ന്യൂയോർക്ക് : ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലില്‍ (യുഎന്‍എച്ച്ആര്‍സി) പാകിസ്ഥാനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യ. സ്വന്തം ജനതയെ ബോംബ് ഇടുന്നവര്‍ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അന്താരാഷ്ട്ര വേദി ദുരുപയോഗം ചെയ്യുകയാണ്.
വെന്റിലേറ്ററില്‍ കിടക്കുന്ന സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനും വേട്ടയായപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതിലും പാകിസ്ഥാന് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യന്‍ പ്രതിനിധി ക്ഷിതിജ് ത്യാഗി പറഞ്ഞു. കൗണ്‍സിലിന്റെ 60-മത് സെഷനില്‍ സംസാരിക്കുമ്പോഴായിരുന്നു ക്ഷിതിജ് ത്യാഗിയുടെ കടുത്ത പ്രതികരണം.
"ഒരു പ്രതിനിധി സംഘം എല്ലാത്തിനും വിരുദ്ധമായി, ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ്. ഞങ്ങളുടെ പ്രദേശത്തില്‍ കണ്ണുവയ്ക്കുന്നതിനു പകരം, നിയമവിരുദ്ധമായി കയ്യേറിയിരിക്കുന്ന ഇന്ത്യന്‍ പ്രദേശം ഒഴിയുകയാണ് വേണ്ടത്. 'ജീവന്‍രക്ഷാ' പിന്തുണയില്‍ നിലനില്‍ക്കുന്ന സമ്പദ്വ്യവസ്ഥയെയും, സൈനിക മേധാവിത്വം ഉപയോഗിച്ച് നിശബ്ദമാക്കിയ ഭരണകൂടത്തെയും, പീഡനങ്ങളാല്‍ കളങ്കപ്പെട്ട മനുഷ്യാവകാശ ചരിത്രത്തെയും സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഭീകരവാദം കയറ്റുമതി ചെയ്യുന്നതില്‍നിന്നും, യുഎന്‍ നിരോധിച്ച ഭീകരര്‍ക്ക് താവളമൊരുക്കുന്നതില്‍നിന്നും, സ്വന്തം ജനതയെ ബോംബിടുന്നതില്‍നിന്നും സമയം ലഭിക്കുന്നപക്ഷം ഇത് ചെയ്യണം" - ക്ഷിതിജ് ത്യാഗി വ്യക്തമാക്കി.
പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പാക് എയർ ഫോഴ്സ് നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 30 പേർ കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു.
തിര വാലിയിലെ മാത്രേ ദാര ഗ്രാമത്തിലായിരുന്നു പാക് സേനയുടെ ആക്രമണം. ഫൈറ്റർ ജെറ്റുകളാണ് ബോംബ് വര്‍ഷിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യുഎന്നില്‍ ഇന്ത്യയുടെ പ്രതികരണം. എല്ലാ രാജ്യങ്ങളോടും പക്ഷപാതമില്ലാതെ പ്രവർത്തിക്കണമെന്നും ഇന്ത്യ ഓര്‍മിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.