തിരുവനന്തപുരം: 1995-ലെ ശിവഗിരി മഠത്തിലെ പോലീസ് നടപടിയിൽ അതിക്രമം നടന്നിട്ടില്ലെന്നും, ജനക്കൂട്ടം അക്രമാസക്തമായപ്പോഴാണ് പോലീസ് നടപടി വേണ്ടിവന്നതെന്നും വ്യക്തമാക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പുറത്ത്.
407 പേജുകളുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകൾ, പോലീസ് നടപടി കോടതിയുടെ നിർബന്ധം മൂലമായിരുന്നു എന്ന എ.കെ. ആന്റണിയുടെ വാദങ്ങളെ ശരിവെക്കുന്നതാണ്. റിപ്പോർട്ട്, നേരത്തെ തന്നെ നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമായിരുന്നു.
ശിവഗിരിയിൽ പോലീസിന്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായിട്ടില്ലെന്നും, സംയമനത്തോടെയാണ് അവർ കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നുമാണ് കമ്മീഷന്റെ കണ്ടെത്തൽ. ജനങ്ങൾ അക്രമാസക്തമായപ്പോഴാണ് പോലീസിന് നടപടിയെടുക്കേണ്ടി വന്നത്. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ അഭിനന്ദിക്കുന്നുമുണ്ട്. എന്നാൽ പ്രശ്നത്തിൽ മധ്യസ്ഥത വഹിച്ച അന്നത്തെ സർക്കാർ, അത് കൃത്യമായി പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന വിമർശനവും റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു.
തന്റെ ഭരണകാലത്തുണ്ടായ സംഭവങ്ങളെക്കുറിച്ച് നിയമസഭയിൽ ഭരണപക്ഷം വിമർശനങ്ങൾ ഉന്നയിച്ചതിനെത്തുടർന്നാണ് എ.കെ. ആന്റണി നേരിട്ട് പ്രതിരോധവുമായി രംഗത്തെത്തിയത്. ശിവഗിരിയിൽ നടന്നത് എന്താണെന്ന് ജനങ്ങൾ അറിയണമെന്നും, അതിനാൽ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസാരിക്കാമെന്ന് കരുതിയെങ്കിലും, തന്നെ മുൻനിർത്തി ആരോപണങ്ങൾ വന്നപ്പോൾ മറുപടി പറയണമെന്ന് സ്വയം തോന്നിയതുകൊണ്ടാണ് വാർത്താസമ്മേളനം വിളിച്ചതെന്നും ആന്റണി വ്യക്തമാക്കിയിരുന്നു.
1995 ഒക്ടോബർ 11-നാണ് ശിവഗിരിയിൽ പോലീസ് നടപടിയുണ്ടാകുന്നത്. ശിവഗിരി മഠത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. മത്സരത്തിൽ പ്രകാശാനന്ദ ഉൾപ്പെടെ ആറ് വിമത സന്യാസിമാർ വിജയിച്ചെങ്കിലും, ശാശ്വതീകാനന്ദ പക്ഷം അധികാരം കൈമാറാൻ തയ്യാറായില്ല. 1994 ഡിസംബറിൽ പ്രകാശാനന്ദ കോടതിയെ സമീപിക്കുകയും, അധികാര കൈമാറ്റം ഉറപ്പാക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു. കോടതി ഉത്തരവ് നടപ്പാക്കാനായി 1995 ഒക്ടോബർ 11-ന് പുലർച്ചെ പോലീസ് ശിവഗിരി മഠത്തിലെത്തി. എന്നാൽ ശാശ്വതീകാനന്ദ പക്ഷം പോലീസിനെതിരെ ആക്രമണം അഴിച്ചുവിട്ടു. ഇവർക്ക് അബ്ദുൽ നാസർ മഅ്ദനിയും പി.ഡി.പിയും പിന്തുണ നൽകിയിരുന്നു എന്നത് പ്രശ്നം ഗുരുതരമാക്കി. പ്രതിഷേധത്തെ ചെറുക്കാൻ പോലീസ് നടത്തിയ നടപടി സംഘർഷത്തിൽ കലാശിച്ചു. 200-ൽ അധികം പേർക്ക് പരിക്കേറ്റു. ഗുരു സ്ഥാപിച്ച ക്ഷേത്രത്തിനും മഠത്തിനും കേടുപാടുകൾ സംഭവിച്ചതും പോലീസിനെതിരെ വലിയ വിമർശനങ്ങൾക്ക് കാരണമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.