വാഷിങ്ടൻ : റഷ്യന്‍ എണ്ണ വാങ്ങിയതിന്റെ പേരിൽ ഇന്ത്യയ്ക്കു മേൽ 50% തീരുവ ചുമത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതായി സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇന്ത്യയാണ് റഷ്യയിൽനിന്ന് കൂടുതൽ എണ്ണ വാങ്ങുന്നതെന്ന് ഡോണൾഡ് ട്രംപ് ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യയ്ക്ക് 50% തീരുവ ഏർപ്പെടുത്തിയത്. അത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല’– ട്രംപ് പറഞ്ഞു. 50% തീരുവ ഏർപ്പെടുത്തിയ നടപടിക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.
തീരുവ ഈടാക്കിയത് ഇന്ത്യയുമായി ഭിന്നതയ്ക്ക് ഇടയാക്കിയെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ സംസാരിക്കുമെന്നും യുഎസ് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രശ്നപരിഹാരത്തിനു വഴി തുറക്കുന്നതിന്റെ സൂചനകളായാണ് നയതന്ത്ര വിദഗ്ധർ ഇതിനെ കാണുന്നത്.
ഇന്ത്യൻ വാണിജ്യമന്ത്രി അടുത്തയാഴ്ച വാഷിങ്ടൻ സന്ദർശിക്കുമ്പോൾ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. ഇന്ത്യ യുഎസിൽനിന്ന് അകന്നു പോകാതിരിക്കുന്നതിനുള്ള നടപടികൾക്ക് മുൻഗണന നൽകുമെന്ന് ഇന്ത്യയിലെ അംബാസഡറായി നിയമിച്ച സെർജിയോ ഗോർ വ്യക്തമാക്കി. ട്രംപ് വ്യക്തിപരമായി പ്രധാനമന്ത്രി മോദിയെ ആക്രമിച്ചിട്ടില്ലെന്നും ഗോർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25% അധിക തീരുവയാണ് യുഎസ് ആദ്യം ചുമത്തിയത്. ഓഗസ്റ്റ് ആദ്യവാരം ഇതു നിലവിൽ വന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷയായി തീരുവ വീണ്ടും 25 % വർധിപ്പിച്ചു. ഓഗസ്റ്റ് 27 മുതൽ ഈ തീരുവ നിലവിൽവന്നു. അധിക തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ അതിരൂക്ഷമായി വിമർശിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയിരുന്നു. നടപടി അങ്ങേയറ്റം ദൗർഭാഗ്യകരം ആണെന്നും രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.