ടോക്കിയോ: രാജ്യത്തെ മുതിർന്ന പൗരന്മാരുടെ പ്രായത്തിൽ പുതിയ റെക്കോർഡുമായി ജപ്പാൻ. 100നും അതിന് മുകളിലും പ്രായമുള്ള പൗരന്മാരുടെ എണ്ണത്തിലാണ് ജപ്പാൻ ഇക്കുറി റെക്കോർഡ് ഇട്ടിരിക്കുന്നത്. ഈ പ്രായപരിധിയിലുള്ള പൗരന്മാരുടെ എണ്ണം ജപ്പാനിൽ ഒരു ലക്ഷം കവിഞ്ഞു. തുടർച്ചയായ 55-ാം വർഷവും പുതിയ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടാണ് ജപ്പാന്റെ പ്രഖ്യാപനം.
സെപ്റ്റംബർ മാസം വരെ ജപ്പാനിൽ ശതാബ്ദി പിന്നിട്ട ജീവിച്ചിരിക്കുന്നവരുടെ എണ്ണം 99,763 ആണെന്ന് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചത്. ഇതിൽ 88 ശതമാനവും സ്ത്രീകളാണ്. ലോകത്തിലെ ഏറ്റവും ആയുർദൈർഘ്യം കൂടിയ രാജ്യമാണ് ജപ്പാൻ. കൂടാതെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയുള്ളതും ജപ്പാനിലാണ്. എന്നാൽ ആഗോള തലത്തിലെ ചില പഠനങ്ങൾ ജപ്പാന്റെ അവകാശ വാദത്തെ പിന്തുണയ്ക്കുന്നില്ല. ആയുർ ദൈർഘ്യം കൂടുതലാണെന്നത് പോലെ തന്നെ ഏറ്റവും വേഗത്തിൽ വാർദ്ധക്യം പ്രാപിക്കുന്ന സമൂഹങ്ങളിൽ ഒന്നാണ് ജപ്പാൻ. പലപ്പോഴും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നവരാണെങ്കിലും ജപ്പാനിലെ ജനനനിരക്ക് കുറഞ്ഞ നിലയിലാണ്.ജപ്പാനിലെ നാരയിലെ യമറ്റോകോറിയാമയിൽ നിന്നുള്ള 114 വയസുള്ള ഷിഗെക്കോ കഗാവയാണ് ജപ്പാനിലെ പ്രായമേറിയ വ്യക്തി. ഇവാറ്റയിൽ നിന്നുള്ള 111 വയസ്സുള്ള കിയോടക മിസുനോ ആണ് ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ. ശതാബ്ദി പിന്നിട്ട 87784 സ്ത്രീകളും 11979 പുരുഷന്മാരുമാണ് ജപ്പാനിലുള്ളത്. ഇവർക്ക് ദീർഘായുസിനുള്ള ആശംസകളും ജപ്പാന്റെ വികസനത്തിന് നിരവധി വർഷത്തോളം ഇവർ നൽകിയ സംഭാവനകൾക്ക് ആരോഗ്യ മന്ത്രി തകമാരോ ഫുകോക്ക നന്ദി പറഞ്ഞു. സെപ്റ്റംബർ 15 ന് ജപ്പാനിലെ വയോജന ദിനത്തിന് മുന്നോടിയായാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ശതാബ്ദി ആഘോഷിക്കുന്നവർക്ക് വെള്ളി കപ്പും അഭിനന്ദന കത്തും നൽകും.ജപ്പാൻ പ്രധാനമന്ത്രിയിൽ നിന്ന് വെള്ളിക്കപ്പ് നേടുക 52310 പേർ
ഈ അഭിനന്ദനത്തിന് ഇക്കൊല്ലം 52310 പേർക്കാണ് പ്രധാനമന്ത്രിയുടെ വെള്ളിക്കപ്പിന് അർഹതയുള്ളത്. 1960ൽ ജി 7 രാജ്യങ്ങളിലെ ജനസംഖ്യയിൽ പ്രായമുള്ളവരുടെ എണ്ണത്തിൽ ഏറ്റവും കുറഞ്ഞ അനുപാതമുള്ള രാജ്യമായിരുന്നു ജപ്പാൻ. എന്നാൽ പിന്നീട് ഈ കണക്കുകളിൽ മാറ്റം വരികയായിരുന്നു. 1963-ൽ ജപ്പാൻ ശതാബ്ദി സർവേ ആരംഭിച്ചപ്പോൾ, 100 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള 153 പേർ മാത്രമായിരുന്നു ജപ്പാനിലുണ്ടായിരുന്നത്. 1981ൽ ഈ കണക്ക് 1000 ആയി ഉയർന്നു. 1998 ആയപ്പോഴേക്കും ഇത് 10000 ആയി. ഹൃദയ സംബന്ധിയായ തകരാറുകൾ, കാൻസർ എന്നിവയിൽ നിന്നുള്ള മരണനിരക്ക് കുറവായതാണ് ജപ്പാനിൽ ഉയർന്ന ആയുർദൈർഘ്യത്തിന് കാരണമായി വിലയിരുത്തുന്നത്.
പൊണ്ണത്തടി നിരക്ക് കുറഞ്ഞതും ജപ്പാനിൽ ആയുർദൈർഘ്യം വർദ്ധിക്കുന്നതിന് കാരണമാണ്. റെഡ് മീറ്റ് കുറഞ്ഞ ഭക്ഷണക്രമവും മത്സ്യവും പച്ചക്കറികളും കൂടുതലുള്ള ഭക്ഷണക്രമവും കാരണമാണ് പൊണ്ണത്തടി ജപ്പാനിലുള്ളവർക്ക് കുറഞ്ഞ നിരക്കിൽ കാണുന്നത്. ജപ്പാനിൽ സ്ത്രീകളിൽ പൊണ്ണത്തടി നിരക്ക് കുറവാണ്. ഇത് ജാപ്പനീസ് സ്ത്രീകൾക്ക് പുരുഷ സഹപ്രവർത്തകരേക്കാൾ വളരെ ഉയർന്ന ആയുർദൈർഘ്യം ഉള്ളതിന്റെ കാരണമായാണ്വിശദീകരിക്കപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.