വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയുടെ പുതിയ ചിത്രം പുറത്തുവന്നു. യുഎസ് പ്രസിഡന്റിന് അത്യപൂർവ ധാതുക്കൾ സമ്മാനിക്കുന്നതാണ് ചിത്രത്തിലുള്ളത്.
അസിം മുനീർ മരം കൊണ്ടുള്ള പെട്ടിയിലേക്ക് വിരൽ ചൂണ്ടുന്നതും, അതിനുള്ളിലെ അപൂർവ ധാതുക്കളിലേക്ക് ട്രംപ് നോക്കുന്നതും ചിത്രത്തിൽ കാണാം. ആറ് വർഷത്തിനിടെ വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ആദ്യ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാണ് ഷരീഫ്.
വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുത്ത ഈ കൂടിക്കാഴ്ച ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. അസിം മുനീർ ട്രംപുമായി ജൂണിലും കൂടിക്കാഴ്ച നടത്തിയിരുന്നു.പാക്കിസ്ഥാനിലെ കൃഷി, ഐടി, ഖനി, ധാതുമേഖല, ഊർജം എന്നിവിടങ്ങളിൽ നിക്ഷേപം നടത്താൻ യുഎസ് കമ്പനികളെ ക്ഷണിച്ചതായി പാക്ക് പ്രധാനമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്റെ അപൂർവ ധാതുക്കളിൽ യുഎസിനു താൽപര്യമുണ്ട്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഖനന കമ്പനിയായ ഫ്രോണ്ടിയർ വർക്സ് ഓർഗനൈസേഷൻ യുഎസ് കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽ ദശലക്ഷക്കണക്കിനു ഡോളർ വിലമതിക്കുന്ന ധാതു ശേഖരമുണ്ടെന്ന് ഷരീഫ് അവകാശപ്പെട്ടിരുന്നു. ധാതു മേഖലയിലെ വിദേശ നിക്ഷേപം സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും വിദേശ വായ്പ ഭാരത്തിൽ നിന്ന് രക്ഷപ്പെടുത്താനും സഹായിക്കുമെന്നാണ് പാക്ക് സർക്കാരിന്റെ വിശ്വാസം. പാക്കിസ്ഥാന്റെ ധാതുസമ്പത്തിൽ ഭൂരിഭാഗവും തെക്ക്-പടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലാണ്. അവിടെയുള്ള വിഘടനവാദികൾ പാക്കിസ്ഥാന്റെയും വിദേശ സ്ഥാപനങ്ങളുടെയും ഖനനത്തെ എതിർക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.