ന്യൂഡൽഹി : ബിഹാറിൽ ആദ്യം സീറ്റുവിഭജനം പൂർത്തിയാക്കിയെങ്കിലും എൻഡിഎ ക്യാംപിൽ അതൃപ്തി പുകയുന്നു.
കക്ഷിനേതാക്കൾ ശബ്ദമുയർത്തുമ്പോൾ ഉടൻ ഇടപെട്ട് ബിജെപി നേതൃത്വം സ്ഥിതി ശാന്തമാക്കുകയാണ്. ഇന്നലെ 71 പേരുള്ള പട്ടിക പുറത്തുവിട്ട് ബിജെപി സ്ഥാനാർഥിനിർണയത്തിലും മേൽക്കൈ നേടി.കൃത്യമായ പട്ടിക പുറത്തുവിട്ടില്ലെങ്കിലും മന്ത്രി ബിജേന്ദ്ര പ്രസാദ് യാദവ്, സംസ്ഥാന അധ്യക്ഷൻ ഉമേഷ് സിങ് ഖുശ്‌വാഹ, ആനന്ദ് കുമാർ സിങ് എന്നിവർ ഉൾപ്പെടെ ഒട്ടേറെ നേതാക്കൾക്ക് ജെഡിയു ആസ്ഥാനത്തു മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്നലെ ചിഹ്നം അനുവദിച്ചു.ഇതിനിടെ, ഭഗൽപുർ എംപി അജയ് മണ്ഡൽ നിതീഷിനോടുള്ള അതൃപ്തി പരസ്യമാക്കി രാജിക്കത്ത് നൽകി. മുന്നണി ധാരണയനുസരിച്ച് ജെഡിയുവും ബിജെപിയും 101 സീറ്റുകളിലാണു മത്സരിക്കുക. എന്നാൽ, തുല്യ നിലയിലുള്ള സീറ്റുവിഭജനത്തിൽ നിതീഷിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് (റാം വിലാസ്) 29 സീറ്റ് അനുവദിച്ചതും നിതീഷിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ബിഹാറിൽ 5% വോട്ടാണു പാസ്വാൻ വിഭാഗത്തിനുള്ളത്. മാഞ്ചി വിഭാഗത്തിന് 4 ശതമാനവും ഖുശ്‌വാഹ വിഭാഗത്തിന് 3 ശതമാനവും വോട്ടുകളുണ്ട്. എന്നാൽ, കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്കും രാജ്യസഭാംഗം ഉപേന്ദ്ര ഖുശ്‌വാഹ നയിക്കുന്ന രാഷ്ട്രീയ ലോക്മോർച്ചയ്ക്കും 6 സീറ്റുകൾ വീതമാണു നൽകിയത്. മാഞ്ചിയുടെ മരുമകൾ ദീപ മാഞ്ചിയും അവളുടെ അമ്മ ജ്യോതി ദേവിയും സ്ഥാനാർഥികളാകും.
7 തവണ എംഎൽഎയായ സ്പീക്കർ നന്ദകിഷോർ യാദവിന് ബിജെപി ടിക്കറ്റ് നിഷേധിച്ചു. നന്ദകിഷോർ യാദവിന്റെ സീറ്റായ പട്ന സാഹിബിൽ രത്നേഷ് ഖുശ്‌വാഹയാണു സ്ഥാനാർഥി. ബിജെപിയുടെ ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി താരാപുരിലും വിജയ് കുമാർ സിൻഹ ലഖിസരായിയിലും.മൽസരിക്കും.
താരകിഷോർ പ്രസാദ് (കതിഹാർ), റാം കൃപാൽ യാദവ് (ദാനാപുർ), മംഗൾ പാണ്ഡെ (സിവാൻ) തുടങ്ങിയവരാണ് ആദ്യപട്ടികയിലെ മറ്റു പ്രമുഖർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.