കൊച്ചി: ലൈംഗികാതിക്രമ കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കി. കേരള വനം വകുപ്പില്‍ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ എടുത്ത കേസിലാണ് ഹൈക്കോടതി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ടത്.
നേരത്തെ വിചാരണ കോടതി നാടാരെ ഒരു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ശിക്ഷയ്ക്കെതിരെ നാടാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി. വിധിന്യായത്തിന്റെ പകർപ്പ് പുറത്തു വന്നാൽ മാത്രമേ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങൾ വ്യക്തമാവൂ.
1999 ഫെബ്രുവരി 27നാണ് കേസിനാസ്‌പദമായ സംഭവം. അന്ന് വനം മന്ത്രിയായിരുന്ന നീലലോഹിതദാസൻ നാടാർ ഫോണിൽ നിർദേശിച്ച പ്രകാരം ഔദ്യോഗിക ചർച്ചയ്‌ക്കായി കോഴിക്കോട് ഗവ.ഗസ്‌റ്റ് ഹൗസിലെത്തിയ ഐഎഫ്എസ് ഉദ്യോഗസ്ഥയെ ചർച്ച കഴിഞ്ഞ് മടങ്ങുന്ന സമയം ഒന്നാം നമ്പർ മുറിയിൽ വച്ച് കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്‌തുവെന്നായിരുന്നു പരാതി.
2002 ഫെബ്രുവരിയിൽ നീലലോഹിതദാസൻ നാടാർക്കെതിരെ മുൻ ഐഎഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയിരുന്നു. ഇത് ഉയർന്നു വന്നതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥ അന്നത്തെ ഡിജിപിക്ക് പരാതി നൽകുന്നതും കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തത്.
രഹസ്യവിചാരണ നടന്ന കേസിൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് (നാല്) കോടതി നീലലോഹിതദാസൻ നാടാരെ ഒരു വർഷം തടവിന് ശിക്ഷിച്ചു. അപ്പീൽ നൽകുന്നതിനായി, ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരു മാസത്തേക്ക് മാറ്റിവച്ചിരുന്നു. തുടർന്ന് നീലലോഹിതദാസൻ നാടാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വനം മാഫിയയാണ് തനിക്കെതിരെയുള്ള കേസിനു പിന്നിലെന്നായിരുന്നു നീലലോഹിതദാസൻ നാടാർ ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ചത്. നിലവിൽ ആർജെഡി ദേശീയ ജനറൽ സെക്രട്ടറിമാരിലൊരാളാണ് നീലലോഹിതദാസൻ നാടാർ.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന സമാന വിധത്തിലുള്ള കേസിൽ നീലലോഹിതദാസൻ നാടാരെ 2008ൽ അതിവേഗ കോടതി കുറ്റവിമുക്‌തനാക്കിയിരുന്നു. കീഴ്‌ക്കോടതി വിധിച്ച മൂന്നു മാസം തടവും 50,000 രൂപ പിഴയും റദ്ദാക്കിക്കൊണ്ടായിരുന്നു നീലനെ കുറ്റവിമുക്‌തനാക്കിയത്. ഇടതു സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ ഐഎഎസ് ഉദ്യോഗസ്ഥയെ നിയമസഭാ മന്ദിരത്തിലെ മുറിയിൽ ഔദ്യോഗിക ചർച്ചകൾക്കായി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.