ന്യൂഡല്‍ഹി: താരിഫ് സംഘര്‍ഷങ്ങള്‍ക്കിടയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ കുറിച്ചും ഇന്ത്യയെ കുറിച്ചും പറഞ്ഞ നല്ല വാക്കുകള്‍ക്ക് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
'പ്രസിഡന്റ് ട്രംപിന്റെ നല്ല വാക്കുകളെയും നമ്മുടെ ബന്ധത്തെക്കുറിച്ചുള്ള ക്രിയാത്മകമായ വിലയിരുത്തലിനെയും അഭിനന്ദിക്കുന്നു' പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ഞാന്‍ എപ്പോഴും മോദിയുമായി സൗഹൃദത്തിലായിരിക്കുമെന്നും അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. ആശങ്കപ്പെടാന്‍ ഒന്നുമില്ല. നമുക്കിടയില്‍ ഇടയ്ക്ക് ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നുവെന്ന് മാത്രമേയുള്ളൂവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇതിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
'ഞാന്‍ എപ്പോഴും (നരേന്ദ്ര) മോദിയുമായി സൗഹൃദത്തിലായിരിക്കും, അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. അദ്ദേഹം മഹാനാണ്. ഞാന്‍ എപ്പോഴും സൗഹൃദത്തിലായിരിക്കും, എന്നാല്‍ ഈ പ്രത്യേക നിമിഷത്തില്‍ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല,' വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ വെച്ച് ട്രംപ് പറഞ്ഞു.
ട്രംപിന്റെ അതേ വികാരം പൂര്‍ണ്ണമായി പങ്കുവെക്കുന്നുവെന്ന് അറിയിച്ച മോദി ഇന്ത്യയും യുഎസും തമ്മില്‍ വളരെ ക്രിയാത്മകവും കാഴ്ചപ്പാടുള്ളതും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമുണ്ടെന്നും എക്സില്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും മോശമായ ഘട്ടത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കടന്നുപോകുമ്പോള്‍, ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപ് മോദിയെ പ്രകീര്‍ത്തിച്ചതും ഇന്ത്യയുമായി പ്രത്യേക ബന്ധമാണ് യുഎസിനെന്ന് പറഞ്ഞതും.
ഇന്ത്യ-പാകിസ്താന് യുദ്ധത്തിലെ ഇടപെടല്‍ സംബന്ധിച്ചും താരിഫ് സംഘര്‍ഷങ്ങളേയും തുടര്‍ന്ന് മോദിയും ട്രംപും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് ശേഷം ഇതാദ്യമായിട്ടാണ് ഇരുനേതാക്കളും പരസ്പരം പ്രകീര്‍ത്തനങ്ങളുമായി വീണ്ടുമൊന്നിക്കുന്നത്.
മോദിയുമായി എല്ലായ്പ്പോഴും സൗഹൃദത്തിലായിരിക്കുമ്പോഴും ഈ പ്രത്യേക നിമിഷത്തില്‍ അദ്ദേഹം ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ട്രംപ് പറഞ്ഞിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പരാമര്‍ശം.
'ഇന്ത്യ റഷ്യയില്‍ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ ഞാന്‍ വളരെ നിരാശനായിരുന്നു, ഞാനത് അവരെ അറിയിക്കുകയും ചെയ്തു. ഞങ്ങള്‍ ഇന്ത്യയ്ക്ക് മേല്‍ വളരെ വലിയ താരിഫ് ചുമത്തി, 50 ശതമാനം താരിഫ്, ഞാന്‍ മോദിയുമായി വളരെ നല്ല ബന്ധത്തിലാണ്, അദ്ദേഹം മഹാനാണ്' ട്രംപ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.