കാബൂൾ : തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ 6.0 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം. 250ൽ അധികംപേർ മരിച്ചുവെന്നാണ് താലിബാനെ ഉദ്ധരിച്ചു വന്ന റിപ്പോർട്ടുകൾ. നൂറിലേറെപ്പേർ മരിച്ചുവെന്ന് രാജ്യാന്തര വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കുനാർ പ്രവിശ്യയിലെ നുർ ഗാൽ, സാവ്‌കി, വാട്പുർ, മനോഗി, ചപ ദാര ജില്ലകളിലാണ് മരണം ഉണ്ടായിരിക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ ഇൻഫർമേഷൻ മന്ത്രാലയം തുർക്കിയുടെ വാർത്താ ഏജൻസിയായ അനഡോലുവിനോട് അറിയിച്ചു.
ഭൂമിക്കടിയിൽ 10 കി.മീ. ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് ജർമൻ റിസർച് ഫോർ ജിയോസയൻസസ് (ജിഎഫ്സെഡ്) അറിയിച്ചു. ബസാവുലിന്റെ വടക്ക് 36 കി.മീ. മാറിയാണ് പ്രഭവകേന്ദ്രം.
ഞായറാഴ്ച പ്രാദേശിക സമയം രാത്രി 11.47നായിരുന്നു (ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.47ന്) ഭൂകമ്പം ഉണ്ടായത്. തലസ്ഥാനമായ കാബൂൾ മുതൽ 370 കി.മീ. അകലത്തിലുള്ള പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദ് വരെ സെക്കൻഡുകളോളം കുലുങ്ങി.
അതിഭീകര ഭൂകമ്പങ്ങൾക്ക് സാധ്യതയേറിയ മേഖലയാണ് അഫ്ഗാനിസ്ഥാൻ. പ്രത്യേകിച്ച്, ഇന്ത്യൻ – യുറേഷ്യൻ ടെക്ടോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന ഹിന്ദുക്കുഷ് പർവതമേഖലകളിൽ. 2023 ഒക്ടോബർ ഏഴിന് അഫ്ഗാനിലുണ്ടായ ഭൂകമ്പത്തിൽ 4000ൽ അധികംപേർ മരിച്ചുവെന്നാണ് താലിബാൻ ഭരണകൂടം അറിയിച്ചിരുന്നത്. അതേസമയം, 6.3 തീവ്രത രേഖപ്പെടുത്തിയ അന്നത്തെ ഭൂകമ്പത്തിൽ 1500ഓളം പേരാണ് മരിച്ചതെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.