ബെംഗളൂരൂ: വനിതാ മാധ്യമപ്രവർത്തകയോട് അപകീർത്തികരമായ പരാമർശം നടത്തി കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ്. ഉത്തര കന്നഡയിലെ ഹല്യാൽ എംഎൽഎയും മുൻ മന്ത്രിയുമായ ആർ.വി. ദേശ്പാണ്ഡെയാണ് മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് അപമര്യാദയായി മറുപടി നൽകി വിവാദത്തിൽ കുടുങ്ങിയത്.
ആശുപത്രി ഇല്ലാത്തതിനാൽ ഗർഭിണികളുൾപ്പെടെയുള്ളവർ കഷ്ടപ്പെടുകയാണെന്നും ജോയിഡ താലൂക്കിൽ എപ്പോൾ ഒരു ആശുപത്രി ലഭിക്കുമെന്നുമായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദ്യം. നിങ്ങളുടെ (പ്രസവ) സമയമാകുമ്പോൾ, ഞാൻ ഒരെണ്ണം ശരിയാക്കിത്തരാമെന്നായിരുന്നു പുച്ഛച്ചിരിയോടെ എംഎൽഎയുടെ മറുപടി.
സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്നതാണ് ദേശ്പാണ്ഡെയുടെ പരാമർശമെന്ന് ആരോപിച്ച് മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. ദേശ്പാണ്ഡെ മാധ്യമപ്രവർത്തകയോട് പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യം ശക്തമാണ്.
ദേശ്പാണ്ഡെയുടെ പരാമർശം അനുചിതം മാത്രമല്ല, അങ്ങേയറ്റം അപമാനകരവുമാണെന്ന് മാധ്യമ അവകാശ സംഘടന പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം പരാമർശങ്ങൾ മാധ്യമപ്രവർത്തനമെന്ന തൊഴിലിനെ ഇകഴ്ത്തുകയും സ്ത്രീകളുടെ ആശങ്കകളെ നിസ്സാരവൽക്കരിക്കുകയും ചെയ്യുന്നതാണെന്ന് പ്രസ്താവനയിൽ സംഘടന പറഞ്ഞു.
ഭാരതീയ ജനതാ പാർട്ടി വക്താവ് ഷെഹ്‌സാദ് പൂനാവാലയും ദേശ്പാണ്ഡെയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായ വിവാദ പരാമർശത്തിന് പിന്നാലെ ഇപ്പോൾ കർണാടകയിലെ കോൺഗ്രസ് നേതാവ് ആർ.വി. ദേശ്പാണ്ഡെയിൽ നിന്ന് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുകയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഒരു വനിതാ മാധ്യമപ്രവർത്തകയോട് ഇത്തരത്തിലാണോ സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.