ജയ്പൂർ: മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് കഴിവുറ്റ ഭരണാധികാരിയായിരുന്നു എന്ന് അന്തർദേശീയ സമ്മേളനത്തിൽ പറഞ്ഞ ഉദയ്പൂർ മോഹൻലാൽ സുഖദിയ സർവകലാശാല വൈസ് ചാൻസലർ സുനിത മിശ്ര മാപ്പു പറഞ്ഞു. ഇവർക്കെതിരെ എ.ബി.വി.പിയുടെ നേതൃത്വത്തിൽ വിദ്യാർഥിപ്രക്ഷോഭം നടന്നു. വിഡിയോയിലൂടെയും എഴുതിത്തയ്യാറാക്കിയും ഇവർ മേവാറിലെ ജനങ്ങൾ, രാജസ്ഥാൻ, രജപുത്ര സമുഹം എന്നിവരോടാണ് മാപ്പു പറഞ്ഞത്.
‘മേവാർ ഭൂമി ശാസ്ത്രപരമായ മണ്ണ് മാത്രല്ല, മറിച്ച് വീര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണെന്നും ഈ പാവനമായ ഭൂമിയാണ് മഹാൻമാരായ റാണാ പ്രതാപിനെയും പൃഥ്വിരാജ് ചൗഹാനെയും സമ്മാനിച്ചതെന്നും അവർ മാപ്പ് പറഞ്ഞുകൊണ്ടുള്ള വിഡിയോയിൽ പറയുന്നു.
ഇവരുടെ മഹത്തായ ചരിത്രം എല്ലാവർക്കും എല്ലാകാലത്തും പ്രചോദനമായിരുന്നെന്നും മിശ്ര പറയുന്നു. അടുത്തസമയത്ത് ഉദയ്പൂറിൽ നടന്ന ഒരു അന്തർദേശീയ സമ്മേളനത്തിൽ ഔറംഗസേബ് കഴിവുറ്റ ഭരണാധികാരിയാണെന്ന് ഞാൻ പറയുകയുണ്ടായി. ഇത് മഹാറാണാ പ്രതാപിന്റെ അനുയായികളെ വേദനിപ്പിച്ചതായി എനിക്ക് അറിയാൻ കഴിഞ്ഞു.
എന്നാൽ ഇവരുടെ മനസ് വേദനിപ്പിക്കുക എന്നത് എന്റെ ഉദ്ദേശമേ ആയിരുന്നില്ല. അനേകം ധീരൻമാരെ സമ്മാനിച്ച ഈ മണ്ണിനെയും വേദനിപ്പിക്കുക എന്റെ ഉദ്ദേശം ആയിരുന്നില്ല. അതുകൊണ്ട് മേവാറിലെ എല്ലാവരോടും, പ്രത്യേകിച്ച് രജപുത്ര സമുദായത്തോട് ഞാൻ മാപ്പു ചോദിക്കുന്നു- സുനിത മിശ്ര പറയുന്നു. ‘ഇന്ത്യൻ നോളജ് സിസ്റ്റം: എ റോഡ് മാപ് റ്റു വികസിത് ഭാരത് 2047’ എന്ന സമ്മേളനത്തിലാണ് സുനിത മിശ്ര ഔറംഗസേബിനെ പുകഴ്ത്തിയത്. ഒപ്പം അവർ മഹാറാണാ പ്രതാപിനെയും പൃഥിരാജ് ചൗഹാനെയും അക്ബറുമായി താരതമ്യപ്പെടുത്തുകയും ചെയ്തു.
ഇത് കാമ്പസിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചു. രോഷാകുലരായ വിദ്യാർഥികൾ ബഹളമുണ്ടാക്കുകയും വൈസ് ചാൻസലറെ പൂട്ടിയിടുകയും ചെയ്തു. തുടർന്ന് ഇവരുടെ കോലം കത്തിച്ച വിദ്യാർഥികൾ വൈസ് ചാൻസലർ രാജിവെക്കണമെന്നാവശ്യ പ്പെട്ട് സമരം നടത്തുകയും ചെയ്തു. ഇതോടെയാണ് ഗത്യന്തരമില്ലാതെ വൈസ് ചാൻസലർ മാപ്പുപറയാൻ തയ്യാറായത്. എ.ബി.വി.പിയാണ് സമരങ്ങൾക്കു നേതൃത്വം കൊടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.