യുകെ ;പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നതിൽ നിന്ന് വാണിജ്യശാലകൾക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ഇംഗ്ലണ്ട്. കുട്ടികൾക്ക് റെഡ് ബുൾ പോലുള്ള ഉയർന്ന കഫീൻ അടങ്ങിയ ശീതള പാനീയങ്ങൾ വിൽക്കാൻ പാടില്ലെന്ന നിരോധനം ഉടൻ പ്രാബല്യത്തിലാകും.
രാജ്യത്ത് പ്രതിദിനം ഒരു ലക്ഷത്തോളം കുട്ടികൾ ഉയർന്ന കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകൾ കുടിക്കുന്നുണ്ടെന്നാണ് യുകെ സർക്കാരിന്റെ കണക്ക്. ആരോഗ്യകരവും സന്തുഷ്ടവുമായ പുതുതലമുറയെ വാർത്തെടുക്കാൻ ലക്ഷ്യമിട്ടാണ് നിരോധനമെന്ന് ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി.
ഇംഗ്ലണ്ടിൽ 13നും 16നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ മൂന്നിലൊന്നു പേരും ഉയർന്ന കഫീൻ അടങ്ങിയ ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം എനർജി ഡ്രിങ്കുകളിൽ ചിലതിൽ രണ്ട് കപ്പ് കാപ്പിയിൽ ഉള്ളതിനേക്കാൾ കൂടുതൽ കഫീൻ അടങ്ങിയിട്ടുണ്ട്. രാജ്യത്തെ മിക്ക സൂപ്പർമാർക്കറ്റുകളും കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കുട്ടികളിലെ എനർജി ഡ്രിങ്ക് ഉപയോഗത്തിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള ആശങ്ക പരിഹരിക്കാനും അനാരോഗ്യത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുമുള്ള പരിശ്രമത്തിലാണ്. ഇതു സംബന്ധിച്ച് വിദഗ്ധർ, പൊതുജനങ്ങൾ, റീട്ടെയ്ലർമാർ, നിർമാതാക്കൾ എന്നിവരിൽ നിന്ന് തെളിവുകൾ ശേഖരിക്കാൻ 12 ആഴ്ച നീളുന്ന കൺസൽറ്റേഷൻ നടത്താനാണ് തീരുമാനമെന്നും മന്ത്രി വിശദമാക്കി.
രാജ്യത്തെ നിലവിലെ നിയമ പ്രകാരം ഒരു ലിറ്ററിൽ 150 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ അടങ്ങിയിട്ടുണ്ടെങ്കിൽ 'കുട്ടികൾക്ക് പാനീയത്തിന്റെ ഉപയോഗം ഹാനികരം' എന്ന മുന്നറിയിപ്പ് ലേബൽ പതിപ്പിക്കണമെന്നാണ് വ്യവസ്ഥ. എനർജി ഡ്രിങ്കുകൾ വലിയ ദോഷകരമല്ലെന്ന് തോന്നുമെങ്കിലും കുട്ടികളുടെ ഉറക്കം, ഏകാഗ്രത, ക്ഷേമം എന്നിവയെ ദോഷകരമായി ബാധിക്കും. ഉയർന്ന അളവിൽ മധുരം കഴിക്കുന്നത് പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കാനും അമിതവണ്ണത്തിന് ഇടയാക്കുകയും ചെയ്യുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.