ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങള്‍ക്ക് എതിരെ പോരാടാന്‍ സംസ്ഥാന പൊലീസ് സേനയ്ക്ക് സൈബര്‍ പരിശീലനം നല്‍കാനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി.
തീവ്രവാദ സംഘടനകൾ വിപിഎന്‍ ഉപയോഗിച്ച് യുവാക്കളുടെ റിക്രൂട്ട്മെൻ്റ് നടത്തുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് എന്‍ഐഎയുടെ പുതിയ നീക്കം. ഇതിനായി പൊലീസ് സേനകള്‍ക്ക് വിപുലമായ പരിശീലന കോഴ്‌സുകൾ എൻഐഎ ആരംഭിച്ചു.ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ ആദ്യം ഇടപെടുന്നത് എപ്പോഴും പൊലീസ് സേനകളാണ്. ഇത് കണക്കിലെടുത്താണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടാന്‍ സേനകളുടെ ശേഷി വര്‍ധിപ്പിക്കാന്‍ എന്‍ഐഎ തീരുമാനിച്ചത്.
പൊലീസ് സേനകളുടെ ശേഷി വര്‍ധിപ്പാക്കാനായി നിലവില്‍ എന്‍ഐഎ 40 പരിശീലന കോഴ്‌സുകൾ നടത്തുന്നുണ്ട്.ഇൻ്റലിജൻസ് ബ്യൂറോ (IB), റിസർച്ച് ആൻഡ് അനാലിസിസ് വിങ് (R&AW) തുടങ്ങിയ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളെ ഏകോപിപ്പിച്ചാണ് എന്‍ഐഎ കോഴ്‌സുകള്‍ നടത്തുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ജമ്മു കശ്‌മീർ, ജാർഖണ്ഡ്, അസം എന്നിവിടങ്ങളിൽ സംസ്ഥാന പൊലീസിൻ്റെ സഹായത്തോടെ എന്‍ഐഎ നിരവധി ഓപ്പറേഷനുകള്‍ നടത്തി. നിരവധി തീവ്രവാദികളെയും മാവോയിസ്റ്റുകളെയും അറസ്റ്റ് ചെയ്‌തിരുന്നു.
"പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തിരിച്ചടിച്ചതിന് ശേഷം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യ പോരാടല്‍ തുടങ്ങി. അതിർത്തിക്കപ്പുറത്തുള്ള തീവ്രവാദ സംഘടനകൾ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ, എൻക്രിപ്റ്റ് ചെയ്‌ത ആശയവിനിമയ ചാനലുകൾ, അജ്ഞാത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയുടെ ഉപയോഗം കുറ്റവാളികൾക്ക് അവരുടെ ഐഡൻ്റിറ്റികൾ മറച്ചുവെക്കാന്‍ സഹായിക്കുന്നു.
അധികാരപരിധിയിലെ വെല്ലുവിളികൾ ചൂഷണം ചെയ്യാനും ഒരുപാട് വ്യാപ്‌തിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീവ്രവാദം പ്രചരിക്കാനും ഇത് അവരെ സഹായിക്കുന്നു," രാജ്യത്തെ സുരക്ഷാ സ്ഥാപനത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വിപിഎന്‍ ഉപയോഗിച്ച് അവര്‍ ചര്‍ച്ചകളും മീറ്റിങ്ങുകളും നടത്താന്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇപ്പോള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളാണ് അവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതലായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും വിപിഎനുകളുമുള്ള മെസേജിങ് ആപ്പുകളാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇത് തീവ്രവാദ നെറ്റ്‌വർക്കുകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ഉപയോഗിക്കുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
എല്ലാ കേസ് അന്വേഷണത്തിനും എന്‍ഐഎ ഡിജിറ്റൽ തെളിവുകള്‍ ശേഖരിക്കുകയും അവ വിശകലനം നടത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് തീവ്രവാദവും സൈബർ സ്‌പെയ്‌സും തമ്മിലുള്ള സങ്കീർണമായ ബന്ധം കണ്ടെത്തുന്നതിനാണ് അവര്‍ ഡിജിറ്റല്‍ തെളിവുകളെ കൂടുതലായി ആശ്രയിക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
2008ലെ എൻഐഎ ആക്‌ട് പ്രകാരമാണ് സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ റാഡിക്കലൈസേഷനും ഉൾപ്പെടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ എന്‍ഐഎയുടെ അധികാര പരിധിയിലായത്. ഐടി ആക്‌ടിലെ സെക്ഷൻ 66 എഫും (സൈബർ ഭീകരത) ഇതിൻ്റെ അധികാരപരിധിയിൽ ഉൾപ്പെടുന്നു.
