്തായാലും പിഎം ശ്രീയില്‍നിന്നുള്ള പിന്നോട്ടില്ല എന്ന നിലപാട് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായത്.
അതേസമയം ഇടഞ്ഞുവില്ക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങുകയും ചെയ്യും. എന്നാല്‍ പദ്ധതിയില്‍നിന്നു പിന്മാറുക എന്ന കടുത്ത നിലപാട് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ തന്നെ വ്യക്തമാക്കിയ നിലയ്ക്ക് സിപിഎമ്മിന്റെ അനുനയശ്രമങ്ങള്‍ എത്രത്തോളം ഫലിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.
ഉച്ചയ്ക്കു ശേഷം ആലപ്പുഴയില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് മൂന്നരയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തും. പദ്ധതിയില്‍ ഒപ്പിട്ടതിന്റെ സാഹചര്യം സിപിഐയെ ബോധ്യപ്പെടുത്തി മുന്നോട്ടു പോകാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. മുഖ്യമന്ത്രി തന്നെ നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനും തീരുമാനമായി.
സിപിഐ മുന്നോട്ടുവയ്ക്കുന്ന ആശങ്കകള്‍ ഗൗരവത്തിലെടുത്ത് സമവായ സാധ്യത തേടാനുള്ള നീക്കങ്ങളാണ് സിപിഎം സജീവമാക്കുന്നത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ സിപിഐയെ പിണക്കുന്നതും പിഎം ശ്രീ വിഷയത്തില്‍ കേന്ദ്രത്തിനു വഴങ്ങിയെന്ന പ്രതീതി പൊതുസമൂഹത്തില്‍ ഉണ്ടാകുന്നതും തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് സിപിഎം നേതൃത്വത്തിനുള്ളത്.
അതുകൂടി കണക്കിലെടുത്താണ് അനുനയനീക്കങ്ങള്‍ക്കു മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങുന്നത്. സെക്രട്ടേറിയറ്റ് യോഗത്തിനിടെ മുഖ്യമന്ത്രി തന്നെ നേരിട്ട് ബിനോയ് വിശ്വത്തെ വിളിച്ചുവെന്നാണ് റിപ്പോര്‍ട്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.