തൊടുപുഴ: സ്വത്ത് തർക്കത്തെ തുടർന്ന് മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി.
ശിക്ഷ ഈ മാസം 30ന് വിധിക്കും. തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി ആഷ് കെ. ബാലാണ് വിധി പറഞ്ഞത്. ചീനിക്കുഴി ഹമീദ് (80) ആണ് കേസിലെ പ്രതി.തൊടുപുഴ ഉടുമ്പന്നൂർ ചീനിക്കുഴിയിൽ 2022 മാർച്ച് 19ന് ശനിയാഴ്ച പുലച്ചെ 12.30ന് ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഫൈസലിനെയും (ഷിബു 45) ഭാര്യ ഷീബയെയും (40) മക്കളായ മെഹറിൻ (16), അസ്ന (13) എന്നിവരെയും കൊലപ്പെടുത്തിയ വാർത്ത നാടിനെയാകെ ഞെട്ടിച്ചിരുന്നു. ആ കുഞ്ഞുമക്കളെ ഇല്ലാതാക്കിയത് സ്വന്തം മുത്തച്ഛൻ തന്നെയാണെന്ന് ആർക്കും വിശ്വസിക്കാനായില്ല. ഹമീദ് ജനൽ വഴി കിടപ്പുമുറിക്കുള്ളിലേക്ക് പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ചെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് കേസ്.
അർദ്ധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലെ വാട്ടർ ടാങ്കിലെ വെള്ളം മുഴുവൻ ഒഴുക്കി വിട്ടു. സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിയും വിച്ഛേദിച്ചു.
തുടർന്ന് കിടപ്പുമുറിയുടെ വാതിൽ പുറത്ത് നിന്ന് പൂട്ടിയ ശേഷം പുറത്തെത്തി രണ്ട് പെട്രോൾ കുപ്പികൾ തീകൊളുത്തി ജനൽ വഴി അകത്തേക്ക് എറിഞ്ഞു. തീ ആളിക്കത്തിയതോടെ നിലവിളിച്ച് എഴുന്നേറ്റ ഫൈസലും കുടുംബവും മുറിയോട് ചേർന്ന ശുചിമുറിയിൽ കയറി തീകെടുത്താൻ ശ്രമിച്ചെങ്കിലും വെള്ളമുണ്ടായിരുന്നില്ല.
പ്രതികാര ദാഹിയായി നിന്ന ഹമീദിനെ ഓടിയെത്തിയ അയൽവാസി രാഹുൽ തള്ളി വീഴ്ത്തിയെങ്കിലും അയാൾ പുറത്തിറങ്ങി വീണ്ടും ജനലിലൂടെ പെട്രോൾ കുപ്പികൾ എറിഞ്ഞു. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഉറക്കമുണർന്ന് ഓടിയെത്തിയ അയൽവാസികൾക്ക് അകത്തേക്ക് കടക്കാനായില്ല. ഹമീദിനെ പൊലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തു.
നിർണായക സാക്ഷിമൊഴികൾക്കും സാഹചര്യത്തെളിവുകൾക്കും പുറമെ പ്രതി കുറ്റം സമ്മതിക്കുക കൂടി ചെയ്തതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. എം.സുനിൽ മഹേശ്വരൻ പിള്ളയാണ് ഹാജരായത്. പ്രോസിക്യൂഷൻ 71 സാക്ഷികളെയും പ്രതിഭാഗം മൂന്ന് സാക്ഷികളെയും വിസ്തരിച്ചു. തെളിവായി പ്രോസിക്യൂഷൻ ഇലക്ട്രോണിക്സ് ഉപകരണങ്ങളടക്കം 139 രേഖകളും കോടതിയിൽ ഹാജരാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.