ന്യൂഡല്‍ഹി: നാളെ മുതല്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന വിദേശ യാത്രികര്‍ക്ക് ഇ അറൈവല്‍ കാര്‍ഡ് സൗകര്യം. ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചതാണ് ഇക്കാര്യം. ഇമ്മിഗ്രേഷന്‍ ബ്യൂറോയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. വിദേശ യാത്രികരുടെ ആഗമന നടപടികള്‍ പേപ്പര്‍ രഹിതമാക്കി യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുകയും പാരിസ്ഥിതിക ആഘാതം കുറയ്ക്കുകയും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഡല്‍ഹി വിമാനത്താവളത്തിലെത്തുന്ന വിദേശ യാത്രികരുടെ നടപടിക്രമങ്ങള്‍ പരമ്പരാഗത പേപ്പര്‍ അധിഷ്ഠിത മാര്‍ഗങ്ങളിലൂടെ അല്ലാതെ ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കും. യാത്രികര്‍ അവരുടെ വിവരങ്ങള്‍ സുരക്ഷിതമായ സര്ക്കാര്പോര്ട്ടലുകളിലൂടെയോ മൊബൈല്‍ ആപ്പുകള്‍ വഴിയോ നല്‍കണം. ഇതിലൂടെ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ നടപടികള്‍ വേഗത്തിലാക്കാനാകുന്നു.
ഈ നടപടിയിലൂടെ തായ്ലന്ഡ്, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഉന്നതനിരയിലുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളം ഇടം നേടിയിരിക്കുകയാണ്. ഈ വിമാനത്താവളങ്ങള്‍ നേരത്തെ തന്നെ ഇ അറൈവല്‍ കാര്‍ഡ് സേവനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.
ഹരിത ഉദ്യമം, പേപ്പര്‍ ഇല്ലാതാക്കും, സമയ ലാഭം
അറൈവല്‍ കാര്‍ഡ് ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ നടപടിക്രമങ്ങള്‍ വേഗത്തിലാകുന്നു. കാത്തു നില്പ്പ്സമയം കുറയുന്നു. യാത്രികര്‍ക്ക് മൊത്തത്തില്‍ സുഖകരമായ അനുഭവം പ്രദാനം ചെയ്യുന്നുവെന്നും ഡല്‍ഹി രാജ്യാന്തര വിമാനത്താവളം സിഇഒ വിദേഷ്കുമാര് ജയ്പൂരിയാര് പറയുന്നു.സുസ്ഥിര മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ലോകോത്തര നിലവാരമുള്ള തിരക്കില്ലാത്ത യാത്രാനുഭവം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് കാട്ടുന്നതന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024 ജൂണില്‍ ഡല്‍ഹി വിമാനത്താവളം രാജ്യത്തെ ആദ്യ അതിവേഗ ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവല്ലര്‍ പ്രോഗ്രാം നടപ്പാക്കിയിരുന്നു. വേഗത്തിലും സുരക്ഷിതവും പ്രവാസി ഇന്ത്യാക്കാര്‍ക്കും ഇന്ത്യാക്കാര്‍ക്കും യാത്രികര്‍ക്ക് സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാനാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇ അറൈവല്‍ കാര്‍ഡ് സൗകര്യവും കൊണ്ടു വന്നിരിക്കുന്നത്.
ഇ അറൈവല്‍ കാര്‍ഡ് പ്രവര്‍ത്തനം ഇങ്ങനെ
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന വിദേശപൗരന്മാര്ക്ക് അവരുടെ യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പെങ്കിലും ഇ അറൈവല്‍ കാര്‍ഡ് പൂരിപ്പിച്ച് നല്കാനാകുന്നു. സുരക്ഷിതമായ നിരവധി പ്ലാറ്റ് ഫോമുകളിലൂടെ ഇത് സാധ്യമാണ്. അവയില്‍ ചിലത് ഇനിപ്പറയുന്നു.
ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ പോര്‍ട്ടല്‍ , ഇന്ത്യന്‍ വിസ വെബ്സൈറ്റ് , സു-സ്വാഗതം മൊബൈല്‍ ആപ്പ് , ഡല്‍ഹി വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഇതിനായി കമ്പ്യൂട്ടറുകളോ മൊബൈലോ ഉപയോഗിക്കാം. ഇത്തരത്തില്‍ ഡിജിറ്റലായി വിവരങ്ങള്‍ നല്കിയാല് നിങ്ങള്‍ എത്തിയ ശേഷം പേപ്പര്‍ ഫോമുകള്‍ പൂരിപ്പിക്കേണ്ടതില്ല. ഇതിലൂടെ സമയ ലാഭവും ഇമിഗ്രേഷന്‍ കൗണ്ടറുകളിലെ തിരക്കും ഒഴിവാക്കാനാകുന്നു.
ഇന്ത്യയുടെ ആഗോള അഭിലാഷങ്ങള്‍
ഇ അറൈവല്‍ കാര്‍ഡ് സംവിധാനം നടപ്പാക്കുന്നത് കേവലം സൗകര്യത്തിന് വേണ്ടി മാത്രമല്ല. ഇന്ത്യ സ്വയം ഒരു മാതൃകയായി മാറുകയാണ്. ആധുനിക, സാങ്കേതികാധിഷ്ഠിത, യാത്രി സൗഹൃദ ഇടമായി നാം നമ്മെ മുന്നോട്ട് വയ്ക്കുന്നു. കോവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യാന്തര യാത്രികരുടെ എണ്ണം കുതിച്ചുയര്‍ന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ഡല്‍ഹി വിമാനത്താവളം സാങ്കേതികാധിഷ്ഠിത സൗകര്യങ്ങള്‍ക്ക് വേണ്ടി ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും യാത്രികരുടെ സൗകര്യം മെച്ചപ്പെടുത്താനും വേണ്ടിയാണിത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.