ന്യൂഡല്‍ഹി: വഴിമുട്ടിയ ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
ഈ മാസം അവസാനം നടക്കുന്ന ആസിയാന്‍(തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ അസോസിയേഷൻ) ഉച്ചകോടിക്ക് മുമ്പ് കരാര്‍ പൂര്‍ത്തിയാക്കാന്‍ ഇരുപക്ഷവും ശ്രമിക്കുകയാണ്, അവിടെ വെച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കാമെന്നുമാണ് സൂചന.
ഊര്‍ജ്ജ, കാര്‍ഷിക മേഖലകളില്‍ ശ്രദ്ധയൂന്നിയുള്ള കരാറാകും ഇരുരാജ്യങ്ങളും തമ്മിലുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി ഇന്ത്യ ക്രമേണ കുറയ്ക്കുന്നതാണ് നിലവില്‍ നടക്കുന്ന ചര്‍ച്ചയിലുള്ള പ്രധാന ഘടകങ്ങളിലൊന്ന്. കരാറിന്റെ ഭാഗമായി, ജനിതകമാറ്റം വരുത്താത്ത ചോളം, സോയാബീൻ തുടങ്ങിയ ചില അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചേക്കാമെന്നാണ് സൂചന.
പകരമായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി താരിഫ് അമേരിക്ക ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള 50% വരെയുള്ള നിരക്കില്‍നിന്ന് 15-16% ആയി താരിഫ് കുറയ്ക്കും. ഈ കുറവ്, തുണിത്തരങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളിലെ ഇന്ത്യന്‍ കയറ്റുമതിയെ അമേരിക്കന്‍ വിപണിയില്‍ കൂടുതല്‍ മത്സരക്ഷമമാക്കും.
താരിഫുകളും വിപണി പ്രവേശനവും സംബന്ധിച്ച് കൃത്യമായ ഇടവേളകളിലുള്ള അവലോകനങ്ങള്‍ക്ക് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും കരാറില്‍ ഉള്‍പ്പെട്ടേക്കാം. ഈ ആഴ്ച ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ഈ പുരോഗതി. താരിഫ് തര്‍ക്കങ്ങളെ തുടര്‍ന്ന് സ്തംഭിച്ച ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് പുതുജീവന്‍ നല്‍കുന്നതായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണം.
ഈ മാസം അവസാനം നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്ക് മുന്നോടിയായി ഇരു രാജ്യങ്ങളും കരാര്‍ അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരാറിന്റെ ഭാഗമായി റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഘട്ടം ഘട്ടമായി കുറയ്ക്കേണ്ടിവരുമോ എന്നതാണ് വിദേശകാര്യ വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.
രാജ്യത്തിന്റെ ഊര്‍ജ്ജസുരക്ഷ നിലനിര്‍ത്തുന്നതിനും രാജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും എത്രത്തോളം നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് കരാര്‍ യാഥാര്‍ഥ്യമാകുന്നതിലൂടെ മാത്രമേ വ്യക്തമാകു. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പരീക്ഷണത്തിന്റെ ദിനങ്ങളാണ് കാത്തിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.