ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് മുതല്‍ നടപ്പാക്കുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്കാരങ്ങള്‍ എല്ലാ വീടുകളിലും പുഞ്ചിരി വിടര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജിഎസ്ടി നിരക്കുകള്‍ കുറച്ച നടപടിയിലൂടെ ഓരോ കുടുംബത്തിനും കൂടുതല്‍ സമ്പാദിക്കാനും ബിസിനസുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാനും ഉള്ള വഴിയാണ് തുറന്നിട്ടുള്ളതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി തുറന്ന കത്തെഴുതുകയും ചെയ്തു.വിപണികള്‍ മുതല്‍ വീടുകള്‍ വരെ, 'ജിഎസ്ടി ബചത് ഉത്സവ്' ആഘോഷത്തിന്റെ ആരവം സൃഷ്ടിച്ചിരിക്കുകയാണ്. ഒപ്പം ചെലവുകള്‍ കുറഞ്ഞത് ഓരോ വീട്ടിലും തിളക്കമാര്‍ന്ന പുഞ്ചിരിയും ഉറപ്പാക്കുന്നുവെന്നും പത്രങ്ങളിലെ ഒന്നാം പേജ് വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.
നവരാത്രി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി ജിഎസ്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് രാജ്യത്തിന് തുറന്ന കത്തെഴുതിയിരിക്കുന്നത്.
'പരിഷ്കാരങ്ങള്‍ എല്ലാ മേഖലകളിലും സമ്പാദ്യം വര്‍ദ്ധിപ്പിക്കും. സംരംഭകരെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും (MSME) പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും ഇത് സഹായിക്കും' മോദി വ്യക്തമാക്കി.
പരിഷ്കാരങ്ങള്‍ക്ക് മുന്‍പും ശേഷവുമുള്ള നികുതികള്‍ സൂചിപ്പിക്കുന്ന 'അന്നും ഇന്നും' ബോര്‍ഡുകള്‍ വിവിധ കടയുടമകളും വ്യാപാരികളും സ്ഥാപിക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍, 25 കോടിയിലധികം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ന്ന് മധ്യവര്‍ഗ്ഗത്തിലേക്ക് എത്തുകയും, സാമ്പത്തികമായി ശാക്തീകരിക്കപ്പെടുകയും ചെയ്തുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനത്തിന് നികുതി ഇല്ലാതാക്കുന്ന ആദായനികുതി ഇളവ് നല്കി മധ്യവര്‍ഗത്തെയും ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ആദായനികുതി ഇളവുകളും ജിഎസ്ടി പരിഷ്കാരങ്ങളും സംയോജിപ്പിച്ചാല്‍, ജനങ്ങള്‍ക്ക് ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ സമ്പാദ്യമാകും. നിങ്ങളുടെ ഗാര്‍ഹിക ചെലവുകള്‍ കുറയുകയും, ഒരു വീട് പണിയുക, വാഹനം വാങ്ങുക, വീട്ടുപകരണങ്ങള്‍ വാങ്ങുക, പുറത്തുനിന്ന് ഭക്ഷണം കഴിക്കുക, അല്ലെങ്കില്‍ ഒരു കുടുംബ യാത്ര ആസൂത്രണം ചെയ്യുക തുടങ്ങിയ അഭിലാഷങ്ങള്‍ നിറവേറ്റുന്നത് എളുപ്പമാവുകയും ചെയ്യും' പ്രധാനമന്ത്രി മോദി പറഞ്ഞു.
2047-ഓടെ വികസിത ഭാരതം എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും അത് നേടുന്നതിന് സ്വാശ്രയത്വത്തിന്റെ പാത അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പരിഷ്കാരങ്ങള്‍ നമ്മുടെ പ്രാദേശിക നിര്‍മ്മാണ അടിത്തറയെ ശക്തിപ്പെടുത്തുകയും ആത്മനിര്‍ഭര്‍ ഭാരതത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. 'മെയ്ഡ് ഇന്‍ ഇന്ത്യ' ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് കടയുടമകളോടും വ്യാപാരികളോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.