സാഗര്‍: മരിച്ചെന്ന് കരുതി നാട്ടുകാരും പൊലീസും ചേര്‍ന്ന് 'മൃതദേഹം' നീക്കുന്നതിനിടയില്‍ ചാടി എഴുന്നേറ്റ് യുവാവ്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത്. റോഡരികില്‍ ആറ് മണിക്കൂറോളം ചലനമറ്റ് കിടന്നതിനു ശേഷമാണ് ഒന്നും സംഭവിക്കാത്ത മട്ടില്‍ യുവാവ് ചാടി എഴുന്നേറ്റത്.
സാഗര്‍ ജില്ലയിലെ ഖുറൈ റൂറല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. ധനോര, ബങ്കിരിയ ഗ്രാമങ്ങള്‍ക്കിടയിലെ റോഡരികില്‍ ഒരാള്‍ വീണു കിടക്കുന്നുവെന്നാണ് പൊലീസ് സ്റ്റേഷനിലേക്ക് വിവരം ലഭിച്ചത്. പൊലീസെത്തിയപ്പോള്‍ റോഡരികിലെ ചെളിയില്‍ മരിച്ച പോലെ ഒരാള്‍ കിടക്കുന്നു. സമീപത്ത് ഒരു സ്കൂട്ടറും വീണു കിടപ്പുണ്ട്.
മണിക്കൂറുകളായി അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്നും മരിച്ചെന്ന് കരുതിയാണ് പൊലീസില്‍ വിവരം അറിയിച്ചതെന്നും പ്രദേശവാസികള്‍ പറഞ്ഞു. മൃതദേഹം കൊണ്ടുപോകാനുള്ള വാഹനവുമായാണ് പൊലീസ് എത്തിയത്.
പൊലീസെത്തി വിളിച്ചിട്ടും യുവാവ് എഴുന്നേറ്റില്ല. തുടര്‍ന്ന് നാട്ടുകാര്‍ക്കൊപ്പം പൊലീസും മരണം ഉറപ്പിച്ചു. 'മൃതദേഹം' എടുക്കാനായി പൊലീസ് കുനിഞ്ഞപ്പോള്‍ 'മരിച്ചയാള്‍' ഒന്ന് ഞെരുങ്ങി, നിവര്‍ന്നു, പിന്നെ ചാടിയെഴുന്നേറ്റു. ശേഷം പൊലീസിനോട് സ്ഥിരീകരണവും, 'സാര്‍ ഞാന്‍ മരിച്ചിട്ടില്ല'.
കുറച്ച് സമയത്തേക്ക് ചുറ്റും കൂടിയ നാട്ടുകാര്‍ക്കും പൊലീസിനും ഒന്നും മനസിലായില്ല. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് കാര്യങ്ങള്‍ പിടികിട്ടിയത്. അമിതമായി മദ്യപിച്ചതിനാല്‍ വണ്ടിയോടിക്കാനാകാതെ വിശ്രമിക്കാന്‍ റോഡരികില്‍ നിന്നതായിരുന്നു. പക്ഷേ, ബാലന്‍സ് തെറ്റി വീണു. എഴുന്നേല്‍ക്കാനാകാതെ മണിക്കൂറുകളോളം മരിച്ച പോലെ കിടന്നു പോയതാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.