തിരുവനന്തപുരം; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫിന്റെ ഭാഗമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
യുവതികളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രാഹുലിനെ പാർലമെന്ററി പാർട്ടിയിൽനിന്ന് പുറത്താക്കി. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് രാഹുലിനെ സസ്പെൻഡ് ചെയ്തത്. ആ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. കൂട്ടത്തിലൊരാൾക്ക് കേസ് വരുമ്പോൾ വിഷമമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിനു മുൻപായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.രാഹുൽ വിഷയത്തിൽ ആരാണ് പ്രതികൂട്ടിലെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. രാഹുലിനെതിരെ പൊലീസിൽ പരാതിയില്ലായിരുന്നു. പക്ഷേ, യുഡിഎഫ് നേതാക്കള്‍ ചർച്ച ചെയ്ത് യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽനിന്ന് മാറ്റാൻ തീരുമാനിച്ചു. രാഹുലിന്റെ രാജിയുണ്ടായി. പാർലമെന്ററി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ഞങ്ങളുടെ പാർലമെന്ററി പാർട്ടിയുടെ ഭാഗമല്ല ഇപ്പോൾ രാഹുൽ. സിപിഎം എന്ത് നടപടിയാണ് ഇത്തരം ആരോപണങ്ങളിൽ സ്വീകരിക്കുന്നത്? ബലാൽത്സംഗ കേസിലെ പ്രതി സിപിഎമ്മിലുണ്ട്.സ്ത്രീപീഡന കേസിലെ പ്രതികൾ മന്ത്രിമാരായുണ്ട്. അപ്പോൾ സിപിഎമ്മാണ് പ്രതികൂട്ടിൽ. സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാൻ കോൺഗ്രസാണ് നടപടിയെടുത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.രാഹുൽ വിഷയത്തിൽ വിഷമമുണ്ടെന്ന് ചോദ്യത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘ കൂട്ടത്തിലൊരാൾക്ക് ഇത്തരം കേസുകൾ വന്നതിൽ എനിക്കു വിഷമുണ്ട്. അയാൾക്കെതിരെ നടപടിയെടുത്തതും രാജിവച്ചതുമെല്ലാം സന്തോഷമുള്ള കാര്യമല്ല.ഐകകണ്ഠ്യേനയാണ് രാഹുലിനെതിരെ തീരുമാനമെടുത്തത്. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയാണ് തീരുമാനം എടുത്തത്. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെ എടുത്ത തീരുമാനത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു’– പ്രതിപക്ഷ നേതാവ് പറഞ്ഞു.രാഹുലിനെതിരെ നടപടിയെടുത്തതിന്റെ പേരിൽ നേരിടുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും,പാർട്ടിയിൽ ഒറ്റപ്പെടൽ ഉണ്ടാകുന്നുവെന്ന ആരോപണത്തെക്കുറിച്ചും പ്രതികരണം ഇങ്ങനെ:
‘ആരുടെയും പിന്തുണ ആഗ്രഹിച്ചല്ല പാർട്ടിയിൽ യുവാക്കളെ പിന്തുണച്ചത്. തുടക്കകാലത്ത് എനിക്കു പാർട്ടിയിൽ നിരവധി അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്. ഞാൻ നേതൃത്വത്തിൽ ഇരിക്കുമ്പോൾ ഒരു ചെറുപ്പക്കാരനും അവഗണന ഉണ്ടാകരുതെന്ന് നിർബന്ധമുണ്ട്. പാർട്ടിയുമായി ബന്ധമുള്ളവരല്ല എനിക്കെതിരെയുള്ള സൈബർ ആക്രമണത്തിനു പിന്നിൽ. വ്യാജ ഐഡികളിൽനിന്നാണ് പ്രചാരണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോയെന്ന് ഇതുവരെ വ്യക്തമല്ല. ഇക്കാര്യത്തിൽ രാഹുൽ പ്രതികരിച്ചിട്ടില്ല. അടൂരിലെ വീട്ടിലാണ് രാഹുലുള്ളത്. പൊതുപരിപാടികളിൽ പങ്കെടുക്കുന്നില്ല. രാഹുലിന് സഭാസമ്മേളനത്തിൽ പങ്കെടുക്കുന്നതിനു തടസ്സമില്ല. പാർലമെന്ററി പാർട്ടിയിൽനിന്ന് രാഹുലിനെ പുറത്താക്കിയതായി സ്പീക്കറെ പാർട്ടി അറിയിച്ചിട്ടുണ്ട്. അതിനാൽ നിയമസഭയിൽ പാർട്ടി എംഎൽഎമാർക്ക് ഒപ്പം ഇരിക്കാന്‍ കഴിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.