തിരുവനന്തപുരം : കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചു ശതമാനമായി കുറയ്ക്കാൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഇത് അമേരിക്കൻ ഐക്യനാടുകളിലെ നിരക്കിനേക്കാൾ കുറവാണ്. സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രപരമായ നേട്ടമാണെന്നും ഇതിനായി പ്രയത്നിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഗർഭസ്ഥശിശുക്കൾക്ക് വരെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്ന നൂതന പദ്ധതികൾ ഉൾപ്പെടെ, ശിശുക്കളുടെ സംരക്ഷണത്തിനായി സർക്കാർ നടപ്പിലാക്കുന്ന സമഗ്രമായ പദ്ധതികളുടെ വിജയമാണ് ഈ നേട്ടത്തിന് പിന്നിലെന്നും കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നത് മുതൽ രണ്ട് വയസ്സ് തികയുന്നത് വരെയുള്ള ആദ്യത്തെ ആയിരം ദിവസങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഈ കാലയളവിൽ അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ എല്ലാവിധ പരിചരണവും ഉറപ്പാക്കുന്ന പ്രത്യേക പരിപാടി സംസ്ഥാനത്ത് നിലവിലുണ്ട്.
മൂന്നു വയസ്സു മുതൽ അങ്കണവാടികളിലൂടെ കുട്ടികൾക്ക് പോഷകാഹാരം നൽകി അവരുടെ വളർച്ച ഉറപ്പുവരുത്തുന്നു. ജനിതകപരമായ ഹൃദയവൈകല്യങ്ങൾക്കുള്ള 'ഹൃദ്യം' പദ്ധതി, അപൂർവരോഗങ്ങൾക്കുള്ള 'കെയർ' പദ്ധതി തുടങ്ങിയവയിലൂടെ കുട്ടികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നു.
എസ്.എ.ടി ആശുപത്രിയിൽ (SAT) ആരംഭിച്ച ഫീറ്റൽ മെഡിസിൻ ഡിപ്പാർട്ട്മെന്റ് ശിശുക്കളുടെ ആരോഗ്യ സംരക്ഷണരംഗത്തെ ഏറ്റവും പുതിയ കാൽവെപ്പാണ്. ഈ നൂതന സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുക എന്നതാണ്."അമ്മയുടെ ഗർഭപാത്രത്തിലുള്ള കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അത് അവിടെവെച്ച് തന്നെ തിരിച്ചറിയാനും, കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ആവശ്യമായ ചികിത്സ നൽകാൻ സാധിക്കുകയും ചെയ്യും,". മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.