സിഡ്നി: വിഷക്കൂൺ ഉപയോഗിച്ച് മുൻ ഭർത്താവിന്റെ മാതാപിതാക്കളെയും ഒരു ബന്ധുവിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ 50കാരിക്ക് ജീവപര്യന്തം തടവ്. ഓസ്‌ട്രേലിയൻ വനിതയായ എറിൻ പാറ്റേഴ്സണിനെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2023 ജൂലായ് 29-നായിരുന്നു സംഭവം.
വീട്ടിൽ ഉച്ചഭക്ഷണത്തിന് നൽകിയ ബീഫ് വെല്ലിംഗ്ടൺ എന്ന പേരിൽ അറിയപ്പെടുന്ന പ്രത്യേക ഭക്ഷണ ഭക്ഷണത്തിലാണ് ഇവർ വിഷക്കൂൺ കലർത്തി വിളമ്പിയത്. മുൻഭർത്താവ് സൈമണിൻറെ മാതാപിതാക്കളായ ഡോൺ പാറ്റേഴ്‌സൺ, ഗെയ്ൽ പാറ്റേഴ്‌സൺ, അടുത്ത ബന്ധുവായ ഹെതർ വിൽക്കിൻസൺ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഭക്ഷണം കഴിച്ച് ആഴ്ചകൾക്കുളളിലാണ് മൂവരും മരിച്ചത്. ഡെത്ത് ക്യാപ് എന്ന് പറയപ്പെടുന്ന വിഷക്കൂണാണ് ഭക്ഷണത്തിൽ കലർത്തിയത്. ഭൂമിയിലെ ഏറ്റവും മാരകമായ വിഷമുള്ള കൂണുകളാണ് ഡെത്ത് ക്യാപ്സ് മഷ്റൂം. തനിക്ക് ക്യാൻസറാണെന്നും ആ വിവരം വിശദമായി പറയാനാണെന്നും തെറ്റിധരിപ്പിച്ചാണ് എറിൻ ഇവരെ വീട്ടിലേക്ക് വിളിച്ചത്.
ഉച്ചഭക്ഷണത്തിന് സൈമണിനെയും ക്ഷണിച്ചിരുന്നു. എന്നാൽ അയാൾ പിന്മാറി. മൂന്ന് പേരുടെയും മരണത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് വിക്‌ടോറിയ പൊലീസിൽ പരാതി നൽകിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തായത്. പത്ത് ആഴ്ച നീണ്ടുനിന്ന വിചാരണയ്ക്കൊടുവിലാണ് ഇവർക്ക് ശിക്ഷ വിധിച്ചത്. എറിൻ പാറ്റേഴ്‌സൺ മനഃപൂർവ്വം വിഷ കൂൺ വിളമ്പിയതാണെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു.
എന്നാൽ അവർ കുറ്റം നിഷേധിച്ചു. എറിൻ വിവാഹമോചനം നേടിയിരുന്നില്ല. കുട്ടികൾ ആർക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ ഭർത്താവിൻറെ വീട്ടുകാരുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. 2022 മെയിലും സെപ്റ്റംബറിലും കൊലപാതക ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ശിക്ഷാവിധിക്കെതിരെ അപ്പീൽ സമർപ്പിക്കാൻ എറിന് ഒക്ടോബർ ആറുവരെ സമയം അനുവദിച്ചിട്ടുണ്ട്. ജീവപര്യന്ത കാലയളവില്‍ 33 വര്‍ഷത്തേക്ക് ഇവർക്ക് പരോൾ ലഭിക്കില്ല.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.