തിരുവനന്തപുരം : കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ മർദിച്ച സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജി ഹരി ശങ്കർ ശുപാർശ ചെയ്തു. നോർത്ത് സോൺ ഐജി രാജ് പാൽ മീണയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ശുപാർശ. ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖർ പറഞ്ഞു.
സുജിത്തിനെ മർദിച്ച കേസിൽ എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശീന്ദ്രൻ എന്നിവർക്കെതിരായാണു നടപടി. സുതാര്യമായ അന്വേഷണം നടക്കുന്നതിന് ഇവരെ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ട് ചെയ്തു. മാത്രമല്ല ഇവർക്കെതിരെ കോടതി ക്രിമനൽ കേസും എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണു സസ്പെൻഡ് ചെയ്യാൻ ശുപാർശ. ആരോപണ വിധേയനായ മറ്റൊരു പൊലീസുകാരനായിരുന്ന ഷുഹൈർ, നിലവിൽ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാൽ വകുപ്പുതല നടപടി സാധ്യമല്ല.
നടപടി സംബന്ധിച്ചു പൊലീസ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. നടപടി സംബന്ധിച്ചു നിയമ തടസം വന്നതാണു കാരണം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായ സാഹചര്യത്തിൽ ‘കടുത്ത നടപടി’ വേണമെന്ന് ഡിഐജി ഹരി ശങ്കർ അടക്കമുള്ള ഉദ്യോഗസ്ഥർ നിലപാടെടുത്തിരുന്നു.
എന്നാൽ കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് തുടർ നടപടി എടുത്താൽ അത് തിരിച്ചടിക്കുമെന്ന് ആശങ്കയുയർന്നു. എന്നാൽ നിലവിലുള്ള നടപടി പുനഃപരിശോധിക്കുന്നതിന് കോടതിയിലെ കേസ് തടസമാകില്ലെന്ന് വാദമുണ്ട്. അഭിപ്രായ ഭിന്നതയെ തുടർന്ന് പൊലീസ് നിയമോപദേശം തേടി. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖർ ഉന്നത ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ചു ചർച്ച നടത്തിയിരുന്നു.
കേസിൽ ഒരിക്കൽ പൊലീസ് നടപടി എടുത്തിരുന്നു. ഇതു സംബന്ധിച്ച ക്രിമനൽ കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. പുതിയ സംഭവങ്ങളെ തുടർന്നു വീണ്ടും നടപടി എടുത്താൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർ മേൽക്കോടതികളെ സമീപിക്കുമെന്ന് ആശങ്ക വന്നു. എന്നാൽ നടപടി പുനഃപരിശോധിക്കുന്നതിനും ഉയർത്തുന്നതിനും കോടതിയിലെ കേസ് തടസമാകില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിലപാട് എടുത്തത്. 2023 ലാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് കുന്നംകുളം സ്റ്റേഷനിൽ മർദനമേറ്റത്. തുടർന്നു എസ്ഐ നൂഹ്മാൻ, പൊലീസ് ഓഫിസർമാരായ സന്ദീപ്, സജീവൻ, ശശീന്ദ്രൻ, ഷുഹൈർ എന്നിവർക്കെതിരെ പരാതി ഉയർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.