മുംബൈ : മഹാരാഷ്ട്രയിലെ സോലാപുരിൽ മണ്ണ് ഖനനം നടത്തുന്നത് അന്വേഷിക്കാനെത്തിയ ഐപിഎസ് ഉദ്യോഗസ്ഥയെ ഉപമുഖ്യമന്ത്രി അജിത് പവാർ ഫോണിൽ പരസ്യമായി ശാസിച്ചതിന്റെ വിഡിയോ വൈറലായതിൽ വിവാദം കത്തുന്നു. ഡിവൈഎസ്പിയായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥ അഞ്ജന കൃഷ്ണയെയാണു ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ പരസ്യമായി ശാസിച്ചത്.
സോലാപുരിലെ കർമല ഗ്രാമത്തിലെ റോഡ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് അനധികൃതമായി മണ്ണ് ഖനനം ചെയ്യുന്നെന്ന പരാതിയിലാണു ഡിവൈഎസ്‌പി അഞ്ജന കൃഷ്ണ സ്ഥലത്തെത്തിയത്. ഇവിടെയുണ്ടായിരുന്ന എൻസിപി നേതാവ് ബാബ ജഗ്താപ്, ഉപമുഖ്യമന്ത്രി അജിത് പവാറിനെ വിളിച്ച് ഫോൺ അഞ്ജനയ്ക്കു കൈമാറി. തുടർന്നാണു ചൂടേറിയ വാക്കുതർക്കമുണ്ടായത്.
ഉപമുഖ്യമന്ത്രിയാണു സംസാരിക്കുന്നതെന്നുംം ഖനനം തടയുന്ന നടപടി നിർത്തിവയ്ക്കണമെന്നുമാണ് അജിത് പവാർ ആവശ്യപ്പെട്ടത്. എന്നാൽ അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാൻ കഴിയാതിരുന്ന അഞ്ജന, തന്റെ നമ്പറിലേക്ക് വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കുപിതനായ ഉപമുഖ്യമന്ത്രി, ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നു പറഞ്ഞു. അഞ്ജനയുടെ നമ്പറും വാങ്ങിച്ചു. ഇതിനുശേഷം അഞ്ജനയെ വിഡിയോ കോളിൽ വിളിച്ച ഉപമുഖ്യമന്ത്രി, പൊലീസ് നടപടികൾ നിർത്തിവയ്ക്കാനും തഹസിൽദാറിനോട് കാര്യങ്ങൾ ഏകോപിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തു.
സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് ഉയരുന്നത്. അജിത് പവാർ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും തന്റെ പാർട്ടിയിലെ ‘കള്ളന്മാരെ’ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ‘‘നിങ്ങൾ ഒരു ഐപിഎസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുകയാണ്. അച്ചടക്കമില്ലായ്മ താൻ സഹിക്കില്ലെന്ന് അദ്ദേഹം പറയുന്നത് കേൾക്കാം. പിന്നെ എന്താണ് ഇത്? അതും സ്വന്തം പാർട്ടിയിലെ കള്ളന്മാരെ സംരക്ഷിക്കാൻ. മിസ്റ്റർ പവാർ, നിങ്ങളുടെ അച്ചടക്കബോധം എവിടെ? നിയമവിരുദ്ധമായി മണ്ണ് ഖനനം ചെയ്യുന്നത് സംസ്ഥാനത്തിന്റെ ഖജനാവിനെ വഞ്ചിക്കുന്നതിനാണ്. നിങ്ങൾ ധനമന്ത്രിയാണ്. എന്നിട്ടും നിങ്ങൾ അത് ചെയ്തു.’’– ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
വിവാദമായതോടെ സംഭവത്തിൽ പ്രതികരണവുമായി അജിത് പവാർ രംഗത്തെത്തി. സുതാര്യത ഉറപ്പാക്കുന്നതിനും എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനും പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു. ‘‘സോലാപുരിലെ പൊലീസ് ഉദ്യോഗസ്ഥയുമായുള്ള ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില വിഡിയോകൾ ശ്രദ്ധയിൽപ്പെട്ടു. നിയമപാലകരെ തടസ്സപ്പെടുത്തുക എന്നതല്ല, മറിച്ച് സ്ഥിതിഗതികൾ ശാന്തമായിരിക്കുകയും കൂടുതൽ വഷളാകാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. നമ്മുടെ പൊലീസ് സേനയോടും അതിലെ ഉദ്യോഗസ്ഥരോടും എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. വ്യത്യസ്തതയോടും ധൈര്യത്തോടും കൂടി സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ, നിയമവാഴ്ചയെ എല്ലാറ്റിനുമുപരി ഞാൻ വിലമതിക്കുന്നു. സുതാര്യമായ ഭരണത്തിന് ഞാൻ ഉറച്ചുനിൽക്കുന്നു. മണൽ ഖനനം ഉൾപ്പെടെയുള്ള എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും നിയമപ്രകാരം കർശനമായി കൈകാര്യം ചെയ്യുമെന്ന് ഉറപ്പാക്കും’’– അജിത് പവാർ എക്സിൽ കുറിച്ചു.
അതേസമയം വിഡിയോ മനഃപൂർവം ചോർത്തിയതാണെന്ന് എൻസിപി എംപി സുനിൽ തത്കറെ പറഞ്ഞു. നടപടി നിർത്താൻ അജിത് പവാർ ഉദ്ദേശിച്ചിരുന്നില്ലെന്നും പക്ഷേ പാർട്ടി പ്രവർത്തകരെ സമാധാനിപ്പിക്കാൻ ഉദ്യോഗസ്ഥനെ ശകാരിച്ചിരിക്കാമെന്നും സുനിൽ തത്കറെ കൂട്ടിച്ചേർത്തു. എന്നാൽ ഇതിനിടെ, അഞ്ജന കൃഷ്ണയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ചില എൻസിപി പ്രവർത്തകരും രംഗത്തെത്തി. അഞ്ജനയുടെ വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റ്, മറ്റ് രേഖകൾ എന്നിവ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി എംഎൽഎ മോൽ മിത്കരി യുപിഎസിക്കു കത്തയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.