പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം. രാഹുലും ഷാഫിയും കൂട്ടുകച്ചവടമാണെന്നും പല കാര്യങ്ങളിലും രാഹുലിന്റെ ഹെഡ് മാഷാണ് ഷാഫിയെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ആരോപിച്ചു.
പലരെയും കണ്ടാൽ ബെംഗളൂരുവിലേക്ക് ക്ഷണിക്കുകയാണ് ഷാഫി. ഷാഫിക്കെതിരെ പല ആരോപണങ്ങൾ ഉണ്ടെന്നും അത് പിന്നീട് പുറത്തുവിടുമെന്നും സുരേഷ് ബാബു പറഞ്ഞു. ലൈംഗിക അതിക്രമം നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ കോൺഗ്രസ് നേതൃത്വം നടപടി എടുക്കുന്നില്ലെന്നും സിപിഎം ആരോപിക്കുന്നു.
‘‘നേതാക്കൾ പേടിക്കുന്നത് വേറെ ഒന്നും കൊണ്ടല്ല. രാഹുലിനെ എംഎൽഎയാക്കാൻ വേണ്ടി പത്തനംതിട്ടയിൽ നിന്ന് കൊണ്ടുവന്നത് ഷാഫിയാണ്. രാഹുലിന്റെ ഹെഡ്മാഷാണ് ഷാഫി. ഷാഫി പറമ്പിലിനെ വെല്ലുവിളിക്കുകയാണ്. രാഹുലിനോട് രാജിവയ്ക്കാൻ പറയാൻ ഷാഫി തയാറാകില്ല. ഈ കാര്യത്തിൽ ഇരുവരും കൂട്ടുകച്ചവടമാണ്. പരസ്യമായി ചില ആളുകളെ കാണുമ്പോൾ നേരിട്ട് ചോദിക്കുകയാണ്. ഞാൻ അതൊന്നും ഇപ്പോൾ പറയുന്നില്ല. ഞങ്ങൾക്ക് അതിശയം തോന്നുന്നു. ആലോചിക്കാൻ പോലും സാധിക്കുന്നില്ല. നേരിട്ട് ഒരാളെ കണ്ടാൽ എന്നാൽ പിന്നെ ബെംഗളൂരു ട്രിപ്പ് അടിക്കാമെന്നാണ് ഷാഫി ചോദിക്കുന്നത്. ഈ ഹെഡ്മാഷ് പിന്നെ രാഹുലിനെതിരെ എന്തെങ്കിലും പറയുമോ? സതീശൻ പുറത്താക്കി എന്ന് പറയുന്നതിൽ ഒരു പ്രധാനപ്പെട്ട കാരണമുണ്ട്. അത് പിന്നീട് വെളിപ്പെടുത്താം. ‘കയറി കയറി മുറത്തിൽ കയറി കൊത്തി’ എന്നാണ് കേൾക്കുന്നത്. ഈ രൂപത്തിലുള്ള ഇടപെടലാണ് കോൺഗ്രസ് നേതൃത്വം നടത്തുന്നത്. ലൈംഗിക അതിക്രമം നടത്തുന്നവർക്കെതിരെ ഒരു വാക്ക് പറയാൻ ഒരു ഘട്ടത്തിലും ഇവർ തയ്യാറാകില്ല’’ – ഇ.എൻ.സുരേഷ് ബാബു പറഞ്ഞു.
അതേസമയം, സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം ആരോപണമല്ലെന്നും മറിച്ച് അധിക്ഷേപമായിരുന്നുവെന്നും ഷാഫി പറമ്പിൽ എംപി കുറ്റപ്പെടുത്തി. ‘‘സിപിഎം നേതാവിന്റെ വാക്കുകൾക്ക് മറുപടി പോലും അയാൾ അർഹിക്കുന്നില്ല. പക്ഷേ ഒരു ചോദ്യം ഞാന്‍ ചോദിക്കുകയാണ്. ഇതാണോ സിപിഎമ്മിന്റെ രാഷ്ട്രീയം. ഇതാണോ 2026ലെ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് തന്ത്രം. നേതാക്കൻമാർ ഇക്കാര്യം വ്യക്തമാക്കണം. ഒരു ജില്ലാ സെക്രട്ടറിയെ കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കുക എന്നതാണോ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന സിപിഎം ഒരുക്കുന്ന മാനിഫെസ്റ്റോ. സിപിഎം സെക്രട്ടറി ഇക്കാര്യത്തിൽ മറുപടി പറയണം. വേറൊന്നും പറയാനില്ലാഞ്ഞിട്ടാണോ ഇത്തരം കാര്യങ്ങൾ ആരോപിക്കുന്നത്. ജനങ്ങളുെട മുൻപിൽ വേറൊന്നും പറഞ്ഞു പിടിച്ചു നിൽക്കാൻ സിപിഎമ്മിന് കഴിയുന്നില്ലേ. അതുകൊണ്ടാണോ ഈ വ്യക്തിഹത്യ നടത്തുന്നത്. ചർച്ചകൾ ഇത്തരം രീതിയിൽ നടക്കണമെന്നാകും അവർ ആഗ്രഹിക്കുന്നത്. ജനങ്ങൾ വിലയിരുത്തട്ടെ. ആദ്യം വർഗീയ വാദിയാക്കാൻ ശ്രമിച്ചു. അത് വിജയിക്കാതെ വന്നതോടെ അടുത്തത് കൊണ്ടുവന്നിരിക്കുന്നു. നിയമനടപടി ആലോചിക്കും’’ – ഷാഫി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.