പണമിടപാടിന്റെ പരിധികൾ വർദ്ധിപ്പിച്ചതുൾപ്പെടെ ഇന്നുമുതൽ യുപിഐ ഇടപാടുകളിൽ വമ്പൻ മാറ്റങ്ങൾ.
വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്ക് (പി 2 എം) പണമടയ്ക്കുന്നതിനുള്ള പ്രതിദിന യുപിഐ പരിധി 10 ലക്ഷം രൂപയായി ഉയർത്തിയതായി നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു. ഇൻഷുറൻസ്, നിക്ഷേപങ്ങൾ, യാത്ര, ക്രെഡിറ്റ് കാർഡ് ബില്ലുകൾ തുടങ്ങിയ മേഖലകളിലും ഇടപാടുകളുടെ പരിധി ഉയർത്തി. മാറ്റങ്ങൾ ഇന്നുമുതൽ നിലവിൽ വരും.അതേസമയം, ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പണം അയക്കുന്നതിന്റെ പരിധിയിൽ മാറ്റമില്ല. ഇടപാട് പരിധി പ്രതിദിനം ഒരു ലക്ഷം രൂപയായി തുടരും. ഇൻഷുറൻസ്, വായ്പകൾ, നിക്ഷേപങ്ങൾ, യാത്ര തുടങ്ങിയ മേഖലകളിൽ യുപിഐ വഴി വലിയ പേയ്‌മെന്റുകൾ നടത്താൻ ആളുകളെ സഹായിക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ഒരു ദിവസത്തെ പരിധി ആറ് ലക്ഷമാക്കി ഉയർത്തിയതായി നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.
മറ്റ് പ്രധാനപ്പെട്ട മാറ്റങ്ങൾ
ഇൻഷുറൻസ്, മൂലധന വിപണി നിക്ഷേപങ്ങൾക്ക്, ഓരോ ഇടപാടിനും പരിധി രണ്ട് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തി. ഒരുദിവസം പരമാവധി അയക്കാവുന്ന തുക 10ലക്ഷം രൂപയാക്കി.
നികുതി,ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേയ്‌മെന്റ് തുടങ്ങിയവയുടെ പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി.
യാത്രാ ബുക്കിംഗുകൾക്ക് ഇടപാട് പരിധി 1 ലക്ഷം രൂപയിൽ നിന്ന് അഞ്ചു ലക്ഷമായി ഉയർത്തി. പ്രതിദിനം പരമാവധി 10 ലക്ഷം രൂപയുടെ ഇടപാട് നടത്താം.
ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റുകളും ലോൺ/ഇഎംഐ ഇടപാടുകൾക്കും ഒരു ലക്ഷത്തിൽ നിന്ന് അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി. ഒരുദിവസം പരമാവധി അയക്കാനുള്ള തുകയുടെ പരിധി 10 ലക്ഷം രൂപയാണ്.
ആഭരണങ്ങൾ വാങ്ങുന്നതിന് യുപിഐ വഴി പ്രതിദിനം ആറ് ലക്ഷം രൂപവരെ ഇടപാട് നടത്താം.നേരത്തെ, ഇത് വെറും ഒരു ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരുന്നു.
ഫോറിൻ എക്‌സ്‌ചേഞ്ച് പേയ്മന്റുകളുടെ പരിധി അഞ്ചു ലക്ഷം രൂപയാക്കി. ബാങ്കിംഗ് സേവനങ്ങളായ ടേം ഡെപ്പോസിറ്റുകൾ ഡിജിറ്റലായി തുറക്കുന്നതിനുള്ള ഇടപാട് പരിധി രണ്ട് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തി.
അതേസമയം, ഈ ഉയർന്ന പരിധികൾ നിർദിഷ്ട വിഭാഗത്തിലെ വെരിഫെയ്ഡ് വ്യാപാരികൾക്ക് മാത്രമാണ് ബാധകമാകുക. യോഗ്യതയുള്ള ഉപയോക്താക്കൾക്ക് മാറ്റങ്ങൾ ലഭ്യമാകുമെന്നും എൻപിസിഐ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.