അഡ്‌ലെയ്ഡ്: ഓസീസിനെതിരായ പരമ്പര നഷ്ടമായെങ്കിലും രണ്ടാം ഏകദിനത്തിൽ രോഹിത് ശർമ (73) നേടിയ അർധസെഞ്ചറി ആരാധകർക്ക് ആശ്വസിക്കാൻ വക നൽകി.
ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ വിരാട് കോലി, രണ്ടാം മത്സരത്തിലും പൂജ്യത്തിനു പുറത്തായതിന്റെ വേദന മറികടന്നതും ഹിറ്റ്മാൻ ഹിറ്റായപ്പോഴാണ്. രോഹിത് മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പം (61) കൂട്ടിച്ചേർത്ത 118 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയായത്. ശുഭ്മൻ ഗിൽ (9), കോലി (0) എന്നിവരെ തുടക്കത്തിലേ നഷ്ടമായ ഇന്ത്യ ഒരു ഘട്ടത്തിൽ 2ന് 17 എന്ന നിലയിലായിരുന്നു.മൂന്നാം വിക്കറ്റിലെ രോഹിത്– ശ്രേയസ് കൂട്ടുകെട്ട് ഇന്ത്യയ്ക്കു കരുത്തായത്.ക്യാപ്റ്റൻ സ്ഥാനം നഷ്ടമായതിനു പിന്നാലെ ആദ്യ മത്സരത്തിൽ തിളങ്ങാനാകാതെ പോയതിന്റെയും സമ്മർദഘട്ടത്തിലാണ് രോഹിത്തിന്റെ പ്രകടനമെന്നും ശ്രദ്ധേയമാണ്. ഏകദിന ലോകകപ്പെന്ന സ്വപ്നം യാഥാർഥ്യമാകാൻ ടീമിനൊപ്പം നിലനിൽക്കാൻ രോഹിത്തിന് മികച്ച പ്രകടനം അനിവാര്യമാണ്.
അതുകൊണ്ടു തന്നെ തന്റെ കയ്യിലെ ‘മരുന്നു’ തീർന്നിട്ടില്ലെന്നു തെളിയിക്കാൻ താരത്തെ ഈ അർധസെഞ്ചറി സഹായിച്ചു. മാത്രമല്ല, മത്സരശേഷം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ ‘വിരമിക്കൽ പരാമർശം’ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. മത്സരശേഷം മടങ്ങുമ്പോൾ രോഹിത്തിനോടു ഗംഭീർ പറഞ്ഞ വാക്കുകളാണ് വൈറാലായത്. ‘‘രോഹിത്, ഇന്ന് നിങ്ങളുടെ വിടവാങ്ങൽ മത്സരമാണെന്ന് എല്ലാവരും കരുതി, കുറഞ്ഞത് ഒരു ഫോട്ടോയെങ്കിലും പോസ്റ്റ് ചെയ്യൂ’’ എന്നായിരുന്നു ഗംഭീറിന്റെ വാക്കുകൾ.
പ്രശംസാ രൂപത്തിലുള്ള ഗംഭീറിന്റ വാക്കുകൾ ആരാധകർക്കും ആശ്വാസമായി. താരം ഉടനെ വിരമിക്കില്ലെന്നതിന്റെ സൂചനയാണ് ഇതെന്ന് അവർ പറയുന്നു. ഫോം നോക്കി, തീർത്തും മെറിറ്റിന്റെ അടിസ്ഥാനത്തിലാകും രോഹിത്തിന്റെയും കോലിയുടെയും ടീമിലെ സ്ഥാനമെന്ന് നേരത്തെ ഗംഭീർ വ്യക്തമാക്കിയിരുന്നു. അതേ വ്യക്തിയിൽനിന്നു തന്നെയുള്ള വാക്കുകൾ ‘ശുഭസൂചന’ ആയി ആരാധകർ കാണുന്നു.
അഡ്‌ലെയ്ഡിൽ നടന്ന മത്സരത്തിൽ, രണ്ടു വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 46.2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഓസീസ് ലക്ഷ്യം കണ്ടു. തുടർച്ചയായി രണ്ടാം മത്സരത്തിലും തോൽപിച്ച ആതിഥേയർ 3 മത്സര പരമ്പര 2–0നു സ്വന്തമാക്കി






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.