കഠ്മണ്ഡു; സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി (73) നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി.
സത്യപ്രതിജ്ഞ ഇന്ന് രാത്രി 9 മണിക്ക് നടക്കും. നേപ്പാൾ പാർലമെന്റ് പ്രസിഡന്റ് പിരിച്ചുവിട്ടിട്ടുണ്ട്. സുശീലയെ പ്രധാനമന്ത്രിയാക്കണമെന്ന് നേപ്പാളിലെ ജെൻ–സീ പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ രംഗത്തുള്ളവർ തൽക്കാലം പ്രധാനമന്ത്രി സ്ഥാനത്തേക്ക് വേണ്ടെന്നായിരുന്നു അവരുടെ നിലപാട്. സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെ തുടർന്നുള്ള പ്രക്ഷോഭത്തെ തുടർന്നാണ് ശർമ്മ ഒലിയുടെ കമ്യൂണിസ്റ്റ് സർക്കാർ രാജിവച്ചത്.നേപ്പാളിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയ ഏക വനിതയാണ് സുശീല കാർക്കി. നേപ്പാളിൽ ഇതുവരെ സ്ത്രീ പ്രധാനമന്ത്രി പദവിയിൽ എത്തിയിട്ടില്ല. അതിനാൽ തന്നെ ചീഫ് ജസ്റ്റിസായ ഏക വനിത തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരണമെന്നാണ് പ്രതിഷേധക്കാർ നിലപാടെടുത്തതത്. നേപ്പാൾ പ്രസിഡന്റായി മുൻപ് ബിദ്യ ദേവി ഭണ്ഡാരി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രക്ഷോഭത്തെ തുടർന്ന് കെ.പി. ശർമ്മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് സുശീല കാർക്കിയുടെ പേര് ഉയർന്നുവന്നത്.1952 ജൂൺ 7ന് ബിരാത്‌നഗറിൽ ജനനം.
1972ൽ ബിരാത്‌നഗറിലെ മഹേന്ദ്ര മോരംങ് ക്യാംപസിൽ നിന്നു ബാച്ചിലർ ഓഫ് ആർട്‌സ് പൂർത്തിയാക്കി. 1975ൽ വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്നു പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. 1978ൽ നേപ്പാളിലെ ത്രിഭുവൻ സർവകലാശാലയിൽ നിന്നു നിയമ ബിരുദവും നേടി.1979ൽ ബിരാത്‌നഗറിൽ നിയമ പരിശീലനം ആരംഭിച്ചു. 2007ൽ മുതിർന്ന അഭിഭാഷകയായി. 2009 ജനുവരി 22ന് സുപ്രീം കോടതിയിൽ താൽക്കാലിക ജഡ്ജിയായി. 2010 നവംബർ 18ന് സ്ഥിരം ജസ്റ്റിസായി. 2016 ഏപ്രിൽ 13 മുതൽ 2016 ജൂലൈ 10 വരെ ആക്ടിങ് ചീഫ് ജസ്റ്റിസായി. തുടർന്ന് 2016 ജൂലൈ 11 മുതൽ 2017 ജൂൺ 7 വരെ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു.
നീതിന്യായ വ്യവസ്ഥയുടെ ജനാധിപത്യപരമായ പങ്ക് ശക്തിപ്പെടുത്തി നിരവധി പ്രധാന കേസുകളിൽ വിധി പറഞ്ഞു. 2017 ഏപ്രിൽ 30 ന് കാർക്കിക്കെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കപ്പെട്ടു. മാവോയിസ്റ്റ് സെന്ററും നേപ്പാളി കോൺഗ്രസും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്.
നടപടികൾ തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെയും പൊതുജന സമ്മർദത്തെയും തുടർന്ന് ഈ പ്രമേയം പിന്നീട് പിൻവലിച്ചു. ബനാറസിൽ പഠിക്കുന്ന കാലത്ത് കണ്ടുമുട്ടിയ നേപ്പാളി കോൺഗ്രസിലെ പ്രമുഖ യുവനേതാവായിരുന്ന ദുർഗാ പ്രസാദ് സുബേദിയെയാണ് വിവാഹം കഴിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.