പത്തനംതിട്ട: ശബരിമല ശ്രീകോവിൽ വാതിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലകശില്പങ്ങളിലെ സ്വർണം പൂശിയ പാളികൾ ഹൈക്കോടതി അനുമതിയില്ലാതെ നന്നാക്കാൻ ചെന്നൈയിലേക്ക് കൊണ്ടുപോയി. ഇതുസംബന്ധിച്ച് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ജസ്റ്റിസ് ആർ. ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി.
തന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും അനുമതിയോടെയാണ് പാളികൾ കൊണ്ടുപോയതെന്നാണ് ദേവസ്വം വിശദീകരണം. ഞായറാഴ്ച രാത്രി എട്ടരയ്ക്കുശേഷമാണ് പാളികൾ ഇളക്കിയത്. ഇവ നിർമിച്ച് സമർപ്പിച്ച സ്ഥാപനത്തിലേക്കാണ് കൊണ്ടുപോയത്.
തിരുവാഭരണം കമ്മിഷണർ, ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നിവരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സുരക്ഷിതവാഹനത്തിലാണ് പാളികൾ കൊണ്ടുപോയതെന്ന് ദേവസ്വംബോർഡ് അറിയിച്ചു. സെപ്റ്റംബർ 19-ന് അറ്റകുറ്റപ്പണികൾക്കുശേഷം തിരികെ എത്തിക്കും.
പുറത്തുകൊണ്ടുപോകാൻ അനുമതിവേണം
ശബരിമല ശ്രീകോവിൽ അടക്കമുള്ള പ്രധാന ഇടങ്ങളിലെ അറ്റകുറ്റപ്പണി സന്നിധാനത്തുവെച്ച് നടത്തുന്നതിന് തടസ്സമില്ല. വലിയ ചെലവുള്ളവയാണെങ്കിൽ ഹൈക്കോടതിയെ അറിയിക്കണമെന്നു മാത്രം.
ശില്പത്തിലേത് സ്വർണംപൂശിയ ചെമ്പുപാളികൾ
ശ്രീകോവിൽ വാതിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലകശില്പങ്ങൾ കരിങ്കല്ലുകൊണ്ടാണ്. 1998-ൽ വ്യവസായി വിജയ് മല്യ ശ്രീകോവിലിന്റെ മേൽക്കൂരയും വശങ്ങളും സ്വർണം പൂശിയിരുന്നു. അപ്പോൾ ദ്വാരപാലകന്മാരുടെ ശില്പങ്ങളിൽ ഒന്നും ചെയ്തില്ല. പിന്നീടാണ് ചെന്നൈയിലെ സ്ഥാപനം ഇവ വഴിപാടായി സ്വർണംപൂശിയത്.
നാണയമേറുകൊണ്ട് കേടുപാട് വലിയ തിരക്കിനിടെ ഭക്തർ ഭണ്ഡാരത്തിലേക്ക് എറിയുന്ന നാണയങ്ങൾ ദ്വാരപാലകശില്പങ്ങളിൽ വീഴാറുണ്ട്. അങ്ങനെയാണ് പാളികൾ പലയിടത്തും ചുളുങ്ങിയയത്. ചില ഭാഗം പൊട്ടി. സ്വർണത്തിന്റെ നിറം മങ്ങുകയും ചെയ്തു.
അറ്റകുറ്റപ്പണി താന്ത്രിക നിർദേശപ്രകാരം
ദ്വാരപാലകരുടെയും സോപാനപ്പടികളുടെയും വാതിലുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് 2023-ൽ താന്ത്രികനിർദേശമുണ്ടായിരുന്നു. വാതിലുകൾ പണിതു. ദ്വാരപാലകപാളികളിലെ കീറലും നിറംമങ്ങലും മാറ്റാനാണ് ചെന്നൈയ്ക്ക് കൊണ്ടുപോയത്- പി.എസ്. പ്രശാന്ത്, പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.