ദേശീയ സുരക്ഷയെ ബാധിക്കുന്ന സൈബർ ഭീഷണികളെ നേരിടുന്നതിൽ ദേശീയ അന്വേഷണ ഏജൻസിയുടെ ആൻ്റി-സൈബർ ടെററിസം ഡിവിഷൻ നിർണായക പങ്കുവഹിക്കുന്നു. ഉയർന്നുവരുന്ന ഡിജിറ്റൽ അപകട സാധ്യതകൾ തിരിച്ചറിയുന്നതിനും വിലയിരുത്തുന്നതിനുമുള്ള ഇൻ്റലിജന്‍സ് ശേഖരണവും ഈ വിഭാഗം നടത്തുന്നു.
ഈ വിഭാഗത്തിൻ്റെ ഡിജിറ്റൽ ഫോറൻസിക്‌സിലും ആട്രിബ്യൂഷനിലും ഉള്ള കഴിവുകള്‍ തീവ്രവാദികളുടെ സൈബർ പ്രവർത്തനങ്ങള്‍ കൃത്യമായി ട്രാക്ക് ചെയ്യാന്‍ പ്രാപ്‌തമാക്കുന്നു. കുറ്റവാളികളെ തിരിച്ചറിയുന്നതിനും സൈബർ ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നു.
ദേശവിരുദ്ധ പ്രവർത്തനങ്ങള്‍ തടയുന്നതിനായി എൻക്രിപ്റ്റ് ചെയ്‌ത മെസേജിങ് ആപ്ലിക്കേഷനുകളടങ്ങിയ ഒരു ഡാറ്റാബേസ് ഏജൻസിക്കുണ്ട്.“ഇത്തരം രഹസ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്, പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) വികസിപ്പിച്ചെടുത്ത നൂതന ഉപകരണങ്ങൾ എന്‍ഐഎ ഉപയോഗിക്കുന്നു. കൂടാതെ ഡിആര്‍ഡിഒയുടെ സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ വഴി ഈ എൻക്രിപ്റ്റ് ചെയ്‌ത ആപ്ലിക്കേഷനുകളെ ഏജൻസി സജീവമായി ട്രാക്ക് ചെയ്യുമെന്നും” ഉദ്യോഗസ്ഥൻ പറഞ്ഞു.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന ഒരു പുതിയ ആപ്ലിക്കേഷനോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനോ തുടക്കം കുറിച്ചാല്‍ എൻഐഎ അവയെ കൃത്യമായി നിരീക്ഷിക്കാറുണ്ട്. അതിൽ ആപ്ലിക്കേഷൻ ഹോസ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഐപി അഡ്രസുകളുടെ ഉറവിടങ്ങളെയും ഏജന്‍സി അന്വേഷിക്കുന്നു.
ജിയോലൊക്കേഷൻ, ടൈംസ്റ്റാമ്പുകൾ തുടങ്ങിയ നിർണായക വിവരങ്ങൾ വേർതിരിച്ചെടുക്കുന്നതിന് ഏജന്‍സി ഈ ആപ്ലിക്കേഷനുകളില്‍ മെറ്റാഡാറ്റ വിശകലനം നടത്തുന്നു. എൻക്രിപ്റ്റ് ചെയ്‌ത ആപ്ലിക്കേഷനുകള്‍ ഡീക്രിപ്റ്റ് ചെയ്യാനായി എൻഐഎ ഐപി ഡീറ്റെയിൽ റെക്കോർഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു.
പ്രധാനമായും സംശയാസ്‌പദമായ ഐപി അഡ്രസുകളെ വിശകലനം ചെയ്യുന്നതിനായാണ് ഇത് ഉപയോഗിക്കുന്നത്.കൂടാതെ, ഈ ആപ്ലിക്കേഷനുകളുടെ ഡെസ്റ്റിനേഷൻ ഐപികൾ ആക്‌സസ് ചെയ്യുന്ന ഉപയോക്താക്കളിൽ നിന്ന് ഡാറ്റ പാക്കറ്റുകൾ പിടിച്ചെടുക്കാനും ഏജന്‍സിക്ക് കഴിയുന്നു.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച നെട്ര പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് ഏജന്‍സി ഇത് നടപ്പിലാക്കുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.