ന്യൂഡൽഹി; ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിനു ശേഷം പൊതുരംഗത്തുനിന്നു വിട്ടുനിൽക്കുന്ന ജഗദീപ് ധൻകർ (74) ഔദ്യോഗിക വസതിയിൽനിന്നു താമസം മാറ്റി.
അദ്ദേഹം ഡൽഹിയിലെ സ്വകാര്യ ഫാംഹൗസിലേക്കു താമസം മാറിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജൂലൈ 21 നാണ് ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്. അതിനുശേഷം പൊതുരംഗത്തു നിന്നു വിട്ടുനിൽക്കുകയാണ്.അദ്ദേഹത്തിന്റെ ഈ നടപടി നിരവധി ഊഹാപോഹങ്ങൾക്കും രാഷ്ട്രീയ ആരോപണങ്ങൾക്കും വഴിയൊരുക്കിയിരുന്നു.രാജിവച്ചതിനു ശേഷം ധൻകർ, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ടേബിൾ ടെന്നീസ് കളിക്കുകയും യോഗ പരിശീലിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.തെക്കൻ ഡൽഹിയിലെ ഛത്തർപുരിലെ ഗദായ്പുരിലുള്ള ഫാംഹൗസ് ഹരിയാനയിലെ പ്രമുഖ ജാട്ട് നേതാവും ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐഎൻഎൽഡി) നേതാവുമായ അഭയ് ചൗട്ടാലയുടേതാണ്. മുൻ ഉപരാഷ്ട്രപതിയെന്ന നിലയിൽ ഔദ്യോഗിക വസതി ലഭിക്കുന്നതുവരെ ധൻകർ ഇവിടെ താമസിക്കും.21ന് വൈകിട്ടുവരെ രാജ്യസഭയിലെ അധ്യക്ഷക്കസേരയിൽ സജീവമായിരുന്ന ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാത്രി 9.25ന് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണമാണു രാജിയെന്ന് രാഷ്ട്രപതിക്കു നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന സൂചനകളും പുറത്തുവന്നിരുന്നു. ബംഗാൾ ഗവർണറായിരിക്കെ 2022 ൽ ഉപരാഷ്ട്രപതിയായ ധൻകർ, പദവിയിൽ രണ്ടുവർഷം ബാക്കിനിൽക്കെയാണു രാജിവച്ചത്. മാർച്ചിൽ നെഞ്ചുവേദനയെത്തുടർന്ന് ധൻകർ ഡൽഹി എയിംസിൽ ഏതാനും ദിവസം ചികിത്സയിലായിരുന്നു.
തങ്ങളുമായി നിരന്തരം കൊമ്പുകോർത്തിരുന്ന ധൻകറിനെ അധ്യക്ഷ പദവിയിൽനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ കത്തു നൽകുന്ന അസാധാരണ നീക്കത്തിനും നേരത്തേ രാജ്യസഭ സാക്ഷിയായിരുന്നു. ബിജെപിക്ക് അനുകൂലമായ തീരുമാനങ്ങളെടുക്കുന്നുവെന്നും ഏകപക്ഷീയമായി പെരുമാറുന്നുവെന്നും തങ്ങൾ സംസാരിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.